‘സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ അന്വേഷണസന്നദ്ധത അറിയിച്ചിട്ടില്ല’; ലൈഫ് മിഷന്‍ ധാരണാപത്രം പരിശോധിക്കുന്നെന്നും വിദേശകാര്യമന്ത്രാലയം

സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ ഇതുവരെയും അന്വേഷണ സന്നദ്ധതയറിയിച്ചിട്ടില്ലെന്നറിയിച്ച് വിദേശകാര്യ മന്ത്രാലയം. ലൈഫ് മിഷന്‍ പദ്ധതിയില്‍ റെഡ് ക്രസന്റുമായുള്ള ധാരണാപത്രം പരിശോധിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.എന്നാല്‍ സുരക്ഷ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ ചൈന പ്രതികരിച്ച്ട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചത്. ആരോപണം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും മുപ്പത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ് ഡേ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങി തന്ത്രപ്രധാന സ്ഥാനങ്ങളിലിരിക്കുന്നവരേയും, കുടുംബാംഗങ്ങളേയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചൈനീസ് ഐടി-വ്യവസായ മന്ത്രലായങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഷെന്‍സെന്‍ ഡേറ്റ ടെക്നോളജിയാണ് നിരീക്ഷണങ്ങള്‍ നടത്തുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഉന്നത ഉദ്യോഗസ്ഥരും ചില മാധ്യമപ്രവര്‍ത്തകരും ചൈന നിരീക്ഷിക്കുന്നവരുടെ പട്ടികയിലുണ്ട്. സാമൂഹിക മാധ്യമങ്ങളിലുടെയാണ് നിരീക്ഷണം നടത്തുന്നതെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍, ഇമെയിലുകളിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ സൂചനകളൊന്നും ഇതേവരെ വ്യക്തമായിട്ടില്ല.

Also Read: ‘അനാദര പ്രസ്താവനകള്‍ വെല്ലുവിളിയായി ഗണിക്കപ്പെടും’; ‘തിരുകേശം ബോഡിവേസ്റ്റ്’ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ കാന്തപുരം

DONT MISS
Top