‘ആഗ്രഹിക്കുന്നതിന് ലിമിറ്റ് ഇല്ലല്ലോ? ഓരോന്നിനും സമയവും കാലവുമുണ്ട്’; മുഖ്യമന്ത്രി മോഹത്തേക്കുറിച്ച് കുഞ്ഞാലിക്കുട്ടി; അഭിമുഖം

മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും ലോക് സഭാ എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവാണ് കേരള രാഷ്ട്രീയത്തിലെ പുതിയ ചര്‍ച്ച. കുഞ്ഞാലിക്കുട്ടിയുടെ വരവിന് പിന്നില്‍ ലീഗിന്റേയും യുഡിഎഫിന്റേയും തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തല്‍ മാത്രമാണോ? മുഖ്യമന്ത്രി പദം തന്നെ കുഞ്ഞാലിക്കുട്ടി ലക്ഷ്യമിടുന്നുണ്ടോ? ലീഗിന് എല്‍ഡിഎഫിനോടുള്ള ചേര്‍ച്ചക്കുറവും ഇടതുമുന്നണി പ്രവേശത്തിലെ ‘അതിവിദൂര സാധ്യത’യും എത്രത്തോളമാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മലപ്പുറം എംപി മറുപടി നല്‍കുന്നു. മുഖ്യമന്ത്രി പദത്തേക്കുറിച്ച് ചോദിക്കുമ്പോള്‍ ഓരോന്നിനും സമയവും കാലവുമുണ്ടെന്ന് സൂചിപ്പിക്കുന്നു. ആഗ്രഹങ്ങള്‍ക്ക് പരിധിയില്ലല്ലോയെന്ന് തിരിച്ച് ചോദിക്കുന്നു.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു എന്നാണ് ഹൈദരലി തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ലോക്‌സഭാ സീറ്റ് രാജിവെച്ച് വേങ്ങരയില്‍ മത്സരിക്കുകയാണോ?

Also Read: മൈക്ക് കൊണ്ട് കുത്തി, തള്ളി; റിയയെ കൈയ്യേറ്റം ചെയ്ത് മാധ്യമസംഘം; ‘ധാര്‍മ്മികതയില്ലേയെന്ന്’ വനിതാ കമ്മീഷന്‍

അങ്ങനെയുള്ള യാതൊരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല. തെരഞ്ഞെടുപ്പുകളുടെ ഒരു ഘോഷയാത്ര തന്നെ വരികയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ്, നിയമസഭാ ഉപതെരഞ്ഞെടുപ്പ്, അത് കഴിഞ്ഞ് അംസബ്ലി ഇലക്ഷന്‍. ദേശീയ കാര്യങ്ങള്‍ ഇ ടി മുഹമ്മദ് ബഷീര്‍ സാഹിബിനെ ഏല്‍പിച്ച് മനസ്സും ശരീരവും പൂര്‍ണമായും ഇവിടെ, യുഡിഎഫ് രാഷ്ട്രീയത്തില്‍ കേന്ദ്രീകരിക്കണം. അതൊരു രാഷ്ട്രീയ തീരുമാനമാണ്.

കേരള രാഷ്ട്രീയത്തില്‍ ഇനി കുഞ്ഞാലിക്കുട്ടിയെ കാണുക വെറുമൊരു മന്ത്രിയായിട്ട് മാത്രമാകുമോ? അതോ ഉപമുഖ്യമന്ത്രിയായിട്ടോ? അതോ മുഖ്യമന്ത്രി തന്നെയാണോ?

(ചിരിക്കുന്നു) അത് ഭാവനയില്‍ നിന്നുള്ള നല്ലൊരു ചോദ്യമാണ്. ഞങ്ങള്‍ അതിനേപ്പറ്റിയൊന്നും ഇപ്പോള്‍ ചിന്തിച്ചിട്ടില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഇത്രയും ജോലിയൊക്കെ മുന്നില്‍ കിടക്കുമ്പോ അങ്ങനെയുള്ള ഒരു ‘ഡ്രീം’, അതിന്റെ പുറത്ത് സമയം കളിയാന്‍ സാധിക്കില്ലല്ലോ. നമ്മളൊക്കെ പൊതുജീവിതത്തിനും പൊതുരാഷ്ട്രീയത്തിനും വേണ്ടി നില്‍ക്കുന്നവരല്ലേ? സ്വന്തം കാര്യമൊക്കെ പിന്നെ ആലോചിക്കാം. മാത്രമല്ല ഓരോ കാര്യത്തിനും ഒരു സമയവും കാലവുമൊക്കെയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിക്കണം എന്നത് പാര്‍ട്ടി ആലോചിക്കട്ടെ. ഇപ്പോ അങ്ങനെ ഒരു ചിന്ത വന്നിട്ടില്ല.

