ഇന്ത്യൻ സംസ്കാരത്തിന്റെ ഉത്ഭവവും പരിണാമവും പഠിക്കാനുള്ള സമിതിയിൽ ന്യൂനപക്ഷക്കാരും ദളിതരും ഉൾപ്പെടാത്തതെന്തേ?’, കനിമൊഴി

ഇന്ത്യൻ സംസ്കാരത്തിന്റെ ഉത്ഭവവും പരിണാമവും പഠിക്കാൻ സർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സമിതിയിൽ ന്യൂനപക്ഷ-ദലിത് സമുദായങ്ങളിലെ അംഗങ്ങളെ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് എംപി കനിമൊഴി. “ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ടവരോ, ദലിതരോ ഒന്നും ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് സംസാരിക്കേണ്ടതില്ലേ, അതോ അവർ യോഗ്യരല്ലേ..? “,അവർ തമിഴിൽ ട്വീറ്റ് ചെയ്തു. തൂത്തുക്കുടി നിയോജക മണ്ഡലത്തിൽ നിന്നുള്ള ദ്രാവിഡ മുന്നേറ്റ കഴകം എംപിയാണ് കനിമൊഴി.

12,000 വർഷത്തിലേറെ പഴക്കമുള്ള ഇന്ത്യൻ സംസ്കാരത്തിന്റെ ഉത്ഭവവും പരിണാമവും സംബന്ധിച്ച് 16 അംഗസമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് പാർലമെന്റിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേൽ രേഖാമൂലം അറിയിച്ചിരുന്നു. ഭാരതീയ സംസ്കാരത്തിന് ലോക സംസ്കാരങ്ങളുമായുള്ള ഇടപഴകൽ മൂലമുണ്ടായ മാറ്റങ്ങളും സമിതിയുടെ പരിഗണനയിൽ വരുന്ന വിഷയമാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ഇതേ തുടർന്നാണ് ന്യൂനപക്ഷക്കാരോ, ദളിതരോ  ഈ സമിതിയിൽ ഉൾപ്പെടാത്തത് എന്ന് കനിമൊഴി ചോദിച്ചത്.

Also Read: വീണ്ടും ഫഹദും, ദര്‍ശനയും ഒപ്പം സൗബിനും: ചിത്രീകരണം ആരംഭിച്ച് ‘ഇരുള്‍’

കെ എൻ ദിക്ഷിത്,ബി ആർ മണി, ആർഎസ് ബിഷ്ട് തുടങ്ങിയ പുരാവസ്തു ഗവേഷകർ, റിട്ടയേർഡ് ജഡ്ജിയായ മുകുന്ദകം ശർമ്മ, സംസ്‌കൃതഭാഷ വിദഗ്ധരായ ആറ് പ്രൊഫസ്സർമാർ, ചരിത്രത്തെ ഭരണകക്ഷിക്ക് അനുകൂലമാക്കി തീർക്കുന്നു എന്ന ആരോപണം നേരിടുന്ന മഖൻലാൽ എന്ന ചരിത്രകാരൻ തുടങ്ങിയവരാണ് നിലവിൽ സമിതിയിൽ ഉൾപെട്ടിട്ടുള്ളത്. എന്നാൽ പ്രസ്തുത പാനലിൽ ഒരു സ്ത്രീ പോലും ഉൾപ്പെട്ടിട്ടില്ല.

മതഭ്രാന്ത്, ജാതിചിന്ത, പുരുഷാധിപത്യ സമീപനം എന്നിവയിൽ അടിയുറച്ച ഒരു സർക്കാരിന്റെ തെളിവാണ് ഈ സമിതി എന്ന് പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ ടിഎം കൃഷ്ണ പ്രസ്താവിച്ചു. ഒരു സംസ്കാരത്തെയാണ് ഇത് ഏറ്റവും ദോഷകരമായ് ബാധിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിൻറെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ നിന്നോ, ദക്ഷിണേന്ത്യയിൽ നിന്നോ, സ്ത്രീ ഗവേഷകരിൽ നിന്നോ ഒരു വ്യക്തിയെ പോലും സമിതിയിലേക്ക് പരിഗണിക്കാത്തതിൽ വലിയൊരു വിഭാഗം ജനതയിൽ നിന്നും കേന്ദ്ര സർക്കാരിന് വിമർശനം നേരിടേണ്ടി വരുന്നുണ്ട്.

Also Read: മോഹന്‍ലാലിനൊപ്പമുളള ആദ്യ ചിത്രം പങ്കുവെച്ച് വിദ്യാ ബാലന്‍

DONT MISS
Top