പള്ളിക്കുമുന്‍വശം കാവിക്കൊടി; അന്വേഷിക്കാന്‍ പോയ കാരവന്‍ ജേണലിസ്റ്റുകള്‍ക്ക് മര്‍ദ്ദനം

ദില്ലി: ദില്ലിയിലെ മുസ്ലീം പള്ളിക്ക് പുറത്ത് കാവിക്കൊടി പ്രത്യക്ഷപ്പെട്ടുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കാരവന്‍ മാഗസിനിലെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം. അയോധ്യയില്‍ രാമ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടന്ന ദിവസം വടക്ക് കിഴക്കന്‍ ദില്ലിയിലെ ഒരു മുസ്ലീം പള്ളിക്ക് മുന്‍വശം കാവിക്കൊടികള്‍ പ്രത്യക്ഷപ്പെട്ടുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഷാഹിദ് തന്ത്രിയേയും പ്രഭിത് സിംഗിനേയും  ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

കാരവന്‍ മാഗസിന്റെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ഹര്‍ത്തോഷ് സിംഗ്‌ ബല്‍ ഈ വിഷയം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. ഉടന്‍തന്നെ കാരവന്‍ വിഷയത്തില്‍ ഔദ്യോഗിക പ്രസ്താവന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി കലാപവുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകളാണ് ഈ ജേണലിസ്റ്റുകള്‍ പുറത്തുകൊണ്ടുവന്നത്. അവയില്‍ പലതും ബിജെപിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതായിരുന്നു.

ജേണലിസ്റ്റുകള്‍ക്കെതിരെ നടന്ന അതിക്രമത്തില്‍ വലിയ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

Also Read: “സൈബര്‍ ആക്രമണത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കും”, ചിലര്‍ക്കെതിരെ അധിക്ഷേപം വരുമ്പോള്‍ അടിയടി എന്നും ചിലര്‍ക്കെതിരെ ഉണ്ടാകുമ്പോള്‍ അത് പാടില്ല എന്ന നിലപാട് പാടില്ലെന്നും മുഖ്യമന്ത്രി

DONT MISS
Top