മുഖ്യമന്തി പിണറായി വിജയന്‍ കള്ളക്കടത്ത് നടത്തിയെന്ന് പറഞ്ഞാല്‍ കേരളത്തില്‍ ആരും വിശ്വസിക്കില്ല: ജോയ് മാത്യു

മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളക്കടത്ത് നടത്തിയെന്ന് പറഞ്ഞാല്‍ കേരളത്തിലാരെയും പോലെ താനും വിശ്വസിക്കില്ലെന്ന് നടന്‍ ജോയ് മാത്യു. കേരള സര്‍ക്കാര്‍ നേരിടുന്ന ആരോപണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ ചിലര്‍ ഉപയോഗിച്ചുവെന്നും കൂടെ നിന്നവര്‍ തന്നെ ചതിച്ചെന്നും പറഞ്ഞ ജോയ് മാത്യു മുഖ്യമന്ത്രിക്ക് ചതിവു സംഭവിക്കാതെ സ്വപ്‌നസുരേഷും ശിവശങ്കരനും കള്ളക്കടത്തില്‍ ഉള്‍പ്പെടുമോ എന്ന് ചോദിക്കുന്നു.

‘കെ ടി ജലീല്‍ സ്വര്‍ണ്ണക്കടത്ത് നടത്തുമെന്ന് വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന് വിദ്യാഭ്യാസവും വിവരവും രാഷ്ടീയ ജ്ഞാനവുമുണ്ട്. ഇത്തരം പ്രവര്‍ത്തികളുടെ ഭവിഷ്യത്തുമറിയാം, മാത്രമല്ല കെ ടി ജലീലിന് സ്വര്‍ണ്ണം കടത്തി ജീവിക്കേണ്ട അവസ്ഥയുമില്ല അദ്ദേഹം അത് ചെയ്യുകയുമില്ല. എന്നാല്‍ മന്ത്രി പാലിക്കേണ്ട ചില നിയമങ്ങളും പ്രോട്ടോക്കോളുകളും ഉണ്ടായിരുന്നു അതില്‍ പറ്റിയ വീഴ്ചയാണ് വിമര്‍ശിക്കുന്നത്’, ജോയ് മാത്യു പറഞ്ഞു.

നികുതിദായകരായ നമ്മള്‍ തിരഞ്ഞെടുത്ത നമ്മുടെ സ്വത്തായതിനാലാണ് ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നതെന്നും ഇതില്‍ വ്യക്തി വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ മാധ്യമങ്ങളെ ഒളിച്ച് നടക്കുക, പുച്ഛിക്കുക, കള്ളം പറയുക തുടങ്ങിയ നീക്കങ്ങളെയാണ് വിമര്‍ശിക്കേണ്ടി വരുന്നത്, അദ്ദേഹം പറഞ്ഞു.

ഇത്തരം നടപടികള്‍ സര്‍ക്കാരിന്റെ സുതാര്യത ആണ് നഷ്ടമാക്കുന്നത്. ഒരു മാധ്യമത്തിന് പ്രത്യേകമായി കൊടുത്ത അഭിമുഖത്തിന് പകരം പത്രസമ്മേളനത്തിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ സുതാര്യത നഷ്ടപ്പെടില്ലായിരുന്നു. മുറ്റത്ത് കൊണ്ടുവന്ന് കലമുടച്ച അവസ്ഥയാണിപ്പോള്‍ പിണറായി സര്‍ക്കാരിന്റേത്. നാല് വര്‍ഷം കൊണ്ട് ഗവണ്‍മെന്റ് ചെയ്ത നല്ല കാര്യങ്ങള്‍ സ്വര്‍ണ്ണക്കടത്തോടെ നഷ്ടമായി.

നിപ്പ, പ്രളയം എന്നിവ വിജയകരമായി നേരിട്ട ഗവണ്‍മെന്റ് കൊവിഡിന്റെ തുടക്കകാലങ്ങളിലും ഒരുപാട് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.  പക്ഷേ അതൊക്കെ സ്വര്‍ണ്ണക്കടത്തും അതില്‍ ഉള്‍പ്പെട്ടവരും ചേര്‍ന്ന് നഷ്ടമാക്കി. സര്‍ക്കാര്‍ അവരെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നില്ലെങ്കിലും അതില്‍ നിന്ന് കരകയറാനുള്ള ബുദ്ധിമുട്ടാണ് ഇപ്പോള്‍ കാണുന്നത്, ജോയ് മാത്യു പറഞ്ഞു.

രാഷ്ടീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാനാണ് തീരുമാനം. എല്ലാ പാര്‍ട്ടികളായും നല്ല ബന്ധമുണ്ട്. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ മുന്‍പ് ഒരിക്കല്‍ കാണാന്‍ വന്നിരുന്നു അതൊക്കെ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ്. മോദി മന്ത്രിസഭ തിരഞ്ഞെടുത്ത കേരളത്തിലെ 25 പ്രമുഖരില്‍ വി മുരളീധരനും സുരേഷ് ഗോപിയ്ക്കും ഒപ്പം തന്നെയും പരിഗണിച്ചത് എന്റെ സാമൂഹിക പ്രതിബദ്ധ അറിയാവുന്നത് കൊണ്ടാണെന്ന് മന്ത്രി അന്ന് പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ല് വന്നപ്പോള്‍ മുസ്ലീം ലീഗുകാര്‍ വിളിച്ചു. സിപിഎമായും സിപിഐയുമായും നല്ല ബന്ധമാണ്. ഡിവൈഎഫ്‌ഐയുടെ ദുരിതാശ്വാസ ക്യാമ്പ് ഉത്ഘാടനത്തിനും കെപിസിസി ഓഫീസില്‍ പരിസ്ഥിതി ദിനത്തില്‍ ചെടി നടാനും പോയിട്ടുണ്ട്. അത്തരത്തില്‍ നമ്മുടെ അഭിപ്രായം പരിഗണിക്കുന്ന രാഷ്ട്രീയക്കാരുണ്ട്. അത് കൊണ്ടാണ് രാഷ്ടീയത്തില്‍ സജീവമാകണമെന്ന് കരുതുന്നത്, ജോയ് മാത്യു വ്യക്തമാക്കി.

Also Read: ഋത്വിക് റോഷന്‍ തന്റെ ബയോപികില്‍ അഭിനയിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്ന് ദാദ

DONT MISS
Top