ഇന്ന് സംസ്ഥാനത്ത് 1,417 പേര്‍ക്ക് കൊവിഡ്; 1,242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ഇന്ന് സംസ്ഥാനത്ത് 1,417 പേര്‍ക്ക് കൊവിഡ്. 1,242 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഉറവിടമറിയാത്ത 105 പേരുണ്ട്. 62 പേര്‍ വിദേശത്തുനിന്നും എത്തി. 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തി. 36 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്ക് രോഗം ബാധിച്ചു. അഞ്ച് കൊവിഡ് മരണവും ഇന്ന് സംഭവിച്ചു.

എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നു.

കോട്ടയം ജില്ലയില്‍ അതിരമ്പുഴ, ഏറ്റുമാനൂര്‍ മേഖലയില്‍ കൊവിഡ് ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റുമാനൂര്‍ ക്ലസ്റ്ററിന്റെ ഭാഗമായ അതിരമ്പുഴ പ്രത്യേക ക്ലസ്റ്ററാക്കും.

എറണാകളത്ത് ഫോര്‍ട്ട് കൊച്ചി ക്ലസ്റ്ററില്‍ രോഗവ്യാപനം തുടരുന്നു. വ്യവസായ ശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന മാര്‍ക്കറ്റുകള്‍ മാര്‍ഗനിര്‍ദ്ദേശം പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കും.

കോഴിക്കോട് ഒരു വീട്ടില്‍ത്തന്നെ അഞ്ച് പേര്‍ രോഗികളായ 24 പേര്‍ കോര്‍പ്പറേഷന്‍ പരിധിയിലുണ്ട്. പുറത്തുപോകുന്നവര്‍ കൊവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെയും പാസ് ഇല്ലാതെയും വരുന്ന തൊഴിലാളികളെ മത്സ്യബന്ധനത്തിന് അനുവദിക്കില്ല. കോഴിക്കോട് ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റി. രോഗികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി ഡയാലിസിസ് വാര്‍ഡിലേക്ക് ആശുപത്രിക്കുള്ളില്‍നിന്നുള്ള പ്രവേശനം അടച്ചു.

കാസര്‍ഗോഡ് ബീച്ച് ക്ലസ്റ്ററുമായി ബന്ധപ്പെട്ട രോഗബാധ വര്‍ദ്ധിക്കുകയാണ്. ഇതുവരെയായി 128 പേര്‍ക്കാണ് ബീച്ച് ക്ലസ്റ്ററില്‍ രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുമായി ചേര്‍ന്ന് പൊലീസ് നടത്തുന്ന കോണ്‍ടാക്ട് ട്രെയ്‌സിംഗിനോട് പൊതുസഹകരണമുണ്ട്. തിരുവനന്തപുരം ആലപ്പുഴ മലപ്പുറം ജില്ലകളില്‍ പൊലീസ് നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കും.

മാസ്‌ക് ധരിക്കാതെ പിടിയിലായവരുടെ ഡാറ്റാബാങ്ക് തയാറാക്കും. രണ്ടാമതും ഈ കാര്യത്തില്‍ പിടിക്കപ്പെട്ടാല്‍ 2,000 രൂപ പിഴ ഈടാക്കും. ക്വാറന്റീന്‍ ലംഘിച്ച 10 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

കാലവര്‍ഷ മഴ വരും ദിവസങ്ങളില്‍ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഓഗസ്റ്റ് 13ന് മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ അത് കേരളത്തെ ബാധിക്കില്ല എന്നാണ് വിലയിരുത്തല്‍.

നദികളിലെ ജലനിരപ്പ് അപടകനിലയില്‍നിന്ന് താഴ്ന്നിട്ടുണ്ട്. എല്ലായിടത്തും സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ മാറിവരുന്നുണ്ട്. മഴ ശക്തിപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ പ്രത്യേക ഇടപെടലിന് നിര്‍ദ്ദേശം നല്‍കി. കൊവിഡ് ക്വാറന്റീനിലുള്ളവര്‍ക്ക് പ്രത്യേകം ക്യാമ്പുകള്‍ തയാറാക്കും.

ക്യാമ്പുകളില്‍നിന്ന് മടങ്ങുന്നവര്‍ നിര്‍ദ്ദേശങ്ങളെല്ലാം പാലിക്കണം.

രാജമല പെട്ടിമുടിയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 52 ആയി.

പരിസ്ഥിതി ആഘാത വിജ്ഞാപനം ദൂരവ്യാപക പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നത്. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തി മാത്രമേ തീരുമാനത്തില്‍ എത്താവൂ. സംസ്ഥാനത്തിന്റെ പ്രത്യേക കാര്യങ്ങളും പരിഗണിച്ച് ചില കാര്യങ്ങളില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ഹെക്ടറിന് മുകളില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അനുമതി ആവശ്യമായി വരണം. രണ്ട് ഹെക്ടറിന് താഴെയുള്ളവര്‍ക്കായി നിലവിലുള്ള നിയമങ്ങള്‍ തുടരും.

