ചലച്ചിത്ര മേഖല-മയക്കുമരുന്ന് മാഫിയ ബന്ധം; ആരോപണത്തില്‍ നടപടിയെടുക്കാന്‍ മാത്രം തെളിവുകളില്ലെന്ന് കേന്ദ്രം

മുംബൈ: ചലച്ചിത്രമേഖലയും മയക്കുമരുന്ന് സംഘങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ നടപടിയെടുക്കാന്‍ മാത്രം തെളിവുകളൊന്നുമില്ലെന്ന് കേന്ദ്രം. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെത്തുടര്‍ന്ന് ബോളിവുഡില്‍ ലഹരി മാഫിയ സംഘങ്ങള്‍ ശക്തമാണെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ലോക്‌സഭയിലെ പരാമര്‍ശം.

ബോളിവുഡിലെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് നടന്‍ രവി കിഷന്റെ ആരോപണത്തെ മുതിര്‍ന്ന നടി ജയാ ബച്ചന്‍ ശക്തമായി തള്ളിപ്പറഞ്ഞതോടെയാണ് വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയായത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടോ എന്ന രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി കേന്ദ്രത്തിന്റെ നിലപാട് അറിയിച്ചത്.

കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. അവര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കുകയും അയല്‍രാജ്യങ്ങളുടെ ഗൂഢാലോചന അവസാനിപ്പിക്കുകയും ചെയ്യണമെന്ന് രവി കിഷണ്‍ പറഞ്ഞു.

ചില വ്യക്തികള്‍ കാരണം ഒരു മേഖലയെ മുഴുവനായി കരി തേക്കുന്നത് ശരിയല്ലെന്ന് പ്രതികരിച്ച ജയ ബച്ചന്‍, സിനിമരംഗത്ത് നിന്നുതന്നെയുള്ള ഒരംഗം മേഖലയ്‌ക്കെതിരെ സംസാരിച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നുവെന്ന് പറഞ്ഞു.

ജയ ബച്ചന്‍ സിനിമയിലുണ്ടായിരുന്ന സ്ഥിതിയല്ല നിലവിലുള്ളതെന്നും ഞങ്ങള്‍ക്ക് ഇന്‍ഡസ്ട്രിയെ സംരക്ഷിക്കേണ്ടതുണ്ടെന്നും മറുപടി പറഞ്ഞ രവി കിഷന്‍ തന്റെ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് വ്യക്തമാക്കി.

ബോളിവുഡില്‍ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ആദ്യം നടത്തിയത് നടി കങ്കണ റണൗത്താണ്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചലച്ചിത്രമേഖലയെക്കുറിച്ച് അന്വേഷിച്ചാല്‍ നിരവധി പ്രമുഖ അഭിനേതാക്കള്‍ അഴിയ്ക്ക് പിന്നിലാകുമെന്ന് താരം പറഞ്ഞു.

Also Read:  ട്രോളുകള്‍ വായിച്ചു കഴിഞ്ഞതിന് ശേഷം അച്ഛന്‍ പറഞ്ഞു,അടുത്ത തവണയൊരു ഷോര്‍ട്ട് ഡ്രസ് വാങ്ങിത്തരാമെന്ന്; അനശ്വര രാജന്‍

DONT MISS
Top