പാലക്കാട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ദുരവസ്ഥ; ഓണ്‍ലൈന്‍ ക്ലാസുകള്‍ മാറ്റിവെച്ചില്ല, പുനരധിവാസ പദ്ധതി എങ്ങുമെത്തിയില്ല

പാലക്കാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ദുരവസ്ഥക്ക് മാറ്റമില്ല. കഴിഞ്ഞ രണ്ട് വര്‍ഷവും ക്യാമ്പുകളില്‍ കഴിഞ്ഞവരാണ് ഇത്തവണ ക്യാമ്പില്‍ എത്തിയവരില്‍ കൂടുതലും. പുനരധിവാസത്തിനായുള്ള വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ടെങ്കിലും പലര്‍ക്കും ഇതുവരെ വാസയോഗ്യമായൊരു വീട് ലഭിച്ചിട്ടില്ല. നിലവില്‍ ജില്ലയില്‍ 13 ക്യാമ്പുകളിലായി 443 പേരാണ് കഴിയുന്നത്.

കാലവര്‍ഷം കനത്തതോടെ ജനവാസ യോഗ്യമല്ലാത്തതും പ്രകൃതി ഭീഷണി ഉയര്‍ത്തുന്നിടത്തും ഉള്ള ആളുകളെ ഇതിനകം തന്നെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. പ്രശ്‌ന സാധ്യത മേഖലകളില്‍ നിന്നും കൂടുതല്‍ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്ന നടപടിയും പുരോഗമിക്കുകയാണ്. ഇവരില്‍ ഏറെപ്പേരും കഴിഞ്ഞ മൂന്നു വര്‍ഷമായി മഴ കനക്കുമ്പോള്‍ ക്യാമ്പുകളെ ആശ്രയിക്കേണ്ടി വരുന്നവരാണ്. ചിലര്‍ പ്രളയ അടിയന്തര ധനസഹായം പോലും ലഭിക്കാത്തവരും.

Also Read: ലോക്ഡൗണിലിരുന്നും മൈലാഞ്ചി ചോപ്പില്‍ തിളങ്ങുന്നവര്‍!

ക്യാമ്പുകളില്‍ ഇവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ സൗകര്യങ്ങള്‍ എല്ലാം സജ്ജമാണ്. എന്നാല്‍ വര്‍ഷാവര്‍ഷം മഴ കനക്കുമ്പോള്‍ വീടും കുടിയും ഉപേക്ഷിച്ചു കൈകുഞ്ഞുങ്ങളെ വരെ തോളിലേന്തി ക്യാമ്പിലെത്തുന്ന അവസ്ഥക്ക് ഒരുമാറ്റവും ഇല്ല.

റീ ബില്‍ഡ് കേരളയിലും ആദിവാസി പുനരധിവാസ പദ്ധതിയിലും ഉള്‍പ്പെടെ ഇടം പിടിച്ചവര്‍ ആണിവര്‍. പേപ്പറുകളില്‍ നടപടി പുരോഗമിക്കുന്നുണ്ടെങ്കിലും വീട് വെക്കാന്‍ യോജ്യമായ സ്ഥലം മാത്രമേ കണ്ടെത്തിയിട്ടുള്ളു. ഇതുവരെയും സ്ഥലം കണ്ടു പിടിച്ചിട്ടില്ലാത്തവരും ഉണ്ട് കൂട്ടത്തില്‍.

സംസ്ഥാനത്ത് കാലവര്‍ഷം കലി അടങ്ങാതെ പെയ്യുമ്പോഴും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെക്കാത്തത് ക്യാമ്പില്‍ കഴിയുന്ന കുട്ടികളെയും ബുദ്ധിമുട്ടിലാക്കുന്നു. കാഞ്ഞിരപ്പുഴ പുളിക്കല്‍ ഗവണ്മെന്റ് സ്‌കൂള്‍ ക്യാമ്പില്‍ താമസിക്കുന്ന വെള്ളത്തോട് അംബേദ്കര്‍ കോളനിയിലെ 38 കുടുംബങ്ങളുടെയും ദാറുല്‍ ഫര്‍ഖാന്‍ ഗേള്‍സ് ഹോം ക്യാമ്പില്‍ താമസിക്കുന്ന പലവളവ് കോളനിയിലെ 16 കുടുംബങ്ങളുടെയും ദാരുണാവസ്ഥ ആണിത്. ഈ ദുരവസ്ഥ ഇവര്‍ക്ക് മാത്രമല്ല, ഇന്ന് ക്യാമ്പുകളില്‍ കഴിയുന്ന മിക്കവരുടെയും കഥ ഇങ്ങനെയാണ്.

Also Read: ആദ്യ കൊവിഡ് വാക്‌സിന്‍ പുറത്ത്; ആദ്യ ഡോസ്‌ പുടിന്റെ മകള്‍ക്ക്

DONT MISS
Top