അറബ്-ഇസ്രായേൽ സന്ധി: പലസ്തീനിൽ പ്രതിഷേധം; ‘പശിമേഷ്യയിൽ സമാധാനം വേണമെങ്കിൽ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുക’

ഇസ്രയേലുമായുള്ള യുഎഇ , ബഹ്‌റൈൻ കരാറുകളെ അപലപിച്ചു കൊണ്ട് നൂറു കണക്കിന് പലസ്തീനികൾ ഗാസ മുനമ്പിലും,അധിനിവേശ പ്രദേശങ്ങളിലും പ്രതിഷേധിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ വൈറ്റ് ഹൗസിൽ വെച്ചാണ് യുഎഇ, ബഹ്‌റൈൻ ഉദ്യോഗസ്ഥരുമായി ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യനാഹു ഉടമ്പടി ഒപ്പിട്ടത്. അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിൽ കാൽനൂറ്റാണ്ടിനുള്ളിൽ നടന്ന ആദ്യത്തെ സുപ്രധാന കരാറാണ് ഇത്.

കൊറോണ പശ്ചാത്തലത്തിൽ ഗാസയിലെ ഹെബ്രോണിലും നാബ്ലസ്സിലും നടന്ന പ്രതിഷേധത്തിൽ,പലസ്തീനിയൻ പതാകയെ മുറുകെ പിടിച്ചും, ഫേസ് മാസ്കുകൾ ധരിച്ചുമാണ് സമരക്കാർ പങ്കെടുത്തത്. ഗാസ-ജെറിക്കോ കരാറിനെത്തുടർന്ന് 1994 ൽ സ്ഥാപിതമായ ഇടക്കാല സ്വയംഭരണ സ്ഥാപനമായ പലസ്തീൻ നാഷണൽ അതോറിറ്റിയുടെ ആസ്ഥാനത്തും പ്രതിഷേധം സംഘടിപ്പിച്ചു.

രാജ്യദ്രോഹം എന്നർത്ഥം വരുന്ന ‘ട്രീസൺ’ എന്ന വാക്ക് ഉപയോഗിച്ചും, നാണക്കേടിന്റെ കരാർ, അധിനിവേശക്കാരുമായ് സന്ധിയില്ല എന്നൊക്കെ എഴുതിയ ബാനറുകൾ ഉപയോഗിച്ചുമാണ് സമരക്കാർ ഈ ഉടമ്പടിക്കെതിരെ പ്രതിഷേധിച്ചത്.‌

Also Read: ഉമ്മന്‍ ചാണ്ടിയോട് വിയോജിപ്പുണ്ടെന്ന് മമ്മൂട്ടി; അത് ഇക്കാര്യത്തില്‍

ഇസ്രായേലി ഉപരോധത്തിനെതിരെ പ്രതിഷേധിച്ചു എന്ന ഒറ്റ കാരണം കൊണ്ട് അംഗവിഹീനരായ ആയിരകണക്കിന് ചെറുപ്പക്കാരെ നിങ്ങൾക്ക് ഗാസയുടെ തീരങ്ങളിൽ കാണാനാകുമെന്ന് പ്രതിഷേധക്കാരിൽ നിന്നും എമാദ് എസ്സ അറിയിച്ചു. ദിനം പ്രതിയെന്നോണം അധിനിവേശ പ്രദേശങ്ങളിലും,ജെറുസലേമിലും ഇസ്രായേലി പട്ടാളം ഉണ്ടാക്കുന്ന നാശ നഷ്ടങ്ങൾക്കു കണക്കില്ല എന്ന് സൂചിപ്പിച്ച പ്രതിഷേധക്കാർ, ഇസ്രയേലി അധിനിവേശം പലസ്തീനിന്റെ സാംസ്ക്കാരിക തനിമയെ കൂടി ഇല്ലാതാക്കാനാണ് ശ്രെമിക്കുന്നതെന്നും ആരോപിക്കുന്നു.

തുച്ഛമായ വിലക്ക് സ്വന്തം രാജ്യത്തെ തന്നെ വിൽക്കുന്നവരുടെ മൂർദ്ധാവിൽ തന്നെ, നാണക്കേടിന്റെ കറ പറ്റിപിടിച്ചിട്ടുണ്ട് എന്ന് പ്രസ്താവിച്ച സമരക്കാർ , പലസ്തീൻ ജനതയോട് ഇസ്രായേലി ഭരണകൂടം കാണിക്കുന്ന നെറികേടുകളുടെ ഒരംശം മാത്രമാണിതെന്നും, യുഎഇയും ബഹ്‌റിനും ചേർന്ന് ഇസ്രായേലിന്റെ ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തികൾക്ക് ഓശാന പാടുകയാണെന്നും ആരോപിച്ചു.

നെതന്യാഹു ,ഡോണൾഡ്‌ ട്രംപ് ,ബഹറിൻ രാജാവായ ഹമദ് ബിൻ ഇസ ,അബുദാബി രാജാവ് പ്രിൻസ് മുഹമ്മദ് തുടങ്ങിയവരുടെ ചിത്രങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു. സമൂഹമാധ്യമങ്ങളിൽ ബ്ലാക് ഡേ എന്ന ഹാഷ്‌ടാഗോടു കൂടിയാണ് പ്രതിഷേധം അരങ്ങേറിയത്.

Also Read: ‘ജലീല്‍ ഈമാനുള്ള വിശ്വാസി’; സമരക്കാര്‍ ‘മുനാഫിഖു’കളെന്ന് മന്ത്രി എകെ ബാലന്‍

DONT MISS
Top