പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക് പകരം ചാണ്ടി ഉമ്മനോ? അതോ പത്തനംതിട്ടയിലോ?

നിയമസഭാ സമാജികനായുള്ള അമ്പതാം വാര്‍ഷിക ആഘോഷങ്ങളോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിക്കൊപ്പം മറ്റൊരു താരോദയം കൂടി കോണ്‍ഗ്രസില്‍ ഉണ്ടായേക്കും എന്ന ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ പേരാണ് ഇത്തരത്തില്‍ ഉയര്‍ന്ന് വരുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ വാര്‍ഷികാഘോഷ പരിപാടികളെ ചാണ്ടി ഉമ്മനും ഉപയോഗിച്ചേക്കുമെന്നാണ് സൂചനകള്‍. തന്റെ പിന്‍ഗാമിയായി ഉമ്മന്‍ ചാണ്ടി തന്നെ മകനെ ഉയര്‍ത്തിയെടുക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

നിലവില്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ചാണ്ടി ഉമ്മന്‍ ദല്‍ഹിയില്‍ അധ്യാപകനുമാണ്. നേരത്തെ യൂത്ത് കോണ്‍ഗ്രസില്‍ സംസ്ഥാന ഭാരവാഹിയായി തന്റെ രാഷ്ട്രീയ താല്‍പര്യം ചാണ്ടി ഉമ്മന്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ ഒരു സീറ്റില്‍ ചാണ്ടി ഉമ്മന്‍ മത്സരിച്ചേക്കുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, ഉമ്മന്‍ ചാണ്ടി സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി മത്സരത്തിനിറങ്ങുന്ന അതേ തെരഞ്ഞെടുപ്പില്‍ത്തന്നെ മകന്‍ ഇറങ്ങില്ലെന്ന വാദം മറ്റു ചിലരും ഉന്നയിക്കുന്നുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി തന്നെയാവും ചാണ്ടി ഉമ്മനും തെരഞ്ഞെടുക്കുകയെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാലത്, ഉമ്മന്‍ ചാണ്ടിയുടെ പിന്‍വാങ്ങലിന് ശേഷം മാത്രമാവും.

DONT MISS
Top