Also Read: യെദ്യൂരപ്പയുടെ മകന് വോട്ട് ചോദിച്ചത് രാഗിണി; മയക്കുമരുന്ന് പ്രതിയായപ്പോള്‍ താരപ്രചാരകയെ കൈയ്യൊഴിഞ്ഞ് ബിജെപി

‘ജയിക്കുന്നത് കോണ്‍ഗ്രസ് ആണെങ്കിലും പാറുന്നത് ലീഗിന്റെ കൊടിയാണ്’ എന്ന് താങ്കളൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍, ഒരു പരിധിവരെ പാലക്കാടും വയനാടും ഒക്കെത്തന്നെയും കോണ്‍ഗ്രസിനോളമോ അതിനേക്കാളുമോ കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. സംഘടനാതലത്തില്‍ പാര്‍ട്ടിയെ കുറച്ചുകൂടെ ഊര്‍ജ്ജിതമാക്കുക എന്നതാണോ ലീഗിന്റെ പ്രാതിനിധ്യം കൂട്ടുക എന്നതാണോ താങ്കളുടെ വരവിന്റെ ഉദ്ദേശ്യം?

എന്റെ വരവ് എന്ന് പറയാനൊന്നും ഇല്ല. കേഡര്‍ പ്രവര്‍ത്തനം ജനാധിപത്യസംവിധാനത്തിനും സംസ്ഥാനത്തിനും വേണ്ടിയാണ് ഞങ്ങള്‍ കാലാകാലങ്ങളായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടാണ് യുഡിഎഫിന്റെ സീറ്റുകളിലൊക്കെ മത്സരിക്കുന്നത് ലീഗ് അല്ലെങ്കിലും ആ സീറ്റ് ഞങ്ങളുടേതാണെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാവരും പറഞ്ഞിട്ടുള്ള കാര്യമാണത്. ഞങ്ങളുടെ കേഡര്‍ സ്വഭാവം പാര്‍ട്ടിയ്ക്ക് വേണ്ടി മാത്രമുള്ളതല്ല. അത് യുഡിഎഫിനും സംസ്ഥാനത്തിനും കൂടി വേണ്ടിയുള്ളതാണ്. അത് നല്ല രീതിയില്‍ ചലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാനും കൂടി ഈ ടീമില്‍ ചേര്‍ന്നത്.

മുസ്ലീം ലീഗിന്റെ സംഘടനാബലം കൂട്ടി യുഡിഎഫിനെ ശക്തിപ്പെടുത്തുക എന്നതിനപ്പുറത്തേക്ക് യുഡിഎഫിനെ ഒറ്റക്കെട്ടായി കൊണ്ടുപോകല്‍, കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റേതായ റോളുണ്ടെങ്കിലും രണ്ടാമത്തെ ഘടകകക്ഷി എന്ന നിലയില്‍ മുസ്ലീം ലീഗിന്റെ ഉത്തരവാദിത്തം നിങ്ങള്‍ വഹിക്കും?

തീര്‍ച്ചയായും ആ ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. ആ ഉത്തരവാദിത്തം യുഡിഎഫ് വകവെച്ചു തരാറുമുണ്ട്. വളരെ വിശ്വാസത്തോടുകൂടി വ്യക്തിപരമായി തന്നെ ആ ഉത്തരവാദിത്തം എന്നെ ഏല്‍പിക്കാറുണ്ട്. അത് ഇന്നലെ കോടിയേരി പറഞ്ഞതുപോലെ ‘സൂപ്പര്‍ നേതാവ്’ ആയിട്ടല്ല, ഞങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസം കൊണ്ടാണ്.

രമേശ് ചെന്നിത്തല പാണക്കാട്ട് വന്ന് ഹൈദരലി തങ്ങളേയും പികെ കുഞ്ഞാലിക്കുട്ടിയേയും കാണുന്ന വിധത്തില്‍ യുഡിഎഫില്‍ ലീഗിന്റെ ‘ഡൈനാമിസം’ വര്‍ധിച്ചു?