ചെറുകിട പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിന് മുമ്പ് വിശദമായ പരിശോധന നല്‍കുന്ന സംവിധാനമായിരുന്നു പാരിസ്ഥിതികാഘാത പഠന സമിതി. ഇവയെ കരട് വിജ്ഞാപനത്തില്‍നിന്ന് ഒഴിവാക്കി.

കൊവിഡ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അത് ലോകമൊന്നാകെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇതിനെ കയ്യുംകെട്ടി നോക്കിനില്‍ക്കാനല്ല സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ നിക്ഷേപവും തൊഴിലവസരങ്ങളും കൊണ്ടുവരും.ബിസിനസ് അന്തരീക്ഷം അനായാസമാക്കാന്‍ രൂപം നല്‍കിയ കെ സ്വിഫ്റ്റിലേക്ക് സംരംഭകര്‍ പൊതു അപേക്ഷാഫോമില്‍ അപേക്ഷകള്‍ അയച്ചാല്‍ മതി. എല്ലാ അനുമതികള്‍ക്കുള്ള അപേക്ഷയും കെ സ്വിഫ്റ്റില്‍ ഉള്ളതിനാല്‍ കാലതാമസം ഒഴിവാക്കാം. തിരുവനന്തപുരമാണ് കെ സ്വിഫ്റ്റ് വഴി ഏറ്റവും കൂടുതല്‍ എംഎസ്എംഇ അപേക്ഷകള്‍ വന്ന ജില്ല.

നിലവില്‍ ഓണ്‍ലൈന്‍ സംവിധാനമില്ലാത്ത വകുപ്പുകളേയും ബന്ധിപ്പിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില വകുപ്പുകളെ കെ സ്വിഫ്റ്റിന്റെ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തും.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. വ്യവസായങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്ന ആവശ്യമുയര്‍ന്നു. കൊവിഡ് സാഹചര്യത്തില്‍ ഇതിലേക്ക് എടുത്തുചാടാനാകില്ല. ആവശ്യമായ സഹായം സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. കൊവിഡ്-പ്രളയ സാഹചര്യത്തില്‍ സര്‍ക്കാറിനോട് സഹകരിക്കണം എന്ന സര്‍ക്കാറിന്റെ ആവശ്യം അവരും അനുഭാവപൂര്‍വം എടുത്തു.

സീറോ അക്കാദമിക് വര്‍ഷം ആക്കാനുളള കാര്യങ്ങള്‍ പരിശോധിക്കും. പഠനവും പരീക്ഷയും ഒഴിവാക്കുന്നതാണ് സീറോ അക്കാദമിക് വര്‍ഷം. പല യൂണിവേഴ്‌സിറ്റികളും ഓണ്‍ലൈന്‍ വഴിയാണ് അവസാന സെമസ്റ്റര്‍ പൂര്‍ത്തീകരിച്ചത്.

സര്‍ക്കാറിന്റെ മുന്‍ഗണന സുരക്ഷയും വിദ്യാഭ്യാസവുമാണ്. സുരക്ഷയ്ക്കാണ് ആദ്യ മുന്‍ഗണന. എല്ലായിടത്തും ഓണ്‍ലൈന്‍ ക്ലാസുകള്‍ റഗുലര്‍ ക്ലാസുകള്‍ പോലെയാണ് എടുക്കുന്നത്. വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ടെന്ന് അധ്യാപകരും അധ്യാപകര്‍ പങ്കെടുക്കുന്നുണ്ടെന്ന് ഡയറക്ടര്‍മാരും ഉറപ്പുവരുത്തണം.

ഓണത്തിന് 88 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ അടങ്ങുന്ന കിറ്റ് നല്‍കും. കിറ്റ് തയാറാക്കിവരുന്നു. പ്രളയത്തെ തുടര്‍ന്ന് സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള തടസം മറികടന്നാണ് കിറ്റുകള്‍ തയാറാക്കുന്നത്. സപ്ലൈക്കോ വിവിധ കടകളില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ പായ്ക്ക് ചെയ്താണ് കിറ്റുകള്‍ തയാറാക്കുന്നത്. 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുകളുണ്ട്.

ചെല്ലാനത്ത് ദുരിതം അനുഭവിക്കുന്നവര്‍ക്കായി പൊലീസ് ശേഖരിച്ചു നല്‍കിയ ഭക്ഷണപ്പൊതിയും നൂറ് രൂപയും വെച്ച് മേരി സെബാസ്റ്റ്യന്‍ കാണിച്ചത് മാതൃകയാണ്. നിഷ്‌കപടമായ ഇത്തരം പ്രവര്‍ത്തികള്‍ നമുക്ക് പ്രചോദനമാകും.

