‘കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 116 പിന്‍വാതില്‍ നിയമനശ്രമം’; എല്ലാറ്റിനും പിന്നില്‍ ജലീലെന്ന് പികെ ഫിറോസ്; ‘സിപിഐഎം ഈത്തപ്പഴം തന്ന് അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു’

സ്വര്‍ണക്കടത്തുകേസ് വിവാദങ്ങളും പ്രതിഷേധങ്ങളും തുടരവെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി പി കെ ഫിറോസ്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 116 അധ്യാപക തസ്തികകളിലേക്ക് പിന്‍വാതില്‍ നിയമനത്തിന് ശ്രമം നടക്കുകയാണെന്നും എല്ലാറ്റിനും പിന്നില്‍ മന്ത്രി ജലീലാണെന്നും യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. അഴിമതി നടത്താനാണ് സിപിഐഎം ശ്രമം. സാധാരണയായി സര്‍വ്വകലാശാല നിയമനങ്ങള്‍ നടത്തുമ്പോള്‍ പഴയ പട്ടിക നികത്തി ഏതൊക്കെ തസ്തികകളിലേക്ക് സംവരണമെന്ന് കൃത്യമായി പറഞ്ഞ് വിജ്ഞാപനമിറക്കേണ്ടതാണ്. പക്ഷെ, യൂണിവേഴ്‌സിറ്റി മാര്‍ച്ച് നാലിന് ഇറക്കിയ ഉത്തരവില്‍ പറയുന്നത് പഴയ പട്ടിക നികത്തേണ്ടതില്ലെന്നാണ്. നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ മാനുവല്‍ ആയിരിക്കണമെന്നും പറയുന്നു. എന്നാല്‍ 2012 മുതല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ രേഖകള്‍ ഡിജിറ്റലൈസ്ഡ് ആണെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി.

ഏതൊക്കെ തസ്തികയിലേക്കാണ് സംവരണം ഉള്ളത് എന്ന് പറയാത്തത് പിന്‍വാതില്‍ നിയമനത്തിന് വേണ്ടിയിട്ടാണ്. നിയമനവും ഉത്തരവും അതുമായി ബന്ധപ്പെട്ട ഫയലുകളും മാനുവല്‍ ആയിരിക്കണമെന്ന് പറയുന്നത് അഴിമതി നടത്താനാണെന്ന് വ്യക്തം.

പി കെ ഫിറോസ്

Also Read: ‘മകനെ തള്ളിപ്പറഞ്ഞ സിഎച്ചിനെ മാതൃകയാക്കണം’; പി ജയരാജന് പിന്നാലെ എംവി ജയരാജനും

നിയമനങ്ങള്‍ പൂര്‍ണമായും പിഎസ്‌സിയ്ക്ക് വിടണം. ‘ബാക്ക് ലോഗ്’ നികത്താതെ ഇരിക്കുന്നതിലൂടെ മുസ്ലീംകള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക സമുദായത്തിന് അര്‍ഹതപ്പെട്ട നിയമനങ്ങളാണ് നിഷേധിക്കപ്പെടുന്നത്. മുസ്ലീം സമുദായമടക്കമുള്ളവര്‍ക്ക് വേണ്ടത് ഈത്തപ്പഴമല്ല. അവകാശങ്ങള്‍ സംരക്ഷിക്കലാണ്. ഈത്തപ്പഴം കാണിച്ച് സമുദായത്തിന്റെ അവകാശം കവര്‍ന്നെടുക്കുന്ന സമീപനമാണ് സിപിഐഎം സ്വീകരിക്കുന്നത്. കേരള യൂണിവേഴ്‌സിറ്റിയില്‍ 2008ല്‍ നടന്ന നിയമനതട്ടിപ്പ് കേസ് എഴുതി തള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. നിയമന തട്ടിപ്പിന് കൂട്ട് നിന്നാല്‍ ഒരു ശിക്ഷയും ലഭിക്കില്ലെന്ന സന്ദേശമാണ് സംസ്ഥാന ഭരണകൂടം ഇതിലൂടെ നല്‍കുന്നതെന്നും പികെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.

Also Read: സഹകരണബാങ്കുകള്‍ റിസര്‍വ്വ് ബാങ്കിന് കീഴിലേക്ക്; ബില്‍ രാജ്യസഭ പാസാക്കി

DONT MISS
Top