‘പ്രതിഫലം കൂട്ടി ചോദിക്കുന്ന താരങ്ങളുടെ പ്രൊജക്ടുകള്‍ക്ക് അംഗീകാരം നല്‍കില്ല’ പ്രൊഡൂസോഴ്‌സ് അസോസിയേഷന്‍

ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് മലയാളസിനിമകളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചുവെങ്കിലും നിലവിലെ സാഹചര്യത്തിലും പ്രതിഫലം കുറയ്ക്കാന്‍ പല താരങ്ങളും തയ്യാറാകുന്നില്ലെന്ന് നിര്‍മ്മാതാക്കള്‍. കൊവിഡ് പ്രതിസന്ധിയില്‍ നിര്‍ത്തിവച്ച സിനിമകളുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴാണ് മലയാള സിനിമയില്‍ വീണ്ടും പ്രതിഫല വിവാദം ഉയരുന്നത്. ലോക്ക്ഡൗണ്‍ മൂലം നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടായ നഷ്ടം പരിഗണിക്കാത്ത ചില താരങ്ങള്‍ പ്രതിഫലം കൂട്ടി ചോദിക്കുന്നുമുണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. ആ താരങ്ങളുടെ പ്രൊജക്ടുകള്‍ക്ക് അംഗീകാരം നല്‍കില്ലെന്നും റീലീസ് ഉള്‍പ്പടെ തടയുമെന്നും കെഎഫ്പിഎ പ്രതികരിച്ചു.

കൊവിഡ് പ്രതിസന്ധിയുടെ ആദ്യഘട്ടം മുതല്‍ തന്നെ അഭിനേതാക്കള്‍ അവരുടെ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍ അവശ്യപ്പെട്ടിരുന്നു. പ്രതിഫലം സംബന്ധിച്ച് മലയാള ചലച്ചിത്ര നിര്‍മ്മാതാക്കള്‍  താരങ്ങളുമായി നടത്തിയ ചര്‍ച്ചകളില്‍ ലോക്ക്ഡൗണ്‍ മൂലമുണ്ടായ നഷ്ടത്തില്‍ നിന്ന് സിനിമാ വ്യവസായം കരകയറുന്നതുവരെ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന അഭ്യര്‍ഥിച്ചു. ഇതിനെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദ്ദം കണക്കിലെടുത്ത് പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന്
അഭിനേതാക്കള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സിനിമ വ്യവയായം ഏറ്റവും മോശം പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഉല്‍പാദനച്ചെലവ് പകുതിയായി കുറയ്ക്കുകയാണ് മുന്നോട്ട് പോകാനുള്ള ഏക പോംവഴിയെന്നും കെഎഫ്പിഎ വ്യക്തമാക്കി. അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും വേതനം കുറയ്ക്കുന്നതിനുള്ള സാധ്യത പരിഗണിക്കണമെന്ന് അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ് (എഎംഎംഎ), ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരളം (ഫെഫ്ക) എന്നിവരോടും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Also Read: ‘അത് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരുദ്ധം’, സൂര്യയ്ക്ക് പിന്തുണയുമായി അപ്പീലുകള്‍

DONT MISS
Top