“എന്റെ കവിത വായിച്ചിട്ട് ചാവാനിരിക്കയല്ലേ ഇവന്മാര്‍”, ചുള്ളിക്കാടിന്റെ രണ്ട് വര്‍ഷം മുമ്പുള്ള വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; ശരാശരി മലയാളിയുടെ കൃമികടി ശീലമെന്ന് ചുള്ളിക്കാട്

സോഷ്യല്‍ മീഡിയയില്‍ മലയാളത്തിന്റെ പ്രിയകവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ രണ്ടുവര്‍ഷം മുമ്പുള്ള വീഡിയോ വൈറലാകുന്നു. ഒരു പുസ്തകോത്സവത്തില്‍ ചുള്ളിക്കാടിനോട് സദസ്സില്‍നിന്ന് ഒരാള്‍ ഒരു ചോദ്യം ചോദിക്കുന്നതും ചുള്ളിക്കാടിന്റെ ഉത്തരവുമാണ് വീഡിയോയിലുള്ളത്. കവിതയില്‍നിന്ന് സിനിമയിലേക്കുള്ള ദൂരം എത്രയാണ്? കവിതയിലേക്ക് ഇനി എന്ന് മടങ്ങിവരും? സിനിമയുടെ കപട ലോകത്തിലേക്ക് മടങ്ങിവന്നുകൂടെ എന്നായിരുന്നു ചോദ്യം.

സൗകര്യമില്ല എന്നുപറഞ്ഞാണ് ചുള്ളിക്കാട് മറുപടി ആരംഭിച്ചത്. “എനിക്ക് തോന്നുന്ന കാര്യമാണ് ഞാന്‍ ചെയ്യുക. മറ്റാരും ആവശ്യപ്പെടുന്ന കാര്യങ്ങളല്ല. ഞാന്‍ എന്റെ ജീവിതമാണ് ജീവിക്കുന്നത്. മറ്റുള്ളവര്‍ പറയുന്ന ജീവിതം ജീവിക്കാന്‍ സൗകര്യമില്ല. ഞാന്‍ ആകെ അരനൂറ്റാണ്ടിനിടക്ക് 140ല്‍ താഴെ കവിതമാത്രമേ എഴുതിയിട്ടുള്ളൂ. എഴുതാന്‍ തോന്നുമ്പോള്‍ എഴുതും. ഞാന്‍ മലയാളത്തിേെലാ മറ്റ് ഭാഷയിലെയോ കവിതാ മത്സരത്തില്‍ എഴുതുന്ന ആളല്ല”, അദ്ദേഹം പറഞ്ഞു.

എന്നാല്‍ തുടര്‍ന്നുവന്ന ചോദ്യവും ഇതുമായി ബന്ധപ്പെട്ടതായിരുന്നു. “അങ്ങയോട് തിരിച്ച് കവിതയിലേക്ക് വരാമോ എന്ന് ചോദിച്ചപ്പോള്‍ മനസില്ല എന്ന് താങ്കള്‍ പറയുന്നു. എന്നാല്‍ കവിത ചൊല്ലിയപ്പോള്‍ താങ്കളുടെ കണ്ഠമിടറിയതും കണ്ണുനിറഞ്ഞതും താങ്കളിലെ കവി ജീവിച്ചിരിക്കുന്നു എന്ന് അഭിമാനത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു”. എന്നാല്‍ ഇതിന് മറുപടി നല്‍കിയപ്പോഴും ചുള്ളിക്കാട് അല്‍പം പ്രകോപിതനായി.

“രണ്ടാഴ്ച്ച മുമ്പാണ് എന്റെ ഒരു കവിത മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നത്. അതിനും രണ്ടാഴ്ച്ച മുമ്പാണ് മറ്റൊരു കവിത മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ അടിച്ചുവന്നത്. ദിവസവും പത്രത്തില്‍ ഞാന്‍ എഴുതിക്കൊണ്ടിരിക്കണോ? എന്റെ കവിത മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ അടിച്ചുവന്ന അതേദിവസം ഞാന്‍ മഹാരാജാസ് കോളെജില്‍ പോയിവരുമ്പോള്‍ ഒരു അധ്യാപകന്‍ എന്നോട് ചോദിച്ചു, ഇപ്പൊ ഒന്നും കാണാറില്ലല്ലോ? വിനയത്തോടെ ഞാന്‍ പറഞ്ഞു, ഞാനിപ്പൊ ആരെയും കാണിക്കാറില്ല സാറേ. എന്താ ചെയ്യുക, ഇതെല്ലാം കള്ളത്തരമാണ്. ഒരു ആത്മാര്‍ഥതയും ഇല്ലാതെയാണ് ഈ ചോദിക്കുന്നത്. ഞാനിത്തരം ചോദ്യങ്ങളെല്ലാം ഒരുപാട് നേരിട്ടിട്ടുള്ള ആളാണ്. അതുകൊണ്ട് ഇങ്ങനെ ചോദിക്കുന്നതില്‍ എനിക്ക് പരിഭവമില്ല. കഴിഞ്ഞതിന്റെ മുന്നത്തെ ആഴ്ച്ചപ്പതിപ്പില്‍ എന്റെ കവിത വായിച്ചിട്ടില്ല എങ്കില്‍ വായിച്ചിട്ടില്ല. അത്രയല്ലേയുള്ളൂ. ഇപ്പൊ ഞാന്‍ എഴുതാത്തത് എന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ എന്തുപറയും? എല്ലാ ആഴ്ച്ചപ്പതിപ്പിലും ഞാന്‍ എഴുതിക്കൊണ്ടിരിക്കണോ?”, ചുള്ളിക്കാട് ചോദിച്ചു. തന്റെ അവസാന കവിതയുംകൂടി വായിച്ചിട്ട് ചാവാനിരിക്കുകയാണ് ഇവന്മാരൊക്കെ എന്നുകൂടി കൂട്ടിച്ചേര്‍ത്ത് അദ്ദേഹം സംസാരം അവസാനിപ്പിച്ചു.

രണ്ടുവര്‍ഷം മുമ്പുണ്ടായ ഈ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയയിലെ നിരവധി ശ്രദ്ധേയ താരങ്ങള്‍ ഇതിനോടകം ഇത് പങ്കുവെച്ചുകഴിഞ്ഞു. വീഡിയോ വൈറലാകുന്നത് ചുള്ളിക്കാടിന്റെ ശ്രദ്ധയില്‍പെടുകയും അദ്ദേഹം ഇതിന് മറുപടി നല്‍കുകയും ചെയ്തു.

രണ്ടുകൊല്ലം മുമ്പ് മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ ഒരാളോട് പറഞ്ഞ മറുപടി ഇന്നലെ സാമൂഹ്യമാധ്യമങ്ങളില്‍ പകര്‍ച്ചവ്യാധിയായത് അറിഞ്ഞുവെന്ന് ചുള്ളിക്കാട് പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു. എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കൂ. അതു നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാന്‍ സഹിച്ചോളാം. എന്റെ പേരില്‍ നിങ്ങളുടെമേല്‍ ചെളി തെറിക്കരുത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: കയ്യിട്ടുവാരാന്‍ കഴിയാത്തതിനാലാണോ ബിജെപിയുടെ നിലപാട് മാറ്റം? നാടിന്റെ വിലപ്പെട്ട സ്വത്ത് വില്‍ക്കുന്നതിനെ എതിര്‍ക്കരുതെന്നാണോ? കെ സുരേന്ദ്രന് മറുപടിയുമായി കടകംപള്ളി

DONT MISS
Top