‘ഡിജിറ്റല്‍ മീഡിയക്ക് ആദ്യം കടിഞ്ഞാണിടൂ’; ‘യുപിഎസ്‌സി ജിഹാദ് ഷോ’ കേസില്‍ സുപ്രീം കോടതിയോട് കേന്ദ്രം

മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്ന വിധത്തില്‍ സുദര്‍ശന്‍ ടിവി പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്ന ‘ബിന്ദാസ് ബോല്‍’ എന്ന പരിപാടിക്ക് സുപ്രിം കോടതി വിലക്കേര്‍പ്പെടുത്തിയതിന് എതിരെ കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം. സമൂഹമാധ്യമങ്ങളും,ഓൺലൈൻ വാർത്താ മാധ്യമങ്ങളും അടങ്ങുന്ന ഡിജിറ്റൽ മീഡിയയെ ആണ് ആദ്യം നിയന്ത്രണത്തിൽ കൊണ്ട് വരേണ്ടത് എന്നാണ്, കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം സുപ്രിം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ടെലിവിഷനോ, മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങൾക്കോ സാധിക്കുന്നതിലും കൂടുതൽ സ്വാധീനം ജനങ്ങളിൽ സൃഷ്ടിക്കാൻ ഡിജിറ്റൽ മീഡിയക്ക് സാധിക്കുന്നുണ്ട് എന്ന നിഗമനത്തിൽ ആണ് വാർത്താ പ്രക്ഷേപണ മന്ത്രാലയം ഇങ്ങനെ ആവശ്യപ്പെട്ടത്.

മാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷം പരത്തുന്നു എന്ന വിഷയത്തിൽ കോടതി പ്രത്യേക അമിക്കസിന്റെ സഹായമില്ലാതെ ചട്ടങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ടതില്ല എന്നാണ് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അഭിപ്രായം. ഇനി അത്തരം നിയന്ത്രണങ്ങൾ ചുമത്താൻ ഉദ്ദേശിക്കുന്നെങ്കിൽ ആദ്യം ഡിജിറ്റൽ മാധ്യമങ്ങൾക്ക് കടിഞ്ഞാൺ ഇടൂ എന്നും കേന്ദ്ര മന്ത്രാലയം ആവശ്യപ്പെടുന്നു. ടെലിവിഷന്റെയും, മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളുടെയും പ്രവർത്തനത്തിനായി ചട്ടങ്ങളും നിയന്ത്രണങ്ങളും വിധിന്യായങ്ങളും മുൻപേ തന്നെ രൂപീകൃതമായിട്ടുണ്ട് എന്നാണ് കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ മന്ത്രാലയം അഭിപ്രായപ്പെടുന്നത്.

മുഖ്യധാരാ ഇലക്ട്രോണിക് മാധ്യമങ്ങൾക്കു മാത്രമായി ഇത്തരം നിയന്ത്രണങ്ങൾ ചുരുക്കരുതെന്നും, മറ്റ് അച്ചടി മാധ്യമങ്ങൾക്കും, സമാന്തര പാത പിന്തുടരുന്ന ഡിജിറ്റൽ മാധ്യമങ്ങളെയും, വാർത്ത പോർട്ടലുകൾ, യു ട്യൂബ് ചാനലുകൾ, ഒടിടി പ്ലാറ്റ്ഫോമുകൾ എന്നിവക്കും ഇത്തരം നിയന്ത്രണങ്ങൾ ബാധകമാക്കണം എന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Also Read: ‘ജലീല്‍ സ്വര്‍ണം കടത്തിയതിന്റെ സ്ഥിരീകരണം’; രാജിവെപ്പിക്കണമെന്ന് കെ സുരേന്ദ്രന്‍

‘ബിന്ദാല്‍ ബോല്‍’ എന്ന പരിപാടി സാമുദായിക വിദ്വേഷം പരത്തുകയാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയേത്തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി പരിപാടി സ്റ്റേ ചെയ്തിരുന്നു. കേബിള്‍ ടിവി ആക്ടിലെ ചട്ടങ്ങള്‍ ലംഘിക്കുന്നതാണ് പരിപാടിയുടെ ട്രെയിലറെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഹര്‍ജിയില്‍ കേന്ദ്രത്തിന്റെ നിലപാട് ഹൈക്കോടതി ആരാഞ്ഞതിനേത്തുടര്‍ന്ന് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ചാനലിന് നോട്ടീസയച്ചു. പരിപാടി പ്രക്ഷേപണം ചെയ്യുന്നതിന് മുന്നേ വിലക്ക് ഏര്‍പ്പെടുത്തുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ചാനലിന്റെ വാദം. തുടർന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം സംപ്രേക്ഷണത്തിന് വീണ്ടും അനുമതി നല്‍കുക ആയിരുന്നു.

ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് മുസ്ലിം വിഭാഗക്കാര്‍ സിവില്‍ സര്‍വീസിലെത്തുന്നത് എന്ന് പറയുന്ന പരിപാടി യുപിഎസ് സിയുടെ വിശ്വാസ്യതയെ കൂടിയാണ് ചോദ്യം ചെയ്യുന്നതെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഐഎഎസ്, ഐപിഎസ് തസ്തികകളിലേക്ക് ഈയിടെയായി മുസ്ലിം ഉദ്യോഗസ്ഥരുടെ എണ്ണം കൂടുന്നതിനു കാരണം ‘യുപിഎസ്‌സി ജിഹാദാ’ണെന്നാണ് സുദര്‍ശൻ ടിവിയുടെ ആരോപണം.

സുദര്‍ശന്‍ ടിവിയുടെ ചീഫ്‌ എഡിറ്ററും മാനേജിംഗ്‌ എഡിറ്ററുമായ സുരേഷ്‌ ചവാങ്കെ അവതരിപ്പിക്കുന്ന പ്രോഗ്രാം പ്രഥമദൃഷ്ട്യാ തന്നെ മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്ന്‌ കോടതി നിരീക്ഷിച്ചിരുന്നു. ഇത്‌ ഇന്ത്യയുടെ സമുദായ സൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണ്‌. അതിനാല്‍ ആ പ്രോഗ്രാം ഒരു രൂപത്തിലും സംപ്രേഷണം ചെയ്യരുതെന്ന്‌ കോടതി ഉത്തരവില്‍ പറഞ്ഞു.

Also Read: ‘എന്റെ വക 25’; ജലീലിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് ക്യാമ്പയിനുമായി വിടി ബല്‍റാം

DONT MISS
Top