കുടിയേറ്റ തൊഴിലാളികളുടെ മരണത്തെക്കുറിച്ച് ‘വിവരങ്ങള്‍ ലഭ്യമല്ല’; അതിനാല്‍ നഷ്ടപരിഹാരവും ഇല്ല: കേന്ദ്ര സര്‍ക്കാര്‍

കൊറോണ മഹാമാരിയെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ അവിചാരിതമായി പെട്ടുപോയ കുടിയേറ്റ തൊഴിലാളികളില്‍ ആരെങ്കിലും മരണപെട്ടതായി അറിവില്ല എന്ന് അറിയിച്ച് കേന്ദ്ര തൊഴില്‍ വകുപ്പ്. കുടിയേറ്റത്തിനിടെ ജീവന്‍ പൊലിഞ്ഞവരുടെ നഷ്ടപരിഹാരത്തെ പറ്റി പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിനാണ് തൊഴില്‍വകുപ്പിന്റെ ‘വിവരങ്ങള്‍ ലഭ്യമല്ല’ എന്ന കൈ മലര്‍ത്തല്‍.

മണ്‍സൂണ്‍ സെഷന്റെ ആദ്യ ദിവസം ലോക്‌സഭയില്‍ സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ ഈ മറുപടി പ്രതിപക്ഷത്തിന്റെ രോഷത്തിനും കടുത്ത വിമര്‍ശനത്തിനും കാരണമായിട്ടുണ്ട്. എന്നിരുന്നാലും ഒരു കോടിയിലധികം കുടിയേറ്റക്കാര്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയെത്തിയതായി മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്.

മഹാമാരി കാലത്ത് തിരികെ സ്വസംസ്ഥാനങ്ങളിലേക്കു മടങ്ങി എത്തിയവരുടെ സ്ഥിതിവിവര കണക്കുകള്‍ ലഭ്യമാണോ, അവരിലെത്ര പേര്‍ക്ക് ജീവാപായം സംഭവിച്ചു എന്നുള്ളതിനെ കുറിച്ചുള്ള അറിവ് സര്‍ക്കാരിനുണ്ടോ എന്ന ചോദ്യങ്ങളെ കൂടാതെ അവര്‍ക്കു നല്‍കിയ സാമ്പത്തിക സഹായത്തെ കുറിച്ചും , നഷ്ടപരിഹാരത്തെ കുറിച്ചും പാര്‍ലമെന്റ് സെഷനില്‍ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു.

ഈ ചോദ്യങ്ങള്‍ക്കാണ് തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് കുമാര്‍ ഗാങ്വര്‍, ‘അത്തരം വിവരങ്ങള്‍ സൂക്ഷിക്കാറില്ല എന്നും അതിനാല്‍ ചോദ്യത്തിന് പ്രസക്തി ഇല്ല’, എന്നും രേഖാമൂലം മറുപടി നല്‍കിയത്.

Also Read: വാട്സ്ആപ്പിനും ഫേസ്ബുക്കിനും നിയന്ത്രണങ്ങൾ; നിലപാട് വ്യക്തമാക്കി ടെലികോം അതോറിറ്റി

‘കുടിയേറ്റ തൊഴിലാളികളുടെ മരണത്തെ പറ്റിയോ, അവര്‍ക്കു നല്‍കേണ്ട നഷ്ടപരിഹാരത്തെ പറ്റിയോ യാതൊരു വിവരവും സര്‍ക്കാര്‍ സൂക്ഷിക്കുന്നില്ല എന്ന് പറയുന്നത് ഞെട്ടിപ്പിക്കുന്നതാണ്’, കോണ്‍ഗ്രസ്സ് നേതാവ് ദിഗ് വിജയ സിംഗ് അഭിപ്രായപ്പെട്ടു. ‘നമുക്ക് അന്ധത ബാധിച്ചതാണോ അതോ എല്ലാത്തിനെയും നിസ്സാരമായി കണ്ടാല്‍ മതിയോ’? അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ചില്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിന് ശേഷം ലക്ഷകണക്കിന് തൊഴിലാളികള്‍ ആണ് തൊഴിലിടങ്ങളില്‍ നിന്നും സ്വന്തം സംസ്ഥാനങ്ങളിലേക്ക് തീരാദുരിതവുമായി മടങ്ങി എത്തിയത്. ഭക്ഷണമോ തല ചായ്ക്കാന്‍ ഒരിടമോ ഇല്ലാതെ ദിവസങ്ങളോളം കാല്‍നടയായി സഞ്ചരിച്ചാണ് അധികം പേരും നാടണഞ്ഞത്. ഇതിനിടയില്‍ പലരും മരണത്തിനു കീഴ്പെട്ടിരുന്നത് വാര്‍ത്താപ്രാധാന്യത്തോടെ തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Also Read: ജ്വല്ലറി നിക്ഷേപതട്ടിപ്പ്: ലീഗ് നേതാവിന്റെ വീട്ടില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ച് മര്‍ദ്ദിച്ചെന്ന് പരാതി

DONT MISS
Top