മൊബൈല്‍ ഫോണും തലച്ചോറിലെ ക്യാൻസറും: വാസ്തവമെന്ത് ?

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ബ്രെയിന്‍ ട്യൂമറിന് കാരണമാകുമോ? നമുക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. സെൽ ഫോണുകൾ പുറപ്പെടുവിക്കുന്ന റേഡിയോ ഫ്രീക്വന്‍സി റെയ്സ് നാളിതുവരെ ട്യൂമറിന് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. 2011ല്‍ International Agency for Research on Cancer(IARC) മൊബൈൽ ഫോൺ റേഡിയേഷനുകളെ Group 2B – possibly carcinogenic എന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് ഇവയുമായുള്ള സമ്പർക്കം ഒരുപക്ഷെ അർബുദം വരാനുള്ള നേരിയ സാധ്യതക്കു വഴിയൊരുക്കിയേക്കാം എന്ന് ചുരുക്കം.

മൊബൈൽ ഫോൺ ആര്‍എഫ് രശ്മികള്‍  പഠനത്തെ സംബന്ധിച്ചുള്ള ചില പഠനങ്ങള്‍ ഇപ്രകാരമാണ്. ബേസ് സ്റ്റേഷനിൽ നിന്നും ഉത്ഭവിക്കുന്ന ആര്‍എഫ്‌ ഫീല്‍ഡ്‌ മൂലം ഉണ്ടാവുന്ന എന്‍വയോണ്‍മെന്റ്ല്‍ എക്‌സ്‌പോഷറിലൂടെ ക്യാന്‍സറോ അതുപോലെയുള്ള അസുഖങ്ങളോ മനുഷ്യരിൽ ഉടലെടുക്കാനുള്ള സാധ്യത കഴിവതും കുറവാണെന്നു ഇതുവരെയുള്ള പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു. എന്നാൽ തലയുടെ ഏതു ഭാഗത്താണോ സെൽ ഫോൺ അധികമായി ചേർത്തുപിടിച്ചു ഉപയോഗിക്കുന്നത് അവിടെ ട്യൂമര്‍ വരാനുള്ള സാധ്യത നേരിയ തോതിൽ ഉണ്ട്.

ഒരു മണിക്കൂർ തുടർച്ചയായുള്ള സെൽ ഫോൺ ഉപയോഗം ട്യൂമര്‍ വരുന്നതിനുള്ള സാധ്യത കൂട്ടുന്നു. അതുപോലെ തന്നെ സെൽഫോൺ അധികമായി ഉപയോഗിച്ച് വരുന്ന കുട്ടികളിൽ ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യത 4 മുതൽ 5 ഇരട്ടി വരെ കൂടുതലാണ്. കാരണം അവരുടെ തലയോട്ടിക്കു കട്ടികുറവായതിനാൽ റേഡിയേഷൻ കൂടുതലായി തുളച്ചുകയറും. സെൽ ഫോൺ റേഡിയേഷൻ അധികമായി അനുഭവപ്പെടുന്ന പുരുഷന്മാരിൽ സ്‌പേമിന്റെ അളവ് ക്രമാതീതമായി കുറയുന്നതായി കാണപ്പെടുന്നു. മൈറ്റോകോൺഡ്രിയൽ ഡിഎന്‍എയില്‍ കേടുപാടുകൾ മൂന്നിരട്ടിയായി വർധിക്കുന്നതോടെ സ്‌പേമിന്റെ അളവും ആനുപാതികമായിത്തന്നെ കുറഞ്ഞു വരുന്നു. എങ്കിലും മേൽപ്പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനപരമായി ശരിയെന്ന് സ്ഥാപിക്കാൻ ഇനിയും പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു.

എന്നാൽ ‌ ആര്‍എഫ് രശ്മികള്‍ മൂലമുള്ള അപകട സാധ്യത ഒഴിവാക്കാൻ ചുവടെ നിർദ്ദേശിച്ചിരിക്കുന്ന കാര്യങ്ങൾ നമുക്ക് പരിശീലിക്കാം.

