‘കൊവിഡ് ബാധിതൻ’ എന്ന പേരിൽ മുങ്ങിയ ഭർത്താവിനെ കാമുകിയുടെ വീട്ടിൽ നിന്നും പൊക്കി പൊലീസ്

കൊവിഡ് ബാധിതനെന്ന് ഭാര്യയോട് വിളിച്ചറിയിച്ച് അപ്രത്യക്ഷനായ യുവാവിനെ മാസങ്ങൾക്ക് ശേഷം കാമുകിയുടെ കൂടെ കണ്ടെത്തി. നവി മുംബൈ സ്വദേശിയായ 28കാരനാണ് ജൂലൈ മാസത്തിൽ താൻ കൊറോണ ബാധിതനാണെന്നു വീട്ടിൽ വിളിച്ചറിയിക്കുകയും ശേഷം കാണാതാവുകയും ചെയ്തത്.

വളരെ നാടകീയമായാണ് ഇയാൾ ഭാര്യയോട് രോഗവിവരം വിളിച്ചറിയിച്ചത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. “എന്റെ കൊറോണ വൈറസ് പരിശോധന റിപ്പോർട്ട് പോസിറ്റീവ് ആണെന്ന് കാണിക്കുന്നു , എനിക്ക് ഇനി ജീവിക്കാൻ കഴിയില്ല.” ആശയക്കുഴപ്പത്തിലായ ഭാര്യ കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നതിനുമുമ്പ്, യുവാവ് കോൾ വിച്ഛേദിക്കുകയായിരുന്നു. തുടർന്ന് ഭാര്യ തന്റെ സഹോദരനെ സഹായത്തിനായി വിളിച്ചുവരുത്തുകയും അവർ പോലീസിനെ സമീപിക്കുകയും ഭർത്താവിനെ കാണാനില്ല എന്ന പരാതി നൽകുകയും ആയിരുന്നു.

അധികം വൈകാതെ കാണാതായ യുവാവിന്റെ ബൈക്ക്, ഹെൽമെറ്റ്, താക്കോൽ, ബാഗ് എന്നിവ വാസിയിലെ ഒരു റോട്ടിൽ നിന്നും കണ്ടെടുത്തു എങ്കിലും ആളെ പറ്റി കൂടുതലായൊന്നും അറിയാൻ പൊലീസിന് ആയില്ല. പരാതി ലഭിച്ചതിന് ശേഷം ആരംഭിച്ച അന്വേഷണത്തിൽ, സമീപ പ്രദേശങ്ങളിൽ നിന്നുള്ള സുരക്ഷാക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയും കാണാതായ വ്യക്തിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു എന്ന് എസിപി വിനായക് വാട്‌സ് പറഞ്ഞു.

Also Read: ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഭാമ; നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയവര്‍

കാണാതായ രാത്രിയിൽ യുവാവ് ‘100’ ഡയൽ ചെയ്തിരുന്നു എന്ന് മനസ്സിലാക്കിയ പൊലീസ് ശത്രുതയുടേയോ, കവർച്ചയുടേയോ ഭാഗമായാണോ ഈ കാണാതാകൽ എന്ന സംശയത്തിന്റെ പേരിൽ പിന്നീട്  അന്വേഷണം തിരിച്ചു വിട്ടു. അങ്ങനെ അധികം വൈകാതെ ഇയാളുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് പൊലീസിന് മനസ്സിലാകുകയും, ഏതാണ്ട് ഒരു മാസത്തെ തിരച്ചിലിന് ശേഷം ഇയാൾ ഇൻഡോറിലാണെന്ന് കണ്ടുപിടിക്കുകയും ആണുണ്ടായത്.

തുടർന്ന് വാസിയിൽ നിന്നും ഒരു പൊലീസ് സംഘം ഇൻഡോറിലേക്കു തിരിക്കുകയും കാണാതായ യുവാവിനെ കാമുകിയോടൊപ്പം കണ്ടെത്തുകയും ആയിരുന്നു. അങ്ങനെ ജൂലൈ 24ന് ആരംഭിച്ച കാണാതാകൽ നാടകത്തിന് സെപ്റ്റംബർ 15 ന് തിരശീല വീണുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Also Read: നെറ്റിസൺസ് കാത്തിരുന്ന ‘സീരിയസ് മെൻ’ന്റെ ട്രെയ്‌ലർ പുറത്തിറക്കി നെറ്റ്ഫ്ളിക്സ്; നായകനായ് നവാസുദ്ദിൻ സിദ്ദിഖി, സംവിധായകൻ സുധീർ മിശ്ര

DONT MISS
Top