‘ആറ് വര്‍ഷത്തിന് ശേഷം ജോര്‍ജ് കുട്ടിയും കുടുംബവും എന്ത് ചെയ്യുന്നു?’ ദൃശ്യം രണ്ടില്‍ ഇതൊക്കെയെന്ന് ജിത്തു ജോസഫ്

കൊലപാതകത്തിന് 6 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ജൊര്‍ജ് കുട്ടിയുടേയും കുടുംബത്തിന്റേയും ജീവിതമായിരിക്കും ചിത്രത്തിലുണ്ടാവുകയെന്ന് സംവിധായകന്‍ ജിത്തു ജോസഫ്. ദൃശ്യം ഒന്നില്‍ നിന്നും തികച്ചും വ്യത്യസ്തമായ ചിത്രം കഥാപാത്രങ്ങള്‍ കടന്നുപോകുന്ന തീവ്രകഥാസന്ദര്‍ഭങ്ങളുടെ അവതരണമായിരിക്കുമെന്നും സംവിധാകന്‍ കൂട്ടിച്ചേര്‍ത്തു.

ദൃശ്യം 2 പൂര്‍ണമായും ഒരു കുടുംബചിത്രമായിരിക്കും. ഒന്നാംഭാഗവും അങ്ങനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മാത്രമാണ് അതില്‍ കൂടുതിലായുണ്ടായിരുന്നത്. പക്ഷേ 2ല്‍ അതുമുണ്ടാകില്ല. കൊലപാതകത്തിന് 6 വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ് കുട്ടിയും കുടുംബവും എന്ത് ചെയ്യുന്നു, അവരുടെ മാനസിക സംഘര്‍ഷങ്ങള്‍, നാട്ടുകാര്‍ക്ക് കുടുംബത്തോടുള്ള സമീപനം, പോലിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍, അത് അവര്‍ എങ്ങനെ നേരിടുന്നു എന്നതൊക്കെയായിരിക്കും ചിത്രത്തില്‍ അവതരിപ്പിക്കുക. അതിനിടയില്‍ ഒരു സാധാരണക്കാരന്റെ ജീവിതം കടന്നുപോകുന്ന പ്രശ്നങ്ങളും അവതരിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളുള്ള ഒരു കുടുംബചിത്രമായിരിക്കും ദൃശ്യം രണ്ടെന്നും 2020 കൊവിഡ് കാലമായതിനാല്‍ 2019ന്റെ പശ്ചത്തലത്തിലായിരിക്കും ചിത്രം ഒരുങ്ങുകയെന്നും ജിത്തു ജോസഫ് പറഞ്ഞു.

‘സംവിധായകനനെന്ന നിലയില്‍ ഏറ്റവും വലിയ വെല്ലുവിളി ദൃശ്യം 1 ന് ഉണ്ടായിരുന്ന ഒരു പ്രത്യേക ഫാന്‍ബേസിനെ തൃപ്തിപ്പെടുത്തുകയായിരിക്കും. ചിത്രത്തിന്റെ അവസാന ഭാഗത്ത് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങുന്ന രംഗമൊക്കെ ആരാധകര്‍ക്കിടയിലുണ്ടാക്കിയ ആവേശമുണ്ട്. അതൊന്നും ദൃശ്യം രണ്ടില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. അതു പ്രതീക്ഷിച്ചുവരുന്ന പ്രേക്ഷകര്‍ക്ക് നിരാശയുണ്ടായേക്കമെങ്കിലും ഒരു സിനിമാപ്രവര്‍ത്തകനെന്ന നിലയില്‍ അത്തരം വെല്ലുലിളികള്‍ ഏറ്റെടുക്കണമായിരുന്നു.ബാക്കിയെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്’
അദ്ദേഹം പറഞ്ഞു.

ആദ്യ ഭാഗം വിജയമായപ്പോഴും 2 ഭാഗത്തിന് സാധിക്കില്ലെന്ന് തന്നെയാണ് കരുതിയത്. ഹിന്ദി റീമേക്കിന് ശേഷമാണ് 2ാം ഭാഗത്തെക്കുറിച്ച് ചിന്തിക്കുന്നതെന്നും പക്ഷേ അപ്പോഴും ഉറപ്പുണ്ടായിരുന്നില്ലെന്നും പറഞ്ഞ അദ്ദേഹം ലോക്ഡൗണ്‍ സമയത്താണ് യഥാര്‍ഥത്തില്‍ കഥ വളര്‍ന്നതെന്ന് പറഞ്ഞു. ആദ്യം ചെയ്തത് രണ്ടാം ഭാഗം ചെയ്യരുതെന്ന് പറഞ്ഞവര്‍ക്ക് കഥ വായിക്കാന്‍ കൊടുക്കുകയായിരുന്നു. അവരെല്ലാം പറഞ്ഞത് ഇത് നല്ല കഥയുള്ള നല്ല ചിത്രമാകുമെന്നാണ്.

എല്ലാം ഒത്തുവന്നാല്‍ ജനുവരിയില്‍ ചിത്രം റിലീസിനെത്തിക്കാമെന്നാണ് കരുതുന്നത്. കൊവിഡിന് ശേഷം പ്രേക്ഷകരെ തിയറ്ററില്‍ എത്തിക്കാന്‍ പാകത്തിനുള്ള ഒരു ചിത്രമായി ഇതുമാറുമെന്നുമുള്ള പ്രതീക്ഷയിലാണ് ചിത്രമൊരുക്കുന്നതെന്നും സിനിമമേഖലയില്‍ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ചിത്രങ്ങള്‍ തിയറ്ററുകളിലെത്തണമെന്നും ജിത്തു ജോസഫ് വ്യക്തമാക്കി. പ്രത്യേക കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പുനരാരംഭിച്ച ദൃശ്യം 2 ന്റെ ഷൂട്ടിംഗ് എട്ടാം ദിവസിത്തിലേക്ക് കടക്കുകയാണ്. കൊവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പാക്കിയിട്ടാണ് താരങ്ങളുള്‍പ്പടെ എല്ലാവരും ചിത്രീകരണത്തിനെത്തുന്നത്.

Also Read: ‘കോഴിപ്പങ്കു’മായി മുഹ്‌സിന്‍ പരാരി; ഒപ്പം ശ്രീനാഥ് ഭാസിയും ശേഖര്‍ മേനോനും

DONT MISS
Top