“സൈബര്‍ ആക്രമണത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കും”, ചിലര്‍ക്കെതിരെ അധിക്ഷേപം വരുമ്പോള്‍ അടിയടി എന്നും ചിലര്‍ക്കെതിരെ ഉണ്ടാകുമ്പോള്‍ അത് പാടില്ല എന്ന നിലപാട് പാടില്ലെന്നും മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്നതിനെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പത്രപ്രവര്‍ത്തക അസോസിയേഷന്‍ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

“വനിതകള്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെ സമൂഹമാധ്യമങ്ങളില്‍ അടക്കം അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ശ്രമം കഴിഞ്ഞ ദിവസം ശ്രദ്ധയില്‍പെടുത്തിയിരുന്നു. അങ്ങത് പരിശോധിച്ചിട്ട് മറുപടി പറയാം എന്നാണ് പറഞ്ഞത്. അത് പരിശോധിച്ചോ? അതിന്റെ ഗൗരവം അങ്ങേയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞോ? ഡിജിപി ഇന്നൊരു അന്വേഷണം പ്രഖ്യാപിച്ചു. അതില്‍ അങ്ങയുടെ പ്രസ് സെക്രട്ടറി നടത്തിയ പരാമര്‍ശം, അല്ലെങ്കില്‍ പ്രസ് സെക്രട്ടറിയും ഇതില്‍ ഉള്‍പ്പെടുമോ?”, ഇങ്ങനെയാണ് മുഖ്യമന്ത്രിക്കുനേരെ ഉയര്‍ന്ന ചോദ്യം.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് വിട്ടിട്ടുണ്ട്. അത്തരത്തിലുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. അത് ആര്‍ക്കെതിരെയായാലും. അതില്‍ ശരിയായ നിലയില്‍ അന്വേഷണം നടക്കട്ടെ. നിങ്ങള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ് വേണ്ടത്. സമൂഹ മാധ്യമങ്ങള്‍ മാത്രമല്ല, മറ്റ് മാധ്യമങ്ങളും അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക എന്നാതാണ് അഭികാമ്യമായ കാര്യം. വ്യാജവാര്‍ത്ത കണ്ടെത്തുന്ന ഒരു കാര്യം പറഞ്ഞല്ലോ. വ്യാജ വാര്‍ത്തകള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്ന ചില കേന്ദ്രങ്ങളുമുണ്ട്. അത്തരം കാര്യങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സംവിധാനം തന്നെ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നല്ല രീതിയിലുള്ള ഫലം സൃഷ്ടിക്കാനാകുമെന്നാണ് തോന്നുന്നത്.

വ്യാജവാര്‍ത്ത ബോധപൂര്‍വം പ്രചരിക്കുന്നത് കണ്ടെത്താന്‍ നടപടി സ്വീകരിക്കും. പൊതുവെ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചില പ്രയാസങ്ങളുണ്ട്. കുറച്ചുകൂടി നിയമപരമായി കരുത്ത് വേണം എന്ന് അഭിപ്രായം വരുന്നുണ്ട്. അതുമായി ബന്ധപ്പെട്ട പൊതു അഭിപ്രായം തേടേണ്ടതുണ്ട്. തെറ്റായി കാര്യങ്ങള്‍ പ്രചരിപ്പിക്കല്‍, ആള്‍മാറാട്ടം തന്നെ നടത്താനുള്ള ശ്രമം ഇതെല്ലാം വരുമ്പോള്‍ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യണം എന്നുതന്നെയാണ് അഭിപ്രായം. അദ്ദേഹം പറഞ്ഞു.

മാധ്യമ മേധാവികളുടെ ചര്‍ച്ചയിലും ഇക്കാര്യം ഉയര്‍ന്നുവരുന്നുണ്ട്. ഇതില്‍ നിയമ ഭേദഗതികളുംകൂടെ ഉയര്‍ന്നുവരുന്നുണ്ട്. ചര്‍ച്ച ചെയ്താണ് തീരുമാനിക്കേണ്ടത്. ചിലര്‍ക്കെതിരെ അധിക്ഷേപം ഉണ്ടാകുമ്പോള്‍ ആ അത് തരക്കേടില്ല, നല്ല കാര്യം, അടിയടിയടി പോട്ടെ പോട്ടെ അങ്ങനെ പൊയ്‌ക്കോട്ടെ എന്ന് പറയുകയും മറ്റ്ചിലര്‍ക്കെതിരെ വരുമ്പോള്‍ ഓ ഇങ്ങനെവന്നോ, എന്താണിത് ഇങ്ങനെ സംഭവിക്കാന്‍ പാടുണ്ടോ എന്നുപറഞ്ഞ് രോഷം കൊള്ളുക. ഈയൊരിരട്ടത്താപ്പ് പാടില്ല. നമ്മളെല്ലാം ഒരേ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കണം. വ്യക്തിപരമായ അധിക്ഷേപം പാടില്ല. ആശയ സംവാദമാകാം. ഇക്കാര്യം വിശദമാക്കിയാണ് മുഖ്യമന്ത്രി പിണറായി പത്രസമ്മേളനം അവസാനിപ്പിച്ചത്.

Also Read: ആദ്യ കൊവിഡ് വാക്‌സിന്‍ പുറത്ത്; ആദ്യ ഡോസ്‌ പുടിന്റെ മകള്‍ക്ക്

DONT MISS
Top