കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലില്‍ പിഞ്ച്കുഞ്ഞ് മരിച്ച സംഭവം കൊലപാതകം എന്ന് തെളിഞ്ഞു

ഇടുക്കി: ബാങ്ക് ജീവനക്കാരിയായ യുവതി സ്വകാര്യ ഹോസ്റ്റലില്‍ ജന്മം നല്കിയ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ വെളളിയാഴ്ച്ചയാണ് അവിവാഹിതയായ യുവതി കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റല്‍ റൂമില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കട്ടപ്പനയിലെ ഒരു സ്വകാര്യ ബാങ്കില്‍ ജോലി നോക്കിയിരുന്ന യുവതി തന്റെ ഗര്‍ഭാവസ്ഥ മറച്ച് വച്ചാണ് ജോലിക്ക് പോയിരുന്നത്. ഗര്‍ഭിണിയാണെന്ന വിവരം സ്വന്തം വീട്ടുകാരെയോ, ഹോസ്റ്റലിലെ സഹവാസികളെയോ യുവതി അറിയിച്ചിരുന്നില്ല. എന്നാല്‍ പ്രസവശേഷം യുവതി തന്നെ അറിയിച്ചതിനെ തുടര്‍ന്നാണ് വിവരം പുറം ലോകം അറിയുന്നത്. വിവരം അറിഞ്ഞ് ആളുകള്‍ എത്തിയപ്പോഴേക്കും കുഞ്ഞിന്റെ മരണം സംഭവിച്ചിരുന്നു. ആരോഗ്യനില വഷളായിരുന്ന യുവതിയെ ഉടന്‍ തന്നെ നെടുങ്കണ്ടം ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

പ്രസവത്തോടെ കുട്ടി മരിക്കുകയായിരുന്നുവെന്നാണ് പൊലിസിന് നല്‍കിയ മൊഴിയില്‍ യുവതി പറഞ്ഞത്. ശേഷം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് അയച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയെ ഡിസ്ച്ചാര്‍ജിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്യും. കൂടാതെ, യുവതിയുടെ ഗര്‍ഭത്തിനു കാരണക്കാരനായ ആളെ കണ്ടെത്താനുളള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Also Read: തോട് നികത്തി റോഡ്; പി ടി തോമസ് എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

DONT MISS
Top