മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 20 ദിവസത്തിനിടെ യുപിയില്‍ ഇത് മൂന്നാമത്തെ ബലാത്സംഗ-കൊലപാതകം

പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് വയസുള്ള പെണ്‍കുട്ടിയെ കരിമ്പിന്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലഖിംപൂര്‍ ഖേരിയില്‍ വ്യാഴാഴ്ച രാവിലെയാണ് മൂന്ന് വയസുകാരിയുടെ ജഡം കണ്ടെത്തിയത്. തലയില്‍ പരിക്കേറ്റ അടയാളങ്ങളോടെ ആണ് കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. 20 ദിവസത്തിനുള്ളില്‍ ജില്ലയില്‍ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗ കൊലപാതകമാണിത്. ബുധനാഴ്ച മുതലാണ് കുട്ടിയെ കാണാതായത് എന്ന് പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ ലെഖ്രാം എന്ന അയല്‍ക്കാരന്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ആരോപണം. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ലഖിംപൂര്‍ ഖേരി പോലീസ് സൂപ്രണ്ട് സതേന്ദ്ര കുമാര്‍ സിംഗ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം സ്ഥിരീകരിക്കുന്നതായി എസ്പി കൂട്ടിച്ചേര്‍ത്തു.

പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 17ഉം 13ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടെ ബലാത്സംഗ-കൊലപാതകത്തിലൂടെ ആണ് ലഖിംപൂര്‍ ജില്ല അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്.

Also Read: തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം; ഒരാള്‍ക്ക് വെട്ടേറ്റു, ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

DONT MISS
Top