വണ്‍പ്ലസ് എന്തുഭാവിച്ചാണ്? നോര്‍ഡിന് പുറമെ നോര്‍ഡ് ലൈറ്റും എത്തിയേക്കും; 20,000 രൂപയില്‍ താഴെ ഒരു വണ്‍പ്ലസ് ഫോണ്‍ പിറക്കും

ഫ്‌ലാഗ് ഷിപ്പ് മോഡലുകള്‍ മാത്രം പുറത്തിറക്കി മുന്നേറിയ കമ്പനിയാണ് വണ്‍പ്ലസ്. പ്രീമിയം വിഭാഗത്തില്‍ ഇന്ത്യയില്‍ സാംസങ്ങിനെയും ഐഫോണിനേയും പിന്തള്ളിയതുമാത്രംമതി ഫോണിന്റെ മികവ് വ്യക്തമാകാന്‍. സ്‌നാപ്ഡ്രാഗന്റെ പുതുപുത്തന്‍ പ്രോസസ്സറുമായി ഏറ്റവും മികച്ച ഡിസ്‌പ്ലേ-ക്യാമറ ഫീച്ചറുകളും, ഡാഷ് ചാര്‍ജ്ജിംഗും (പിന്നീട് വാര്‍പ് ചാര്‍ജ്ജിംഗ് ആയി) ഏറ്റവും കൂടിയ റാം ഒപ്ഷന്‍സുമായി വണ്‍പ്ലസിന്റെ പുതിയ മോഡലുകള്‍ ഇറങ്ങുന്നതും കാത്ത് ഒരുപറ്റം ആരാധകര്‍ കാത്തിരുന്നു.

എന്നാല്‍ പണ്ട് നല്‍കിയ വാഗ്ദാനങ്ങളില്‍നിന്ന് വണ്‍പ്ലസ് അകന്നതോടെ ആരാധകര്‍ അമര്‍ഷം പ്രകടിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. ക്യാമറ പെര്‍ഫോമന്‍സാകട്ടെ ഡിഎക്‌സ്ഒ റേറ്റിംഗിലുംമറ്റും ഏറെ പിന്നിലേക്ക് പോയി. ഐഫോണ്‍ പോലെ ഹെഡ്‌ഫോണ്‍ ജാക്ക് ഇല്ലാതെ ഫോണ്‍ ഇറക്കില്ല എന്നുപറയുകയും അത് പാലിക്കാതെ വരികയും ചെയ്തു. എന്നാല്‍ ഏറ്റവും വലിയ തിരിച്ചടിയായത് വിലയും.

ആദ്യമോഡല്‍ ഇറക്കിയപ്പോള്‍ ഉപഭോക്താക്കള്‍ക്കായി കമ്പനി വാഗ്ദാനം ചെയ്ത കുറഞ്ഞ വില, കൂടുതല്‍ ഫീച്ചര്‍ എന്ന പ്രത്യേകതയും വെള്ളത്തിലായി. വില ഉയര്‍ന്നുയര്‍ന്ന് സാംസങ്ങിന്റെ ഉയര്‍ന്ന മോഡലുകളോട് മത്സരിക്കുന്ന അവസ്ഥവരെ എത്തി കാര്യങ്ങള്‍.

എന്നാല്‍ കുറച്ചുവൈകിയെങ്കിലും വണ്‍പ്ലസ് പ്രായശ്ചിത്തത്തിന്റെ വഴിയിലൂടെ തിരിഞ്ഞുനടക്കുകയാണ് ഇപ്പോള്‍. അതിന്റെ ആദ്യപടിയെന്നോണം വണ്‍പ്ലസ് നോര്‍ഡ് പുറത്തിറക്കുകയാണ്. 25,000 രൂപയില്‍ താഴെയാകും നോര്‍ഡ് എത്തുക എന്ന് ഏകദേശം ഉറപ്പായിരിക്കുന്നു. ഇതില്‍ വണ്‍പ്ലസ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി കരുതിവെച്ചിരിക്കുന്നത് വിസ്മയിപ്പിക്കുന്ന ഒരു ഫീച്ചറാണ്, 5ജി. അതായത് വിപണിയില്‍ ഇറങ്ങുമ്പോള്‍ ലഭ്യമാകുന്നതില്‍വെച്ച് ഏറ്റവും വിലക്കുറവുള്ള 5ജി ഫോണാകും നോര്‍ഡ്. വണ്‍പ്ലസില്‍നിന്ന് അതിന്റെ പഴയ ആരാധകര്‍ പ്രതീക്ഷിക്കുന്ന എല്ലാ കാര്യങ്ങളും ശരിവെക്കുന്ന ഫോണാകും നോര്‍ഡ് എന്നത് ഉറപ്പാണ്.

ഈ സാഹചര്യത്തിലാണ് ഒരു കൈവിട്ട കളിക്ക് വണ്‍പ്ലസ് മുതിരുന്നത്. വണ്‍പ്ലസ് നോര്‍ഡ് ലൈറ്റ് എന്ന മറ്റൊരു ഫോണ്‍ ഇറക്കുക, അതിന് 20,000 രൂപയില്‍ താഴെ വിലയിടുക. പ്രീമിയം ഫോണുകള്‍ മാത്രം പുറത്തിറക്കുന്ന കമ്പനി എന്ന നിലയില്‍നിന്നും ഒരു പിന്നിലേക്ക് പോക്ക്. ഏകദേശം 18,000 രൂപയ്ക്ക് ഒരു വണ്‍പ്ലസ് ഫോണ്‍! സംഗതി സത്യമാണ്. ഒരുപക്ഷേ വണ്‍പ്ലസ് അറോറ എന്ന പേരിലോ വണ്‍പ്ലസ് നോര്‍ഡ് ലൈറ്റ് എന്നപേരിലോ ഫോണ്‍ വിപണിയിലെത്തും.

