കരുത്ത് അല്പമുയര്‍ത്തി, 2.0 വെര്‍ഷനില്‍ ഹോര്‍ണറ്റ്; പുതിയ സെഗ്മെന്റിലേക്ക് ഉന്നംവെച്ച് ഹോണ്ട

150 സിസി സെഗ്മെന്റില്‍ ഹോണ്ടയുടെ അഭിമാനമുയര്‍ത്തിയ മോഡലാണ് ഹോര്‍ണറ്റ്. മുഖം മിനുക്കിയെത്തിയ യൂണിക്കോണും ഹോര്‍ണറ്റും ചേര്‍ന്ന് പുതിയ ചരിത്രമെഴുതി. ആക്ടീവകൊണ്ടുമാത്രം കാര്യമില്ല എന്ന് തിരിച്ചറിഞ്ഞ്, പഴയ യുണിക്കോണ്‍ സൃഷ്ടിച്ച തരംഗം തുടരാനാകാതെ വലഞ്ഞ ഹോണ്ടയ്ക്ക് പുതുജീവനേകാന്‍ ഈ മോഡലുകള്‍ സഹായിച്ചു.

എഫ്‌സെഡും ജിക്‌സറും കളംവാണിരുന്ന നേക്കഡ്-എന്‍ട്രി ലെവല്‍ സ്‌പോര്‍സ് ക്രൂസര്‍ സെഗ്മെന്റില്‍ ഹോര്‍ണറ്റ് വിജയഗാഥ തുടരുന്നതിനിടക്ക് ഒരു മുഖം മിനുക്കലും ഹോണ്ട നടത്തി. ഹെഡ്‌ലൈറ്റ് മാത്രം മാറ്റി ചെയിന്‍ അടിശബ്ദം ഒഴിവാക്കി ഹോര്‍ണറ്റ് നിരത്തിലിറങ്ങി. എന്നാല്‍ ഇപ്പോള്‍ ഹോര്‍ണറ്റ് 2.0 എന്നൊരു വെര്‍ഷനുമായി എത്തിയിരിക്കുകയാണ് ഹോണ്ട. ഇത് ഏത് സെഗ്മെന്റാണ് എന്ന് ചോദ്യമില്ല, കാരണം ഇത് നിലവിലുള്ള ഒരു സെഗ്മെന്റിലേക്ക് മത്സരിക്കാനുള്ള ‘മുതലല്ല’.

പറഞ്ഞുവന്നാല്‍ മൊത്തം മാറ്റങ്ങളാണ്. കരുത്ത് കൂട്ടിയതുമാത്രമല്ല, കാഴ്ച്ചയിലും അടിമുടി മാറ്റം. 162 സിസി കരുത്തുനല്‍കിയ എഞ്ചിന് പകരം ഇടംപിടിക്കുന്നത് ഒരു 184 സിസി എഞ്ചിനാണ്. 17 ബിഎച്ച്പിയാണ് കരുത്ത്, അതായത് പഴയ മോഡലിനേക്കാള്‍ കഷ്ടി രണ്ട് ബിഎച്ച്പി കൂടുതല്‍. 16.1 എന്‍എം ടോര്‍ക്കുനല്‍കാന്‍ ഈ എഞ്ചിനാകും. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതിക വിദ്യയാണ ഉപയോഗിച്ചിരിക്കുന്നത്.

ഡിസൈനില്‍ കുറച്ചുകൂടി മസ്‌കുലാര്‍ ലുക്ക് നല്‍കുകയും അഗ്രസീവാക്കുകയും ചെയ്തു. പള്‍സര്‍ 200എന്‍എസുമായി ഒറ്റനോട്ടത്തില്‍ ചില സാമ്യങ്ങള്‍ തോന്നിയേക്കാം. മുന്നിലെ അപ്‌സൈസ് ഡൗണ്‍ ഫോര്‍ക്കുകള്‍ അഴക് മാത്രമല്ല യാത്രാസുഖവും പകരും. പിന്നിലെ സിംഗള്‍ ഷോക്കിന് മാറ്റമില്ല. മുന്നില്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഒഴിവാക്കിയിട്ടില്ല. കുറച്ചുകൂടി ‘ലാഫിംഗ് ഏലിയന്‍’ ലുക്ക് ഹെഡ്‌ലാമ്പിനുണ്ട്. സീറ്റുകള്‍ സ്പ്ലിറ്റ് ചെയ്തിട്ടുണ്ട്.

