‘അത് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരുദ്ധം’, സൂര്യയ്ക്ക് പിന്തുണയുമായി അപ്പീലുകള്‍

നീറ്റ് പരീക്ഷ നടത്തിപ്പില്‍ കടുത്ത അനീതിയുണ്ടെന്ന പരാമര്‍ശത്തില്‍ തമിഴ് നടന്‍ സൂര്യയ്‌ക്കെതിരെ കോടതിയലക്ഷ്യം ചുമത്തുന്നത് ഭരണഘടന ഉറപ്പുതരുന്ന അഭിപ്രായ സ്വാതന്ത്രത്തിന് വിരുദ്ധമെന്നും നടപടി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അപ്പീലുകള്‍. പരീക്ഷ നടത്തുന്നത് ‘മനുനീതി’യിലാണെന്ന സൂര്യയുടെ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്നാണ് നടനെതിരെ കോടതിയലക്ഷ്യ നടപടികള്‍ വേണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

സൂര്യയുടെ പരാമര്‍ശം ന്യായാധിപന്മാരുടെയും നീതിന്യായ വ്യവസ്ഥയുടെയും അഭിമാനത്തിന് ക്ഷതം വരുത്തുന്നതാണൈന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.

ബഹുമാനപ്പെട്ട ന്യായാധിപന്മാര്‍ പോലും സ്വന്തം ജീവനില്‍ ഭയന്ന് വിചാരണയും വിധിപറയലും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുന്നു. അതേ സമയം, അവര്‍ വിദ്യാര്‍ഥികളോട് ധൈര്യമായി വന്ന് നീറ്റ് പരീക്ഷയെഴുതാന്‍ ആവശ്യപ്പെടുന്നു എന്നായിരുന്നു സൂര്യയുടെ പ്രസ്താവന. നീറ്റ് പരീക്ഷയെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നാല് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലായിരുന്നു സൂര്യയുടെ പ്രതികരണം.

Also Read:  ‘സത്യേട്ടാ, ഇത്തരം രാഷ്ട്രീയ കുറുക്കന്‍ ബുദ്ധിയോട് ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ കടക്ക് പുറത്ത് എന്ന് തന്നെ പറയും’; സത്യന്‍ അന്തിക്കാടിനോട് ഹരീഷ്

എന്നാല്‍ ഈ നടപടി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ആറ് ഹൈക്കോടതി ജഡ്ജിമാര്‍, കെ ചന്ദ്രു, കെ എന്‍ ബാഷ, ടി സുതന്തിരം, ഡി ഹരിപരന്ദമന്‍, കെ കൃഷ്ണന്‍, ജി എം അക്ബര്‍ അലി എന്നിവര്‍  അപ്പീല്‍ സമര്‍പ്പിച്ചു. ‘അനാവശ്യമായ വിവാദങ്ങളില്‍ നിന്ന് കോടതിയെ മാറ്റിനിര്‍ത്തേണ്ടത് ഞങ്ങളുടെ കടമായാണ്‌, അതിനായാണ് ഈ അപ്പീല്‍ സമര്‍പ്പിക്കുന്നത്’, ജസ്റ്റിസ് ചന്ദ്രു (റിട്ട) അപ്പീലില്‍ പറയുന്നു.

കോവിഡ് 19 പാന്‍ഡെമിക് മൂലം കോടതികള്‍ പോലും വിര്‍ച്വല്‍ വിചാരണകള്‍ നടത്തുന്ന സമയത്ത് നീറ്റ് പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികളോട് ഉത്തരവിടുന്നത് ശരിയല്ലയെന്ന സൂര്യയുടെ വിമര്‍ശനം കോടതിയെ അവഹേളിക്കുന്നതായി ആണ് പരിഗണിക്കുന്നതെങ്കില്‍ അത് ഭരണഘടനയില്‍ ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് എംഎംകെ നേതാവ് ജവാഹറുള്ളയും പ്രതികരിച്ചു.

അതേ സമയം, ജസ്റ്റിസ് സുബ്രഹ്മണ്യത്തിന്റെ നിലപാടുകളെ പിന്തുണച്ച് തമിഴ്‌നാട് അഡ്വക്കേറ്റ്‌സ് അസോസിയേഷനും (ടിഎന്‍എ) രംഗത്തുവന്നു. അസോസിയേഷന്‍ സൂര്യയുടെ പ്രസ്താവനയെ അപലപിച്ച് ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഭരണകൂടത്തെയും ജുഡീഷ്യറിയുടെയും പ്രവര്‍ത്തനത്തെ വിമര്‍ശിച്ചിക്കുന്നത് വഴി താരം ജുഡീഷ്യറിയുടെ പ്രശസ്തി തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് ടിഎന്‍എ പ്രസിഡന്റ് എസ് പ്രഭാകരന്‍ കത്തില്‍ പറയുന്നു.
നീറ്റ് പരീക്ഷ നിരോധിക്കണമെന്ന ലക്ഷ്യത്തോടെയാണ് സൂര്യയുടെ പ്രതികരണമെന്നും പ്രഭാകരന്‍ പറഞ്ഞു.

Also Read: ‘അയല്‍വാശി’ക്ക് മുന്‍പ് ഒന്നിച്ച് പൃഥ്വിരാജും ഇര്‍ഷാദ് പരാരിയും; ‘മാറ്റങ്ങളെ കണക്കിലടുത്താകും ഇനി സിനിമകളുണ്ടാകുന്നത്

DONT MISS
Top