ഒടിടി റിലീസിനൊരുങ്ങി ‘നിശബ്ദം’: ബഹുഭാഷ ചിത്രത്തില്‍ അനുഷ്‌കയും മാധവനും ഒന്നിക്കുന്നു

ആര്‍ മാധവനും അനുഷ്‌ക ഷെട്ടിയും സുപ്രധാന വേഷങ്ങളില്‍ എത്തുന്ന ബഹുഭാഷ ചിത്രം ‘നിശബ്ദം’ തിയറ്റര്‍ റിലീസ് ഒഴിവാക്കി ഒടിടി റിലീസിന് ഒരുങ്ങുന്നു. കൊവിഡ് വ്യാപനം കുറയുമെന്നും എത്രയും വേഗം തിയറ്ററുകള്‍ തുറക്കാന്‍ സാധിക്കും എന്നുമുളള വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ചിത്രം ഒടിടിയില്‍ (ഓവര്‍ ദ് ടോപ്) റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.

ഹേമന്ത് മധുര്‍കര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ റിലീസ് സംബന്ധിച്ചുളള ഔദ്യോഗിക അറിയിപ്പ് വ്യാഴാഴ്ചയുണ്ടാവും. 2020 ജനുവരി 31ന് തിയറ്ററില്‍ എത്താനിരുന്ന ചിത്രത്തിന്റ റിലീസ് പിന്നീട് ഏപ്രില്‍ 2ലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച് ആറിന് അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ ട്രെയിലറും പങ്കുവെച്ചിരുന്നു.

തെലുങ്കിലും തമിഴിലും ഒരേസമയം ചിത്രീകരിച്ച ഒരു ത്രില്ലര്‍ സിനിമയാണ് ‘നിശബ്ദം’. ചിത്രത്തില്‍ അനുഷ്‌ക ഷെട്ടി ‘സാക്ഷി’ എന്ന ഊമയായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആന്റണിയായി എത്തുന്നത് ആര്‍ മാധവനാണ്. തെലുങ്കിലും ഹിന്ദിയിലും ‘നിശബ്ദം’ എന്ന പേരില്‍ റിലീസ് ചെയ്യുന്ന ചിത്രം ‘സൈലന്‍സ്’ എന്ന പേരിലാണ് മലയാളത്തിലും തമിഴിലും എത്തുന്നത്.

ശാലിനി പാണ്ഡെ, പിഡി സുബ്ബരാജു, ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സണ്‍, അഞ്ജലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Also Read: ‘പറഞ്ഞ് മനസിലാക്കാന്‍ അമ്മ പെങ്ങന്‍മാരും ഇല്ലേടെ’; അനശ്വരയെ പിന്തുണച്ച് അനിലും

DONT MISS
Top