(ചിരിക്കുന്നു) പാണക്കാട് തങ്ങളെ കണ്ടാല്‍ ആര്‍ക്കുമുണ്ടാകുന്ന ഊര്‍ജ്വസ്വലത തന്നെയാണത്. വളരെ സൗമ്യനും എല്ലാവരോടും നല്ലത് മാത്രം പറയുകയും ചെയ്യുന്ന ഒരു നേതാവാണ്. നാനാജാതി മതസ്ഥര്‍ ആരായാലും തങ്ങളെ കണ്ടുകഴിഞ്ഞാല്‍ സന്തോഷം തോന്നും. അത് നല്ലതാണല്ലോ. ചില വ്യക്തികളുടെ മഹത്വമാണത്. ഞങ്ങളൊക്കെ അത് ഉപയോഗപ്പെടുത്താറുണ്ട്.

സിപിഐഎം നേതാക്കള്‍ പലപ്പോഴും പറയാറുണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തന്നെ അധികാരത്തില്‍ വരുമെന്ന്, യുഡിഎഫില്‍ കോണ്‍ഗ്രസ് രണ്ടാം കക്ഷിയാകും മുസ്ലീം ലീഗ് ആകും വലിയ കക്ഷി എന്നൊക്കെ. അങ്ങനെയുള്ള മോഹങ്ങള്‍ ലീഗിനുണ്ടോ?

ബിജെപിയെ ചെറുക്കുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കേരളത്തിലായാലും ദേശീയതലത്തിലായാലും നയിക്കേണ്ടത് ലീഗ് അല്ല. കോണ്‍ഗ്രസാണ്. അത് സമൂഹത്തിന്റേയും സംസ്ഥാനത്തിന്റേയും പൊതുതാല്‍പര്യത്തിന് അനുസൃതവും അനുഗുണവുമാണ്.

സിഎച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായ സംസ്ഥാനമാണിത്. ഒരിക്കല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് പികെ കുഞ്ഞാലിക്കുട്ടിക്ക് ആഗ്രഹമില്ലേ?

ചിരിക്കുന്നു. അതിപ്പോ മനുഷ്യന് ആഗ്രഹിക്കുന്നതിന് ഒരു ലിമിറ്റും ഇല്ലല്ലോ. സിഎച്ചിന്റെ തന്നെ ഒരു വാക്ക് കടമെടുത്താല്‍ ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ അതിന്റെ പുറത്ത് കയറി സഞ്ചരിക്കാമായിരുന്നു. സിഎച്ച് തന്നെ അത് സരസമായി പറയുന്നത് എന്റെ ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട്. അതൊക്കെ അങ്ങനെ കരുതിയാല്‍ മതി.

കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ പറയുകയുണ്ടായി യുഡിഎഫ് കൈവിടുകയാണെങ്കില്‍ ജോസ് കെ മാണി വിഭാഗത്തിന് വഴിയാധാരമാകേണ്ടി വരില്ലായെന്ന്. യുഡിഎഫ് വിട്ട് വരുന്നവരെയെല്ലാം സ്വീകരിക്കുമെന്നാണ് പറയുന്നത്. മുസ്ലീം ലീഗിന്റെ പേര് എടുത്തുചോദിച്ചപ്പോള്‍ ‘ആരായാലും’ എന്ന നിലപാടാണെന്ന് സിപിഐഎം വ്യക്തമാക്കി. 1986ല്‍ എം വി രാഘവനെ പുറത്താക്കിയത് എന്തിനാണെന്ന് ആരാഞ്ഞപ്പോള്‍ ‘ആ സാഹചര്യത്തിലെ രാഷ്ട്രീയമല്ല ഇപ്പോള്‍, ബിജെപിയെ ദുര്‍ബലമാക്കാനുള്ള ഏത് അവസരവും ഉപയോഗിക്കും’ എന്നാണ് പറയുന്നത്. എല്‍ഡിഎഫ് തൊട്ടുകൂടാത്ത ഒരു മുന്നണിയാണെന്ന് കരുതുന്നുണ്ടോ?

ലീഗിനെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു പ്രശ്‌നം ഉത്ഭവിക്കുന്നില്ല. കാരണം, അവരുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ സ്ഥാനത്തിന്റേയും സീറ്റിന്റേയും പേരിലൊക്കെ തര്‍ക്കിച്ച് മുന്നണി മാറുന്ന ചരിത്രം ലീഗിനില്ല. അതുകൊണ്ട് ഇപ്പോള്‍ നില്‍ക്കുന്ന മുന്നണിയില്‍ വളരെ സംതൃപ്തരാണ്. പിന്നെ കേരളാ കോണ്‍ഗ്രസ് വഴിയാധാരമാകില്ല എന്നവര്‍ പറഞ്ഞു. ഒരുപാട് പാര്‍ട്ടികള്‍ അവരുടെ കൂടെ കൂടിയിട്ട് കൂടിവരുടെയെല്ലാം ശക്തി ക്ഷയിച്ചിട്ടേയുള്ളൂ. ക്ഷയം പെട്ടെന്ന് പ്രത്യക്ഷത്തില്‍ അറിയില്ല, കുറച്ച് കാലം കഴിയുമ്പോഴാണ് അത് ദൃശ്യമാകുന്നത്. വളരെയധികം ശോഷിക്കുന്നതാണ് കണ്ടിട്ടുള്ളത്. ഞങ്ങള്‍ക്ക് ഒരിക്കലും അങ്ങനെ സംഭവിക്കില്ല. ശ്രീ എം വി രാഘവന്‍ ഒരു കാലത്ത് ഞങ്ങള്‍ക്കൊരു ആവേശമായിരുന്നു. അന്ന് ഒരു ലീഗ് രാഷ്ട്രീയത്തിന്റെ പേരിലാണ് അദ്ദേഹം വേറെ പാര്‍ട്ടി രൂപീകരിച്ചത്. ഞങ്ങള്‍ക്കത് നല്ല ഓര്‍മ്മയുണ്ട്. അന്ന് കാര്യങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്തവരുടെ കൂട്ടത്തില്‍ ഒരാളായി ഞാനുമുണ്ടായിരുന്നു. അണികള്‍ എംവി രാഘവനെ ആവേശത്തോടുകൂടി ഏറ്റെടുത്തു. അത് ഞങ്ങളൊക്കെ കണ്ടതാണ്. ലീഗ് രാഷ്ട്രീയത്തിന്റെ പേരില്‍ എംവിആര്‍ ഒരു പാര്‍ട്ടി രൂപീകരിച്ച് രംഗത്തുവന്നപ്പോള്‍ ആവേശത്തോടുകൂടി ചുമലിലേറ്റിയ, അതിന്റെ കൂടെ നിന്ന, അവസാനം വരെ അത് തന്റെ സ്വന്തം കാര്യമായി കണ്ട ഒരു പാര്‍ട്ടിയാണ് ലീഗ്. ഞങ്ങള്‍ക്കാണത് ഒരു പക്ഷെ അവകാശപ്പെടാന്‍ പറ്റുക. അഖിലേന്ത്യാ ലീഗിനെ ഒരു കാലത്ത് അവര്‍ കൊണ്ടുപോയിട്ട് പിന്നൊരു ഘട്ടത്തില്‍ അവരെ വേണ്ടെന്ന് പറഞ്ഞു. അവര്‍ വഴിയാധാരമായി. അപ്പോഴാണ് ലീഗ് ലയനമുണ്ടായത്. കോടിയേരി പറയുന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നില്ല.

പി കെ കുഞ്ഞാലിക്കുട്ടിയെന്ന നേതാവിന്, മുസ്ലീം ലീഗ് നേതൃത്വത്തിന് കുറേക്കൂടി അടുപ്പം പിണറായി വിജയനോട് അല്ലേ? ആ നിലയില്‍ എല്‍ഡിഎഫ് നിങ്ങള്‍ക്ക് നല്ല ആശയവിനിമയം സാധ്യമാകുന്ന ഒരു ഇടമല്ലേ? അപ്രാപ്യമെന്ന് പറയാനാകില്ല. പക്ഷെ, എന്തുകൊണ്ട് മുന്നണി തലത്തില്‍ ഒരു സൗഹൃദം സാധ്യമാകുന്നില്ല?

ഞങ്ങളുടെ രാഷ്ട്രീയവും അവരുടെ രാഷ്ട്രീയവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ഞങ്ങളുടേത് യുഡിഎഫ് രാഷ്ട്രീയത്തിന് അനുസൃതമാണ്. അണികളുടെ സ്വഭാവവും അതാണ്. അതുകൊണ്ട് അവരുമായി ഇപ്പോള്‍ ഒരു സഖ്യം സാധ്യമാണെന്ന് കരുതുന്നില്ല. വളരെക്കാലമായി സഖ്യമുണ്ടാകാതിരുന്നതിന്റെ കാരണം ആ പ്രത്യയശാസ്ത്ര ഭിന്നതയായിരിക്കാം. എന്തായാലും ശരി, ഇപ്പോള്‍ അങ്ങനൊരു സാധ്യതയില്ല.

Also Read: ധനമന്ത്രിയ്ക്ക് കൊവിഡ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

DONT MISS
Top