‘എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കാന്‍ നാല് വര്‍ഷമെങ്കിലും വേണ്ടിവരും’; ആകെ 15 ബില്യണ്‍ ഡോസ് വാക്‌സിന് ആവശ്യക്കാരുണ്ടെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ

ലോകത്തില്‍ എല്ലാവര്‍ക്കും കൊവിഡ് രോഗത്തിനെതിരെയുള്ള വാക്‌സിന്‍ ലഭ്യമാക്കാന്‍ നാല് മുതല്‍ അഞ്ച് വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ സിഇഒ അദാര്‍ പുനാവാല. രണ്ട് ഡോസുകള്‍ വീതമുള്ള കൊവിഡ് വാക്‌സിന്‍ ലോകത്തിലെ മുഴുവന്‍ ആവശ്യക്കാരിലേക്കുമെത്തിക്കാന്‍ കുറഞ്ഞത് 2024 വരെ അധ്വാനിക്കേണ്ടി വരുമെന്നും ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ പ്രതിനീധികരിച്ച് അദാര്‍ വ്യക്തമാക്കി. ആകെ 15 ബില്യണ്‍ ഡോസ് വാക്‌സിന് ആവശ്യക്കാരുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ആസ്ട്രാസെനേക്കയും നൊവാവാക്‌സും ഉള്‍പ്പെടെയുള്ള അഞ്ച് മള്‍ട്ടി നാഷണല്‍ കമ്പനികളുമായി നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ നിര്‍മ്മാണത്തിനായി സഹകരിക്കുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യപാദത്തില്‍ത്തന്നെ വാക്‌സിന്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സിഇഒയുടെ വിശദീകരണം. ആസ്ട്രാസെനേക്കയുമായി ഉണ്ടാക്കിയ കരാര്‍പ്രകാരം 68 രാജ്യങ്ങള്‍ക്കായുള്ള വാക്‌സിനുവേണ്ടിയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുങ്ങുകയാണ്. റഷ്യയുടെ സ്പുട്‌നിക്ക് അഞ്ച് വാക്‌സിന്‍ വികസിപ്പിക്കുന്ന ഗാമലേയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആസ്ട്രാസെനേക്കയുമായി സഹകരിച്ചുകൊണ്ട് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല നടത്തിവന്ന വാക്‌സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. യുകെയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച വോളണ്ടിയറിന് അജ്ഞാതരോഗം കണ്ടതിനെത്തുടര്‍ന്നാണ് ലോകത്താകെ മനുഷ്യരിലെ പരീക്ഷണം നിര്‍ത്തിവെച്ചത്. ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിനെത്തുടര്‍ന്ന് ഇന്ത്യയിലെ പരീക്ഷണങ്ങളും നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ബ്രിട്ടനില്‍ മനുഷ്യരിലെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ പുനരാരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Also Read:- ‘ജെയ്ക്കുമാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍, ആ ഖുര്‍ആന്‍ മലബാര്‍ ഫോണ്ടില്‍ ( പൊന്നാനി എന്നും പറയും)’; കുറിപ്പ്

DONT MISS
Top