“കൊവിഡിനെതിരെ കുട്ടികള്‍ക്ക് പ്രതിരോധശേഷിയുണ്ട്”; ട്രംപിന്റെ വാസ്തവവിരുദ്ധമായ പോസ്റ്റ് നീക്കം ചെയ്ത് ഫേസ്ബുക്കും ട്വിറ്ററും

കൊവിഡ് മഹാമാരി സംബന്ധിച്ച വാസ്തവവിരുദ്ധമായ സന്ദേശങ്ങള്‍ അടങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വീഡിയോ ‘ടീം ട്രംപ്’ ഔദ്യോഗിക പ്രൊഫൈലില്‍ നിന്നുള്‍പ്പെടെ നീക്കം ചെയ്ത് ഫേസ്ബുക്കും ട്വിറ്ററും. അമേരിക്കയില്‍ ഉടന്‍ സ്‌കൂള്‍ തുറക്കാനുള്ള നീക്കത്തിന് ന്യായീകരണമായി ട്രംപ് പറഞ്ഞ വാസ്തവവിരുദ്ധമായ പ്രസ്താവനകള്‍ അടങ്ങിയ വീഡിയോയാണ് സൈബര്‍ ഇടങ്ങളില്‍ നിന്ന് നീക്കിയത്. കുട്ടികള്‍ക്ക് കൊവിഡ് വൈറസിനെതിരെ ഉയര്‍ന്ന പ്രതിരോധശേഷിയുണ്ടെന്നായിരുന്നു ഫോക്‌സ്‌ന്യൂസ് അഭിമുഖത്തിലെ ട്രംപിന്റെ വിവാദ പ്രസ്താവന. ഫോക്‌സ് ന്യൂസ് അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളടങ്ങിയ വീഡിയോ ട്രംപിന്റെ വിവിധ പേജുകളില്‍ പ്രചരിക്കപ്പെട്ടതോടെയാണ് ഫേസ്ബുക്കും ട്വിറ്ററും വീഡിയോ നീക്കംചെയ്തത്.

പ്രായഭേദമന്യെ എല്ലാവരും കൊവിഡ് വൈറസിനെതിരെ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ലോകം മുഴുവന്‍ പ്രചരണം നടത്തുന്ന വേളയില്‍ ട്രംപിന്റെ പ്രസ്താവനകള്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്നായിരുന്നു ഫേസ്ബുക്കിന്റേയും ട്വിറ്ററിന്റേയും വിശദീകരണം.

Also Read:- അഭിഭാഷകര്‍, എഴുത്തുകാര്‍, രാഷ്ട്രീയ നേതാക്കള്‍, വിദ്യാര്‍ഥികള്‍, കലാകാരന്മാര്‍.. പ്രിയപ്പെട്ടവര്‍ക്കായുള്ള കാത്തിരിപ്പില്‍ കശ്മീര്‍ ജനത; ഭരണകൂടഭീകരതയെ അപലപിച്ച് ബിബിസി

ഇതാദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദേശം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സുരക്ഷാപ്രശ്‌നങ്ങള്‍ മൂലം നീക്കംചെയ്യുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് കൊവിഡ് പകരില്ലെന്ന് താന്‍ ഉദ്ദേശിച്ചില്ലെന്നും,  മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ക്ക് വളരെ വേഗത്തില്‍ രോഗത്തെ അതിജീവിക്കാനാകുമെന്നും കുട്ടികളിലെ മരണനിരക്ക് കുറവാണെന്നുമാണ് താന്‍ പറയാന്‍ ശ്രമിച്ചതെന്നുമായിരുന്നു ട്രംപിന്റെ വിശദീകരണം.

കുട്ടികളിലെ മരണനിരക്കും കൊവിഡ് രോഗം മൂര്‍ച്ഛിക്കുന്നതിന്റെ തോതും മുതിര്‍ന്നവരെ അപേക്ഷിച്ച് കുറവാണെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കണ്ടെത്തിയിരുന്നു. ട്രംപിനോട് സമൂഹമാധ്യമപ്ലാറ്റ്‌ഫോമുകള്‍ പക്ഷാഭേദം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞത് വസ്തുതയാണെന്നും ‘ടീം ട്രംപ്’ ട്വിറ്റര്‍ അകൗണ്ട് കൈകാര്യം ചെയ്യുന്ന വിദഗ്ധര്‍ പ്രതികരിച്ചു.

അമേരിക്കയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിത്തന്നെ തുടരുമ്പോഴും ബിസിനസ് സ്ഥാപനങ്ങളും സ്‌കൂളുകളും ഉടന്‍ തുറന്ന്പ്രവര്‍ത്തിക്കാനുള്ള ട്രംപിന്റെ ആഹ്വാനത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

Also Read:- വിവാഹാഭ്യര്‍ത്ഥന നടത്തി വീട് കത്തി; പ്രണയിനിയെ ലഭിക്കാന്‍ ‘കനത്ത വില’ നല്‍കി കാമുകന്‍

DONT MISS
Top