കോഴിക്കോട് ജില്ലയിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

കോഴിക്കോട് ജില്ലയിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. അടുത്ത മൂന്ന് ദിവസം കൂടി ഓറഞ്ച് അലേര്‍ട്ട് നിലവിലുണ്ടാകും. കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

അതിതീവ്രമഴക്കുള്ള സാധ്യതയില്ലെങ്കിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണവിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയിലുണ്ടായിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചെങ്കിലും അടുത്ത മൂന്ന് ദിവസം കൂടി ഓറഞ്ച് അലേര്‍ട്ട് തുടരും. മലപ്പുറത്ത് നാളെ റെഡ് അലേര്‍ട്ടുണ്ട്. വയനാട് കണ്ണൂര്‍ ജില്ലകളിലും ഓറഞ്ഞ് അലേര്‍ട്ടാണ്. കോഴിക്കോടിന്റെ മലയോര മേഖലകളിലെ ഇന്നലെ മുതല്‍ പെയ്ത മഴ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ദുരിതമായി മാറി.

ചാലിയാറിലും ചാലിപ്പുഴയിലും കുറ്റ്യാടി പുഴയിലും ജല നിരപ്പ് ഉയര്‍ന്നതോടെ തോണികളിലായി പ്രദേശങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ബന്ധുവീടുകളിലേക്ക് മാറ്റാനാണ് ശ്രമിച്ചത്. മഴ കനത്താല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗദിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

ഇന്നും നാളെയും പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതല്‍ 5.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ടെന്നുള്ള മുന്നിറിയിപ്പ് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം നല്‍കിയിട്ടുണ്ട്. മലയോരങ്ങളിലെ പോലെ തീരദേശവും ആശങ്കയിലേക്കാണ് നീങ്ങുന്നത്.

Also Read: വിനോദമേഖലയെ ഞെട്ടിച്ച് ഐശ്വര്യ ഷീരണ്‍; മുന്‍ മിസ്സ് ഇന്ത്യ ഫൈനലിസ്റ്റി‌ന് സിവില്‍ സര്‍വീസ് റാങ്ക്

DONT MISS
Top