വീണ്ടും ചോദ്യം ചെയ്യല്‍; മന്ത്രി ജലീല്‍ എന്‍ഐഎ ഓഫീസില്‍

മന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. പുലര്‍ച്ചെ ആറ് മണിയോടെ സ്വകാര്യ കാറിലാണ് മന്ത്രി കൊച്ചി എന്‍ഐഎ ഓഫീസിലേക്കെത്തിയത്. നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥങ്ങള്‍ എത്തിയതിനേക്കുറിച്ചുള്ള വിവരങ്ങളാണ് കേന്ദ്ര ഏജന്‍സി തേടുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ദേശീയ അന്വേഷണ ഏജന്‍സിയും മന്ത്രിയുടെ മൊഴിയെടുക്കുന്നത്.

നയതന്ത്ര പാഴ്‌സല്‍ കേന്ദ്ര അനുമതി വാങ്ങാതെ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസും മന്ത്രിയുടെ മൊഴിയെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എന്‍ഐഎ കഴിഞ്ഞദിവസം ഇഡി ഓഫീസില്‍ എത്തി വിവരങ്ങള്‍ തേടിയിരുന്നു. മന്ത്രി കെ ടി ജലീല്‍ അടക്കം എട്ട് പേരുടെ വിവരങ്ങളാണ് സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന പ്രത്യേക എന്‍ഐഎ സംഘം തേടിയത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തലുകള്‍, മൊഴികള്‍ എന്നിവ സംഘം പരിശോധിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ ഡയറക്ടര്‍ സുശീല്‍ കുമാര്‍ ഇന്നലെ കൊച്ചിയില്‍ എത്തിയിരുന്നു..സ്വര്‍ണ്ണക്കടത്ത് കേസ് പുരോഗതി വിലയിരുത്താനാണ് ഇഡി സ്‌പെഷ്യല്‍ ഡയറക്ടര്‍ സുശീല്‍ കുമാര്‍ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്തിയത്. തുടര്‍ന്ന് അന്വേഷണ സംഘവുമായി സ്‌പെഷ്യല്‍ ഡയറക്ടര്‍ കൂടിക്കാഴ്ച നടത്തി. കേസിന്റെ തല്‍സ്ഥിതി അടക്കമുള്ള കാര്യങ്ങളെ കുറിച്ച് വിശദമായി ഇ ഡി സ്‌പെഷ്യല്‍ ഡയക്ടര്‍ ചോദിച്ചറിഞ്ഞു എന്നാണ് വിവരം. അവസാന ഘട്ടത്തില്‍ ചോദ്യം ചെയ്ത് വിട്ടയച്ച മന്ത്രി കെ ടി ജലീല്‍ അടക്കമുള്ള എട്ടു പേരുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലും ഇഡിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടയിലാണ് ഇഡി സ്‌പെഷ്യല്‍ ഡയറക്ടറുടെ സന്ദര്‍ശനം. മറ്റ് കേന്ദ്രാന്വേഷണ ഏജന്‍സികളുമായി സുശീല്‍ കുമാര്‍ കൂടിക്കാഴ്ചയും നടത്തും.

ആദ്യമായാണ് ഒരു മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. ഇഡി ചോദ്യം ചെയ്ത വിവരം പുറത്തായതോടെ ജലീലിന്റെ രാജി ആവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധങ്ങള്‍ സംസ്ഥാന വ്യാപകമായി തുടരുകയാണ്. ജലീലിന് ക്ലീന്‍ ചിറ്റില്ല എന്ന് ഇഡി വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ വീണ്ടും സമ്മദര്‍ദ്ദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കേന്ദ്ര ഏജന്‍സിയും മന്ത്രിയെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നത്.

Also Read: സെക്രട്ടറിയേറ്റിലെ തീ: ‘കാരണം ഷോര്‍ട് സര്‍ക്യൂട്ട്’; അട്ടിമറിയില്ലെന്ന് വിദഗ്ധസസമിതിയും

DONT MISS
Top