‘ക്രിസ്ത്യാനിക്ക് എങ്ങനെ കമ്മ്യൂണിസത്തില്‍ വിശ്വസിക്കാനാകും?’; വിശ്വാസിയുടെ ചോദ്യത്തിന് ഗീവര്‍ഗീസ് കൂറിലോസിന്റെ മറുപടി ഇങ്ങനെ

രാഷ്ട്രീയ നിലപാടുകളും സാമൂഹിക വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങളും തുറന്നുപറയാന്‍ മടിക്കാത്ത ആളാണ് യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. താന്‍ എന്തുകൊണ്ട് ഇടതുപക്ഷ സഹയാത്രികനാണ് എന്നതിനേക്കുറിച്ചും നിരണം ഭദ്രാസനാധിപന്‍ പല തവണ വിശദീകരിച്ചിട്ടുണ്ട്. ക്രിസ്തീയ സഭാ വിശ്വാസത്തിനും കമ്മ്യൂണിസത്തിനും ഇടയിലെ കല്ലുകടിയായി നിരീശ്വരവാദത്തെ പലരും ചൂണ്ടിക്കാണിക്കുന്നതിനേക്കുറിച്ച് തന്റെ നിലപാട് പറഞ്ഞിരിക്കുകയാണ് കൂറിലോസ്. നാളുകളായി ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യം വിശ്വാസികളിലൊരാള്‍ ഫേസ്ബുക്കിലൂടെ വീണ്ടുമെറിഞ്ഞപ്പോഴാണ് യാക്കോബായ പുരോഹിതന്റെ മറുപടി. ‘ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ നിരീശ്വര വാദത്തില്‍ ഉണ്ടാക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ആയി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്ന് സിമ്പിള്‍ ആയി ഒന്ന് പറഞ്ഞു തരാമോ തിരുമേനി?’ എന്ന ചോദ്യത്തിന് കൂറിലോസിന്റെ മറുപടി ഇങ്ങനെ.

“വളരെ ലളിതമായി പറഞ്ഞാല്‍ ബൈബിള്‍ ശരിയായി വായിച്ച് മനസ്സിലാക്കിയാല്‍ മതി. ഞാന്‍ കമ്യൂണിസ്റ്റല്ല, സോഷ്യലിസ്റ്റാണ്. അത് വേദപുസ്തകാധിഷ്ഠിതമാണ്. അതാകട്ടെ ക്യാപ്പിറ്റലിസവുമായി ചേര്‍ന്നു പോകയില്ല. നിരീശ്വരവാദം ഞാന്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ യോജിക്കാവുന്ന ധാരാളം മേഖലകള്‍ ഉണ്ട് . നീതിയുടെയും മര്‍ദ്ദിതരുടെയും പാവപ്പെട്ടവരുടെയും പക്ഷം പിടിക്കുന്നതാണ് ഇടതുപക്ഷവും ക്രിസ്തു വിശ്വാസവും. ക്യാപ്പിറ്റലിസം ധനവാന്‍മാരുടെയും മൂലധനത്തിന്റെയും പക്ഷത്താണ്. അത് ക്രിസ്തുവും ബൈബിളും അംഗീകരിക്കുന്നില്ല.”
ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

‘പുതിയ നിയമം ആണോ പഴയ നിയമം ആണോ?’ എന്ന അടുത്ത ചോദ്യത്തിന് ‘രണ്ടും, പ്രത്യകിച്ച് പുതിയ നിയമം’ എന്ന് യാക്കോബായ ബിഷപ്പ് ചൂണ്ടിക്കാട്ടി. നിയമസഭാംഗത്വത്തില്‍ 50 വര്‍ഷം തികയ്ക്കുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക് ആശംസയര്‍പ്പിച്ചുകൊണ്ട് ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ഇതിന് കീഴെയാണ് വിശ്വാസിയുടെ ചോദ്യം കമന്റായെത്തിയത്.

Also Read: ജലീലിന് പിന്തുണ ആവര്‍ത്തിച്ച് സിപിഐഎം ഒന്നാം പ്രതി വി മുരളീധരനെന്ന് എംവി ഗോവിന്ദന്‍

ഗീവര്‍ഗീസ് കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘ഞാന്‍ ഒരു കോണ്‍ഗ്രസുകാരനല്ല എന്നു മാത്രമല്ല ഒരു സോഷ്യലിസ്റ്റും ഇടതുപക്ഷ സഹയാത്രികനുമാണ്. എങ്കിലും ഉമ്മന്‍ ചാണ്ടി എന്ന നേതാവിനോട് എന്നും ആദരവും സ്‌നേഹവുമാണ്. രാഷ്ട്രീയത്തിന് അതീതമായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച വ്യക്തിത്വം. ഉമ്മന്‍ ചാണ്ടി എന്നാല്‍ പുതുപ്പള്ളി എന്നും പുതുപ്പള്ളി എന്നാല്‍ ഉമ്മന്‍ ചാണ്ടി എന്നും അര്‍ത്ഥം. പുതുപ്പള്ളി മണ്ഡലത്തിലെ നാലുന്നാക്കല്‍ സ്വദേശിയായ എന്റെ എംഎല്‍എ കൂടിയാണ് ഉമ്മന്‍ ചാണ്ടി സാര്‍. മണ്ഡലത്തിലെ ഓരോ വ്യക്തിയെയും പേര് വിളിച്ച് ഇടപെടാന്‍ കഴിയുന്ന അപൂര്‍വ നേതാക്കളില്‍ ഒരാള്‍. ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന ജനകീയതയുടെ ആള്‍രൂപം. മരണമാകട്ടെ, വിവാഹമാകട്ടെ, മറ്റ് ആവശ്യങ്ങളാകട്ടെ ഉമ്മന്‍ ചാണ്ടി സാറിന്റെ സാന്നിദ്ധ്യം എല്ലാവരും പ്രതീക്ഷിക്കും; അവരാരും ഇന്നുവരെ നിരാശരായിട്ടുമില്ല. ഞങ്ങളുടെ ഭിന്നശേഷിയുള്ള കുട്ടികളുടെ ‘തീരം’ എന്ന പ്രസ്ഥാനത്തിന്റെ കേന്ദ്ര ആസ്ഥാനം ഉമ്മന്‍ ചാണ്ടി സാറിന്റെ പുതുപ്പള്ളിയിലെ വീടിന്റെ സമീപമാണ്. അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും സഹായങ്ങളും ഞങ്ങള്‍ എന്നും സ്മരിക്കും. ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ച് നിയമസഭാംഗമായി അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുക എന്നത് അത്യപൂര്‍വ്വ നേട്ടമാണ്. വളരെ സന്തോഷത്തോടെ ഉമ്മന്‍ ചാണ്ടി സാറിനെ ഈ നേട്ടത്തില്‍ അഭിനന്ദിക്കുകയും തുടര്‍ന്നും ആയുരാരോഗ്യ സൗഖ്യത്തോടെ പൊതു മണ്ഡലത്തില്‍ സേവനം ചെയ്യുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.’

Also Read: ഒടിടി റിലീസിനൊരുങ്ങി ‘നിശബ്ദം’: ബഹുഭാഷ ചിത്രത്തില്‍ അനുഷ്‌കയും മാധവനും ഒന്നിക്കുന്നു

DONT MISS
Top