വന്യമൃഗങ്ങളുടെ ഉപദ്രവം രൂക്ഷം; ആറളത്ത് നാട്ടുകാര്‍ വനപാലകരെ തടഞ്ഞ് പ്രതിഷേധിച്ചു

കണ്ണൂര്‍ ആറളം പഞ്ചായത്തിലെ വട്ടപ്പറപ്പില്‍ നാട്ടുകാര്‍ വനപാലകരെ തടഞ്ഞ് പ്രതിഷേധിച്ചു. നിരന്തരമായി കാട്ടാനകള്‍ പ്രദേശത്തെ കൃഷികള്‍ നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ആന ഇറങ്ങി കൃഷി നശിപ്പിച്ച സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് നാട്ടുകാര്‍ തടഞ്ഞത്.

പ്രദേശത്ത് ഇന്നലെ വൈകുന്നേരം നാലു മണിയോടുകൂടിയാണ് കാട്ടാനയെത്തി വീണ്ടും കര്‍ഷകരുടെ കൃഷികള്‍ നശിപ്പിച്ചത്. ജനവാസ പ്രദേശങ്ങളിലാണ് ഇപ്പോള്‍ തുടര്‍ച്ചയായി കാട്ടാനകള്‍ എത്തുന്നത്. പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. വീട്ടുമുറ്റങ്ങളില്‍ വരെ ആനകള്‍ പ്രവേശിക്കുന്നുണ്ട്. തുടര്‍ച്ചയായി മൂന്നാമത്തെ തവണയാണ് ആനകള്‍ എത്തി കൃഷി നശിപ്പിച്ചിരിക്കുന്നത്.

പ്രശ്‌നത്തില്‍ ശാശ്വതമായ പരിഹാര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്ത് അധികൃതരെയും വനം വകുപ്പ് ജീവനക്കാരെയും തടഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ആനമതില്‍ നിര്‍മിക്കുകയും, നഷ്ട്ടം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം. കാട്ടാന കൃഷി നശിപ്പിച്ച സ്ഥലം സന്ദര്‍ശിക്കാനെത്തിയ ആറളം പഞ്ചായത്ത് മെമ്പര്‍ ഷിജി നെടുപ്പറമ്പില്‍ ഉള്‍പ്പെടെയുള്ള വനപാലകരെയാണ് തടഞ്ഞത്.

2019 അവസാനം വരെയുള്ള നാശനഷ്ടങ്ങള്‍ക്കുള്ള ധനസഹായം നല്‍കാമെന്ന ആറളം റേഞ്ച് ഓഫീസറുടെ ഉറപ്പിന്‍മേലാണ് നാട്ടുകാര്‍ പിരിഞ്ഞ് പോയത്. എന്നാല്‍ തുച്ഛമായ ധനസഹായം മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്ന് സമരക്കാര്‍ പറഞ്ഞു.

Also Read: വിനോദമേഖലയെ ഞെട്ടിച്ച് ഐശ്വര്യ ഷീരണ്‍; മുന്‍ മിസ്സ് ഇന്ത്യ ഫൈനലിസ്റ്റി‌ന് സിവില്‍ സര്‍വീസ് റാങ്ക്

DONT MISS
Top