യോഗ, പ്രാണായാമം, ഡോക്ടറുടെ നിര്‍ദേശപ്രകാരം ആയുഷ് മരുന്നുകള്‍; കൊവിഡ് ഭേദമായവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

കൊവിഡ് രോഗം ഭേദമായവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്ന ആരോഗ്യമാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രആരോഗ്യ മന്ത്രാലയം. രോഗം വന്ന് ഭേദപ്പെട്ടവര്‍ യോഗയും പ്രാണായാമവും ധ്യാനവും ശീലമാക്കുന്നത് ഉത്തമമാണെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. കൊവിഡ് പ്രതിരോധത്തിന് മാസ്‌ക് ഉപയോഗിക്കുക, ഇടയ്ക്കിടെ കൈ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, സാമൂഹ്യഅകലം പാലിക്കുക മുതലായ അടിസ്ഥാന കാര്യങ്ങള്‍ രോഗം ഭേദമായവര്‍ നിര്‍ബന്ധമായും സ്രദ്ധിക്കണം. രോഗപ്രതിരോധശേഷി കൂട്ടാന്‍ ആയുഷ് വകുപ്പ് നിര്‍ദേശിക്കുന്ന മരുന്നുകള്‍ കഴിക്കാനും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ നിര്‍ദേശമുണ്ട്. പ്രഭാത, സായാഹ്ന നടത്തം ശീലമാക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.

കൊവിഡ് രോഗം വന്ന ശേഷം പിന്നീട് പരിശോധനാഫലം നെഗറ്റീവ് ആയാലും ഏഴ് ദിവസത്തേക്ക് നല്ല കരുതല്‍ ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കൊവിഡ് രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ രോഗവിവരങ്ങള്‍ നിരന്തരമായി അന്വേഷിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എളുപ്പത്തില്‍ ദഹിക്കുന്ന കട്ടികുറഞ്ഞ ആഹാരം ശീലമാക്കാനാണ് കേന്ദ്രനിര്‍ദേശം. മദ്യപാനവും പുകവലിയും പൂര്‍ണ്ണമായി ഒഴിവാക്കണം. നന്നായി ചൂടുവെള്ളം കുടിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

Also Read:- “മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ചേരുന്ന ‘കോക്ക്‌ടെയ്ല്‍’ അപകടകരം”; മാധ്യമവിചാരണയുടെ ബഹളം കോടതിവിചാരണയെ സ്വാധീനിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകര്‍

DONT MISS
Top