കരിപ്പൂര്‍ വിമാനാപകടം: അവസാന നിമിഷത്തിലും ആശങ്കയോ അപായമോ സൂചിപ്പിക്കാതെ പൈലറ്റുമാര്‍

കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റുമാരില്‍ ഒരാള്‍ അവസാനമായി എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി നടത്തിയ ആശയവിനിമയത്തിലും അപകടത്തിന്റെയോ ആശങ്കയുടെയോ സൂചനയൊന്നും ഇല്ലായിരുന്നുവെന്ന് ആഭ്യന്തര വ്യോമയാന ഉദ്യോഗസ്ഥര്‍. റണ്‍വേയില്‍ അടുക്കുമ്പോള്‍ സാധാരണയായി നടക്കുന്ന ആശയവിനിമയം മാത്രമാണ് അവസാനമായും ഉണ്ടായതെന്ന് ആഭ്യന്തര വ്യോമയാന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രധാന പൈലറ്റ് ആണോ സഹപൈലറ്റ് ആണോ സംസാരിച്ചതെന്നു തിരിച്ചറിയാനായിട്ടില്ല.

കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ മൂലം കാഴ്ചയ്ക്കു മങ്ങലുള്ള സമയത്ത് സജ്ജമാക്കുന്ന ‘ഇന്‍സ്ട്രമെന്റ് ലാന്‍ഡിങ്’ സംവിധാനമാണ് ഒരുക്കിയിരുന്നത്. പൈലറ്റ്, ‘ലാന്‍ഡിങ് ക്ലിയറന്‍സ്’ ആവശ്യപ്പെടുകയും അനുമതി നല്‍കിയ ശേഷം കാഴ്ചശേഷി, ഉപരിതലം, കാറ്റിന്റെ വേഗം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പൈലറ്റിനു കൈമാറിയെന്നും അത് അവര്‍ സ്വീകരിച്ചെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൈലറ്റിന്റെ ശബ്ദത്തില്‍ സമ്മര്‍ദമോ സംശയമോ ഉണ്ടായതായി അനുഭവപ്പെട്ടില്ലെന്നും അല്ലെങ്കില്‍ അത് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ തിരിച്ചറിയുമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ റണ്‍വേയില്‍നിന്നു തെന്നി താഴേക്കു പതിച്ച വിമാനം നിമിഷങ്ങള്‍ക്കുളളില്‍ മൂന്ന് കഷ്ണമാകുകയായിരുന്നു. 18 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ രണ്ടു പൈലറ്റുമാരും ഉള്‍പ്പെട്ടിരുന്നു.

Also Read: ഇന്ന് സംസ്ഥാനത്ത് 1,417 പേര്‍ക്ക് കൊവിഡ്; 1,242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

വിമാന അപകടങ്ങളില്‍ എല്ലായ്‌പ്പോഴും അവസാനമായി നടക്കുന്ന ആശയവിനിമയമാണ് അന്വേഷണത്തില്‍ നിര്‍ണായകമാകുന്നത്. എന്നാല്‍ സാധാരണമട്ടില്‍ നടന്ന ഈ ആശയവിനിമയം കരിപ്പൂര്‍ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് അപകടത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴും അപകടത്തിന്റെ തീവ്രത പരിഗണിക്കുമ്പോള്‍ മരണസംഖ്യ കുറഞ്ഞത് ഭാഗ്യമാണെന്നും, നാട്ടുകാരുടെയും രക്ഷാപ്രവര്‍ത്തകരുടെയും സമയോചിതമായ ഇടപെടല്‍ മരണസംഖ്യ കുറയ്ക്കാന്‍ കാരണമായെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതിനിടെ സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചയാണ് കരിപ്പൂര്‍ വിമാനാപകടത്തിന് കാരണമായതെന്ന വാദങ്ങള്‍ സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ഹര്‍ദീപ് പുരി തള്ളിക്കളഞ്ഞു. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിലവിലുണ്ടെന്ന്, വിമര്‍ശനങ്ങള്‍ക്കു മറുപടിയായി ഹര്‍ദീപ് പുരി വ്യക്തമാക്കി. ഐസിഎഒ മാര്‍ഗനിര്‍ദേശപ്രകാരമുള്ള റീസ അഥവാ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ കരിപ്പൂരിലുണ്ടെന്നും മന്ത്രി ട്വീറ്റ് ചെയ്തു. വിമാനങ്ങളുടെ നിയന്ത്രണം കൈവിട്ടു പോകുന്ന വേളയില്‍ സുരക്ഷയൊരുക്കുന്ന സംവിധാനമായ ‘എന്‍ജിനീയര്‍ഡ് മെറ്റീരിയല്‍ അറസ്റ്റര്‍ സിസ്റ്റം’ (ഇഎംഎഎസ്) സ്ഥാപിക്കണമെന്ന സുരക്ഷാസമിതിയുടെ ശുപാര്‍ശയും എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ പരിഗണിച്ചിരുന്നുവെന്നും എന്നാല്‍ റണ്‍വേ അവസാനിക്കുന്നിടത്ത് സുരക്ഷാമേഖല വിപുലീകരിച്ച് കൂടുതല്‍ ജാഗ്രതയൊരുക്കാനാണ് തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Also Read: ഡോ.കഫീല്‍ ഖാനെ തടങ്കലില്‍ നിന്നും 15 ദിവസത്തിനുള്ളില്‍ മോചിപ്പിക്കാന്‍ കഴിയുമോ ഇല്ലയോ? സുപ്രിം കോടതിയുടെ ചോദ്യം

DONT MISS
Top