സ്വപ്‌ന സുരേഷ് വ്യാജ പരാതി നല്‍കി കുടുക്കാന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട സംഘം വ്യാജ ലൈംഗിക പരാതി നല്‍കി കുടുക്കാന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കമ്പനിക്കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍എസ് സിബുവിനെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

സ്വപ്‌ന സുരേഷ് എയര്‍ഇന്ത്യ സാറ്റ്‌സ് എച്ച്ആര്‍ മാനേജര്‍ ആയിരിക്കെയാണ് ലൈംഗിക പരാതി നല്‍കി ഗ്രൗണ്ട് സര്‍വ്വീസ് വിഭാഗം ഉദ്യോഗസ്ഥനായിരുന്ന എല്‍എസ് സിബുവിനെ കുടുക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെ സിബു നടത്തിയ നിയമപോരാട്ടത്തില്‍ പരാതി വ്യാജമെന്ന് തെളിഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ സ്വപ്‌നയും എയര്‍ഇന്ത്യാ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോ ജേക്കബും പ്രതികളാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് സിബുവിന്റെ സസ്‌പെന്‍ഷന്‍ എന്നത് ദുരൂഹത ഉയര്‍ത്തുന്നു. എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവച്ചു എന്നാണ് സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം, സിബു മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ലെന്നതിനാല്‍ എയര്‍ ഇന്ത്യയുടെ നടപടി നിയമവിരുദ്ധമാണെന്ന് നിമയവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2016 ലാണ് 17 വനിതാ ജീവനക്കാരുടെ പേരില്‍ സിബുവിനെതിരെ വിമാനത്താവള ഡയറക്ടര്‍ക്ക് വ്യാജ പീഡന പരാതി നല്‍കിയത്. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് എതിരായതോടെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റി. തുടര്‍ന്ന് സിബു നല്‍കിയ പരാതിയില്‍ ആരോപണം വ്യാജമെന്ന് കണ്ടെത്തുകയും ബിനോ ജേക്കബിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുക്കുകയും ചെയ്തു.

എയര്‍ ഇന്ത്യാ സാറ്റ്‌സിലെ സാമ്പത്തിക ക്രമക്കേടുകളും തട്ടിപ്പുകളും സംബന്ധിച്ച് പരാതി ഉന്നയിച്ചതാണ് സിബുവിനെ കുടുക്കാന്‍ കാരണമെന്നാണ് എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ 2017 ജൂലൈയില്‍ ബിനോ ജേക്കബിനെ കുറ്റകൃത്യവുമായി ബന്ധപ്പെടുത്തുന്ന ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിനെതിരെ സിബു നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.

Also Read; വിവാഹാഭ്യര്‍ത്ഥന നടത്തി വീട് കത്തി; പ്രണയിനിയെ ലഭിക്കാന്‍ ‘കനത്ത വില’ നല്‍കി കാമുകന്‍

DONT MISS
Top