സ്‌നാപ്ഡ്രാഗണ്‍ 855 പ്ലസ് പ്രോസസ്സറാണ് വണ്‍പ്ലസ് 8 പ്രോയില്‍ കണ്ടത്. എന്നാല്‍ നോര്‍ഡിലേക്കും നോര്‍ഡിന്റെ നിരയിലേക്കും വണ്‍പ്ലസ് തിരിച്ചിറങ്ങുമ്പോള്‍ സ്‌നാപ്ഡ്രാഗണ്‍ 765ജി എന്ന പ്രോസസ്സറാകും ഉണ്ടാവുക. ഇത് 5ജി പിന്തുണയിക്കുന്ന പ്രോസസ്സറാണ് എന്നാതാകും ഏറ്റവും വലിയ പ്രത്യേകത. ക്വാഡ് ക്യാമറ സെറ്റപ്പ് തന്നെയാകും ഫോണിനുള്ളത്. അങ്ങനെ 8 പ്രോ വാങ്ങാന്‍ സാധിക്കാതിരുന്നവര്‍ക്ക് വാങ്ങാം എന്ന് തീരുമാനമെടുക്കാന്‍ പാകത്തിനുള്ള ഒരു മോഡല്‍തന്നെയാകും നോര്‍ഡ് എന്ന് നിസംശയം പറയാം. എന്നാല്‍ നോര്‍ഡ് ലൈറ്റ് എങ്ങനെയാകും എന്നതാണ് ഇപ്പോള്‍ ഉദിക്കുന്ന ആകാംക്ഷ.

വില എത്രതന്നെ താഴേക്കുവന്നാലും ചില കാര്യങ്ങളില്‍ വണ്‍പ്ലസ് വിട്ടുവീഴ്ച്ച ചെയ്യില്ല. ഈ റെയ്ഞ്ചില്‍ വരുന്ന സ്‌നാപ്ഡ്രാഗണ്‍ 720ജി എന്ന പ്രോസസ്സറിനൊപ്പം നില്‍ക്കുന്ന 662 എസ്ഒസി അല്ലെങ്കില്‍ 665 എസ്ഒസി ആയിരിക്കും നോര്‍ഡ് ലൈറ്റില്‍ ഉപയോഗിക്കുക. ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് പിന്തുണയ്ക്കുന്നവയാണ് ഈ പ്രോസസ്സറുകള്‍.

90 ഹെര്‍ട്‌സ് ഡിസ്‌പ്ലേയില്‍നിന്ന് ഒരു കുറവ് വണ്‍പ്ലസ് ഫോണുകളില്‍ പ്രതീക്ഷിക്കുകയേ വേണ്ട. എന്നാല്‍ 30 വാട്ട് ഫാസ്റ്റ് ചാര്‍ജ്ജര്‍ നോര്‍ഡിന് സമാനമായി നോര്‍ഡ് ലൈറ്റില്‍ കാണില്ല. പകരം ഒരു 18 വാട്ട് ചാര്‍ജ്ജറാകും ഫോണിനൊപ്പം വരുന്നതും പിന്തുണയ്ക്കുന്നതും. 48 മെഗാപിക്‌സല്‍ ക്യാമറ എന്നത് കുറയുമോ മാറ്റം വരുമോ എന്നതില്‍ യാതൊരു വിവരവുമില്ല. ക്വാഡ് ക്യാമറ സെറ്റപ്പ് എന്നച് ട്രിപ്പിള്‍ ക്യാമറ സെറ്റപ്പിലേക്ക് മാറും എന്നത് ഉറപ്പാണുതാനും.

വണ്‍പ്ലസ് നോര്‍ഡ് പോലെ നോര്‍ഡ് ലൈറ്റും ‘സര്‍വം നീലമയം’ പിന്തുടരും. ചാര്‍ജ്ജറും ഡാറ്റാ കേബിളും പ്രധാന നിറവും നീല. പ്രീമിയം പായ്ക്കിംഗില്‍ ഫോണ്‍ കയ്യിലെത്തും.

ഈ സെഗ്മെന്റില്‍ വണ്‍പ്ലസിനോട് മത്സരിക്കാന്‍ നിരവധി മോഡലുകളുണ്ട്. ഷവോമിയും മോട്ടോയുമുണ്ട്. വണ്‍പ്ലസിന്റെ സ്വന്തം സഹോദരരായ ഒപ്പോയും വിവോയുമുണ്ട്. പോക്കോയും ഷവോമി പൊടിതട്ടിയെടുത്തിരിക്കുന്നു. 15-20കെ മോഡലുകളില്‍ വണ്‍പ്ലസിനോട് മത്സരിക്കാന്‍ സാംസങ്ങ് ഉള്‍പ്പെടെ രംഗത്തുണ്ട്.

ഈ കിടമത്സരത്തില്‍ ആര് വിജയിക്കും എന്നത് രണ്ടാമത്തെ ചോദ്യം മാത്രമാണ്. പ്രീമിയം ഫോണ്‍ സെഗ്മെന്റില്‍നിന്ന് വണ്‍പ്ലസ് തിരിച്ചിറങ്ങുന്നത് ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഇടിവ് ഉണ്ടാക്കുമോ അതോ ഉയര്‍ച്ചയാണോ ഉണ്ടാക്കുക എന്നാണ് ആദ്യത്തെ ചോദ്യം.

Also Read: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവായേക്കും; അപ്പീലിന് യെമന്‍ കോടതിയുടെ അംഗീകാരം, കോടതിയ്ക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാം

DONT MISS
Top