‘കുട്ടിയെ ഞങ്ങള്‍ക്കിഷ്ടമായി, നിങ്ങളെന്ത് തരും? വീട്ടീന്ന് ഇറങ്ങിപ്പോകാന്‍ അഞ്ചുമിനിറ്റ് തരും’, വൈറലായ വരികള്‍ ബിന്‍സി ബഷീറിന്റേത്

‘കുട്ടിയെ ഞങ്ങള്‍ക്കിഷ്ടമായി, നിങ്ങളെന്ത് തരും? വീട്ടീന്ന് ഇറങ്ങിപ്പോകാന്‍ അഞ്ചുമിനിറ്റ് തരും’. സ്ത്രീധനം മോഹിച്ചെത്തുന്നവര്‍ക്കെതിരെ വാതില്‍ കൊട്ടിയടക്കാന്‍ പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായ ഈ വരികള്‍ കാണാത്തവര്‍ ചുരുക്കമായിരിക്കും. തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി സിവി സെന്റര്‍ സ്വദേശി ബിന്‍സി ബഷീറാണ് വൈറലായ ഈ വരികള്‍ കുറിച്ചത്. ലോക്ഡൗണ്‍ കാലത്ത് സുഹൃത്തായ ദീദി വിശ്വനാഥുമായി ചേര്‍ന്ന് ‘നിഴല്‍മരങ്ങള്‍’ എന്ന ഇന്‍സ്റ്റഗ്രാം പേജ് ബിന്‍സി ആരംഭിച്ചിരുന്നു. ഇതില്‍ പങ്കുവെച്ച വരികളാണ് സുഹൃദ് വലയം കടന്ന് ആയിരക്കണക്കിന് പേരിലേക്ക് എത്തിയത്.

‘ഇതിനു മുന്‍പും ഞാന്‍ പലതും എഴുതി പോസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷെ ഈ വരികള്‍ ഇങ്ങനെ വൈറല്‍ ആകുമെന്ന് വിചാരിച്ചിട്ടേ ഇല്ല..സെലിബ്രിറ്റി ഷെയര്‍ ഒക്കെ വളരെ സന്തോഷം തരുന്നുണ്ട്’, ബിന്‍സി ആഹ്ലാദം മറയ്ക്കുന്നില്ല. അത് പോലെ ഈ വരികള്‍ക്ക് താഴെയായി വന്ന എല്ലാതരം അഭിപ്രായങ്ങളെയും മാനിക്കുന്നു. സ്ത്രീധനം എന്ന ആചാരം ഇല്ലാതാക്കുക തന്നെ വേണം അല്ലാതെ ‘സ്യൂഡോ ഫെമിനിസ്റ്റ്’ ആകാന്‍ വേണ്ടിയല്ല അങ്ങനെ കുറിച്ചത്’, ബിന്‍സി പറയുന്നു .

അഹാന കൃഷ്ണ, ജോസ് അന്നംകുട്ടി ജോസ് അടക്കമുള്ള പല പ്രമുഖരും ഈ വരികള്‍ ഷെയര്‍ ചെയ്തിരുന്നു. വരികള്‍ വൈറലായെങ്കിലും കൂടെ പഠിച്ച ചിലര്‍ക്കും അടുത്തറിയാവുന്നവര്‍ക്കും മാത്രമാണ് ബിന്‍സിയുടേതാണ് ഈ എഴുത്ത് എന്നറിയൂ. തന്റെ പ്രശസ്തിക്കപ്പുറം ഒരു വലിയ സന്ദേശം സമൂഹം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ബിന്‍സി.

Also Read: ഒരു രൂപ പോലും അദ്ദേഹം വാങ്ങിയില്ല; എസ്പിബിയെ ഓര്‍ത്ത് കൗശിക് മേനോന്‍

DONT MISS
Top