ബോധമുണ്ട്, വെന്റിലേറ്ററില്ലാതെ ശ്വസിക്കുന്നു; പുടിന്റെ എതിരാളി അലക്‌സി നവല്‍നി വിഷചികിത്സയ്ക്ക് ശേഷം റഷ്യയിലെത്തും

ബെര്‍ലിന്‍: സൈബീരിയന്‍ വിമാനത്താലളത്തില്‍ വെച്ചുണ്ടായ വിഷപ്രയോഗമേറ്റ് ചികിത്സയില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷനേതാവ് അലക്‌സി നവല്‍നി റഷ്യയിലേക്ക് മടങ്ങും. ചികിത്സയിലായ ശേഷം ആദ്യമായി നവല്‍നി വെന്റിലേറ്റര്‍ സഹായമില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹത്തിന് ബോധമുണ്ടെന്നും വക്താവ് കിയ യമര്‍ഷിന്‍ ട്വിറ്ററിലൂടെ അറിയിച്ചു. വിഷപ്രയോഗത്തിന് ശേഷം ആദ്യമായി നവല്‍നി ആശുപത്രിയില്‍ നില്‍ക്കുന്ന ഒരു ചിത്രവും റഷ്യയിലെത്തുമെന്ന പ്രഖ്യാപനത്തോടൊപ്പം യമര്‍ഷിന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ മുഖ്യഎതിരാളിയായ നവല്‍നിയ്ക്ക് ആഗസ്റ്റ് 20നാണ് വിഷബാധയേറ്റത്.

റഷ്യയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ തീരുമാനിച്ചതെന്നും മറ്റൊന്നിനെക്കുറിച്ചും ധാരണയായിട്ടില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. എല്ലാ ദിവസവും മാധ്യമപ്രവര്‍ത്തകര്‍ ഇത് ചോദിക്കുകയാണെന്നും റഷ്യയിലേക്ക് മടങ്ങുന്നുവെന്നല്ലാതെ അവരോട് മറ്റൊന്നും പറയാനില്ലെന്നും കിയ യമര്‍ഷിന്‍ ട്വിറ്ററില്‍ കുറിച്ചു.

വിഷപ്രയോഗം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് നവല്‍നി വിഷചികിത്സയ്ക്കുവേണ്ടി ജര്‍മ്മനിയിലെത്തുന്നത്. കോമയില്‍ കഴിഞ്ഞുവരികയായിരുന്ന അദ്ദേഹം ഇപ്പോള്‍ ചുറ്റുപാടുകളോട് നല്ലരീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും തന്റെ അവസ്ഥയെക്കുറിച്ച് ധാരണയുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.നവല്‍നി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരുക്കുന്നത്. അതേസമയം നവല്‍നി വലിയ അപകടത്തില്‍ നിന്നും സുഖപ്പെട്ടുവരുന്നതില്‍ സന്തോഷമുണ്ടെന്നും വിഷബാധയെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ക്രെമ്ലിന്‍ വക്താവ് അറിയിച്ചു.

Also Read:- മുസ്ലീം സമുദായത്തിനെതിരെ അപകീര്‍ത്തികരമായ വാദങ്ങള്‍; പരിപാടിയുടെ സംപ്രേഷണം നിര്‍ത്തിവയ്ക്കണമെന്ന് സുപ്രിംകോടതി

DONT MISS
Top