സിംഗിള്‍ ചാനല്‍ എബിഎസ് മാത്രം ഉള്‍പ്പെടുത്തിയത് ബജറ്റ് ലാഭിക്കാനാണെന്ന് കരുതാനാകില്ല. പിന്നീട് ഡബിള്‍ ചാനല്‍ എബിഎസുമായി പുതുക്കിയിറക്കേണ്ടിവന്നേക്കാം. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു കുറവ് ബൈക്കില്‍ ഹോണ്ട അവശേഷിപ്പിക്കുന്നതെന്ന് പിടികിട്ടില്ല.

1.26 ലക്ഷമാണ് എക്‌സ് ഷോറൂം വില. ഹീറോ എക്‌സ്ട്രീം 200, ടിവിഎസ് അപ്പാഷെ 200, ബജാജ് പള്‍സര്‍ 200 എന്‍എസ് എന്നിവയോട് ഹോര്‍ണറ്റ് 2.0 എതിരിടുന്നു എന്നാണ് വെപ്പ്. എന്നാല്‍ 17 ബിഎച്ച്പി കരുത്തുമായി ഇവയോട് നേരിട്ടൊരങ്കത്തിന് ഹോര്‍ണറ്റിന് സാധിക്കില്ല. 150 സിസി സെഗ്മെന്റില്‍ ഒരു എതിരാളിയാകാന്‍ വില നിലവാരത്തില്‍ ഇനിയും താഴേക്ക് വരേണ്ടിവരും. എന്നാല്‍ എംടിയും ആര്‍വണ്‍ഫൈവും അടങ്ങുന്ന നിരയുടെ അത്രയും വിലയില്ലതാനും. അപ്പോള്‍ ഇതിനിടയില്‍ എവിടെയോ ഒരു പുതുപാത വെട്ടിത്തുറന്നാണ് 2.0 വെര്‍ഷന്‍ എത്തുന്നത്.

ഹോണ്ട ഒരു പുതുമോഡല്‍ അവതരിപ്പിക്കുന്നത് വിപണിക്ക് എന്നും ആവേശമാണ്. ചിലകാര്യങ്ങളില്‍ കമ്പനി നല്‍കുന്ന ഉറപ്പിന് മറ്റാരുതരുന്നതിനേക്കാള്‍ വിശ്വാസ്യതയുണ്ട്. മൂന്ന് വര്‍ഷം വാറണ്ടിയും അതിന് പുറമെ മൂന്നുവര്‍ഷം എക്സ്റ്റന്റഡ് വാറണ്ടിയുമാണ് ഉപഭോക്താവിന് ലഭിക്കുക എന്ന് പറയുമ്പോഴേ തിരിച്ചറിയാം ഹോര്‍ണറ്റില്‍ ഹോണ്ടയ്ക്കുള്ള വിശ്വാസം. എഞ്ചിന്‍ റിഫൈന്‍മെന്റിലും ടൂറിംഗ് കഴിവുകളിലും മൈലേജിലും സംശയമേ വേണ്ട എന്നാണ് ഹോര്‍ണറ്റ് 2.0യെക്കുറിച്ചുള്ള അവസാനവാക്ക്.

Also Read: “കൊവിഡ് നിരുപദ്രവകരം എന്ന് പ്രചരിപ്പിക്കരുത്, സ്വീഡന്‍ മാതൃക കേരളത്തില്‍ വേണ്ട, എട്ട് ഇരട്ടി രോഗികള്‍ ഉണ്ടായാലും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ തയാര്‍”, ജാഗ്രതയോടെ നീങ്ങണമെന്ന് മുഖ്യമന്ത്രി

DONT MISS
Top