കൊവാക്സിൻ : കൊവിഡ് 19 വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഒക്ടോബറിൽ ആരംഭിക്കും

ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന ‘കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഒക്ടോബർ മുതൽ ലഖ്‌നൗയിലും ഗോരഖ്പൂരിലും ആരംഭിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. പൂർണ്ണമായും ദേശീയ നിയന്ത്രണങ്ങൾക്ക് അനുസൃതമായി വികസിപ്പിച്ചെടുത്ത കൊറോണ വൈറസിനെതിരായ പ്രതിരോധ മരുന്നാണ് കൊവാക്സിൻ.

ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഭാരത് ബയോടെക്കുമായി ചേർന്നാണ് കൊവാക്സിൻ വികസിപ്പിക്കുന്നത്. ഉത്തർപ്രദേശ് പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി അമിത് മോഹൻ പ്രസാദ് ആണ് കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തെ കുറിച്ച് പത്രസമ്മേളനത്തിൽ അറിയിച്ചത്.

അതേസമയം, ഉത്തർപ്രദേശിൽ കൊവിഡ്19 നുള്ള പരിശോധനകൾ വർദ്ധിപ്പിക്കണമെന്ന്, കോൺഗ്രസ് നേതാവ് ദീപക് സിംഗ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് മുഖേന അഭ്യർത്ഥിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 61,698 കേസുകൾ ആണ് സംസ്ഥാനത്ത് നിലവിൽ ഉള്ളത്. 3,02,689 പേർ ആരോഗ്യം വീണ്ടെടുത്തപ്പോൾ 5,299 ഓളം പേർ മരണപ്പെട്ടു.

എന്നാൽ വാക്സിൻ ഉത്പാദകരായ ഭാരത് ബയോടെക്, ബുധനാഴ്ച സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനുമായി (ഡബ്ല്യുയുഎസ്എം) കൊവിഡ് 19 നുള്ള ഒരു പുതിയ സിംഗിൾ-ഡോസ് ഇൻട്രനാസൽ വാക്സിന് ലൈസൻസിംഗ് കരാർ പ്രഖ്യാപിച്ചിട്ടുണ്ട് എന്നത് പ്രതീക്ഷക്ക് വക നൽകുന്നതാണ്.

Also Read: കൊവിഡ് കാലത്ത് പാചകമത്സരത്തിന് കോടികള്‍ പൊടിച്ച് സര്‍ക്കാര്‍ ധൂര്‍ത്ത്; ആകെ ചെലവ് 3.32 കോടി; വിധികര്‍ത്താക്കള്‍ക്കളുടെ പ്രതിഫലം ആറ് ലക്ഷം

DONT MISS
Top