* ഹാന്‍ഡ്സെറ്റിന്റെ നേരിട്ടുള്ള ഉപയോഗം കുറക്കാൻ ഹെഡ്സെറ്റ് ഉപയോഗിക്കാം.

* മൊബൈൽ ഫോൺ തലയിണയുടെ അടിയിൽ വച്ച് ഉറങ്ങാതിരിക്കുക.

* മൊബൈൽ ഫോൺ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിക്കുന്നതിന് പകരം കഴിവതും ഹാൻഡ്ബാഗിൽ വയ്ക്കാൻ ശ്രമിക്കുക.

* ഫോണ്‍ കണക്ട് ആയതിനു ശേഷം ചെവിയിൽ വെക്കാൻ ശ്രദ്ധിക്കുക കാരണം കാള്‍ കണക്ട് ആവുന്ന സമയം ഏറ്റവും കൂടുതൽ റേഡിയേഷൻ പുറപ്പെടുവിക്കും.

* തുടർച്ചയായി 15-20 മിനിറ്റില്‍ കൂടുതൽ ദൈർഘ്യം ഫോണിൽ സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
സാധിക്കുമെങ്കിൽ മെസ്സേജ് അയക്കാൻ ശ്രമിക്കുക.

* ആന്റിന ഇല്ലാത്ത കാറിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക. അധിക വേഗതയിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോണുകൾ വിവിധ network antenna – കളുമായി കണക്ഷൻ സ്ഥാപിക്കുന്നതാണ്. ഇതുമൂലം റേഡിയേഷൻ അധികമായി പുറപ്പെടുവിക്കപ്പെടുന്നു. അതുകൊണ്ടു ഓടുന്ന വാഹനങ്ങളിലോ, ലിഫ്റ്റ് മുതലായവയിൽ സഞ്ചരിക്കുമ്പോഴോ അല്ലെങ്കിൽ ജോഗിങ് ചെയ്യുമ്പോഴോ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക.

* റിസെപ്ഷനിസ്റ്റ് അല്ലെങ്കില്‍ കാള്‍ സെന്റര്‍ പോലെയുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ ലാന്‍ഡ്ഫോണ്‍ ഉപയോഗിക്കുന്നതാവും കൂടുതൽ ഉചിതം.

ഇനി ബ്ലൂടൂത്ത് ഡിവൈസുകൾ പുറപ്പെടുവിക്കുന്ന ആര്‍എഫ്‌ റേഡിയേഷന്റെ അളവ് സെൽ ഫോണുകളെ അപേക്ഷിച്ചു കുറവാണ്. എങ്കിലും ശരീരവുമായി ഏറെ അടുത്ത് പ്രവർത്തിക്കുന്ന ഇവ ഉത്പാദിപ്പിക്കുന്ന റേഡിയേഷൻ വ്യാപിക്കുന്നത് വളരെ ചെറിയ ചുറ്റളവില്‍ ആയതു കൊണ്ട് റേഡിയേഷൻ അബ്‌സോർപ്ഷന്‍ അധികമായിരിക്കും.
മൊബൈൽ ഫോൺ റേഡിയേഷനുകൾ ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാകുന്നതിന് കാരണമാവുന്നില്ല എന്നത് കൊണ്ട് മാത്രം തികച്ചും സുരക്ഷിതവും ആണെന്ന് പറയാൻ സാധിക്കുകയില്ല. IARC ശുപാർശ പ്രകാരം മൊബൈൽ ഫോണിന്റെ ഉപയോഗം തികച്ചും വിവേകത്തോട് കൂടിയാവണം. ഓർക്കുക അധികമായാൽ അമൃതും വിഷമാണ്.

(കൊച്ചി വിപിഎസ് ലേക് ഷോര്‍ ആശുപത്രിയില്‍ ന്യൂറോ സര്‍ജനാണ് ലേഖകന്‍)

Also Read:- തെരഞ്ഞെടുപ്പുകള്‍ ഒഴിവായേക്കും; തദ്ദേശ തെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന് സര്‍ക്കാരും പ്രതിപക്ഷവും; സര്‍വ്വകക്ഷിയോഗം ചര്‍ച്ച ചെയ്യും

DONT MISS
Top