പ്രതിരോധം തകര്‍ക്കുക എന്ന ദുഷ്ടലാക്കോടെ ചിലര്‍ ഇടപെട്ടിട്ടുണ്ട്. കക്ഷി രാഷ്ട്രീയത്തിനതീതമായി ഇതില്‍ ഇങ്ങനെ ഇടപെട്ടിട്ടുണ്ട്. ഭാഗ്യവശാല്‍ അതെല്ലാം ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. അടുത്ത ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരെ ഒഴിവാക്കി പൊലീസിനെ നിയോഗിച്ചു എന്നാണ് വന്ന ഒരു ആക്ഷേപം. കടുത്ത ജോലിഭാരം അനുഭവിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ ആദ്യംമുതലേ പൊലീസ് കൂടെയുണ്ട്. പൊലീസിന് കൂടുതല്‍ കാര്യക്ഷമമായി അത് ചെയ്യാന്‍ സാധിക്കുമെന്ന് മാത്രം. അത് എല്ലാവര്‍ക്കും മനസിലായി.

കൊവിഡ് തടയുന്നതില്‍ കേരളം പരാജയപ്പെട്ടു എന്നാണ് മറ്റൊരു ആരോപണം. വസ്തുതകള്‍ നേരത്തെ വ്യക്തമാക്കിയതാണ്. അത് ഇനിയും ആവര്‍ത്തിക്കേണ്ടതില്ല. രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. സാധാരണ നിലയില്‍ അങ്ങനെയുള്ള സംസ്ഥാനത്ത് ഏറെ മരണമുണ്ടാകും. നമുക്ക് അത് പിടിച്ചുനിര്‍ത്താന്‍ സാധിച്ചു എന്നുമാത്രമല്ല മരണനിരക്ക് രാജ്യത്ത് ഏറ്റവും കുറവും കേരളത്തിലാണ്.

ടെസ്റ്റ് റിസല്‍റ്റ് നെഗറ്റീവായാല്‍ മാത്രമേ കേരളം വീട്ടിലേക്ക് വിടൂ. ബാക്കി എല്ലായിടത്തും പരിധോക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി വിടും. അവിടെ റിക്കവറി റേറ്റ് അവിടെ കൂടുതല്‍ ഉണ്ടാകും. കാരണങ്ങള്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും കുറഞ്ഞാലും വീട്ടില്‍ അയയ്ക്കുകയാണ്. അത്തരം റിക്കവറിയാണോ നമുക്ക് വേണ്ടത്? അത് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍തന്നെ നോക്കേണ്ടതാണ്. റിക്കവറി റേറ്റ് നോക്കിയാലും ഇന്ത്യയില്‍ ആദ്യ നാല്‍ സ്ഥാനത്തുണ്ട്. പ്രതിദിന പരിശോധന 25,000 വരെ കടക്കുന്നു. എന്നിട്ടും പറയുകയാണ് രാഷ്ട്രീയ നേട്ടത്തിനാണ് പരിശോധന കുറയ്ക്കുന്നത്. പ്രതിപക്ഷ നേതാവും ഈ ആരോപണം ഉന്നയിക്കുന്നു.

ആകെ പരിശോധന 9 ലക്ഷം കടന്നു. ലക്ഷക്കണക്കിന് പരിശോധന ഒരുമിച്ച് നടത്തിയാല്‍ കാര്യങ്ങള്‍ ശരിയാകും എന്നാണ് ഒരു വിഭാഗം വിചാരിക്കുന്നത്. രോഗമില്ലാത്ത ലക്ഷങ്ങളെ ഒരുമിച്ച് പരിശോധിച്ച് കയ്യിലുള്ള കിറ്റുകള്‍ തീര്‍ക്കണമെന്നാണ് ചിലര്‍ പറയുന്നത്. ബഹുഭൂരിപക്ഷം ആളുകളെയും ഒറ്റയടിക്ക് പരിശോധിച്ചാല്‍ അവര്‍ക്കുപിന്നെ രോഗം വരില്ല എന്നുണ്ടോ?

വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ പുനരുപയോഗിക്കുന്നതിനുള്ള നടപടികള്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ കേരളം അതിലേക്കും കടന്നിട്ടില്ല. ഒരിക്കല്‍ ഉപയോഗിച്ചത് പിന്നീട് ഉപയോഗിക്കാറില്ല.

Also Read: ആദ്യ കൊവിഡ് വാക്‌സിന്‍ പുറത്ത്; ആദ്യ ഡോസ്‌ പുടിന്റെ മകള്‍ക്ക്

DONT MISS
Top