സ്വപ്നത്തെ പിന്തുടരാന്‍ പ്രേരിപ്പിച്ച് സിവില്‍ സര്‍വീസ് വിജയികള്‍; ആദ്യ നൂറില്‍ 10 മലയാളികളും

സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരന്‍ പ്രദീപ് സിംഗ് വിജയനിമിഷം ആഘോഷിച്ച് കുടുംബത്തോടൊപ്പം

ദില്ലി: 2019ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലങ്ങള്‍ യുപിഎസ്‌സി പ്രഖ്യാപിച്ചു. പ്രദീപ് സിങ്ങ്, ജെയിന്‍ കിഷോര്‍, പ്രതിഭ വര്‍മ്മ എന്നിവര്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍. ആദ്യ നൂറു റാങ്കുകളില്‍ 10 മലയാളികളും ഉള്‍പ്പെടുന്നു.

ആദ്യമൂന്ന് റാങ്കുകാരായ പ്രദീപ് സിംഗ്, ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ്മ എന്നിവര്‍ ഉദ്യോഗസ്ഥരായിരിക്കെയാണ് തിളക്കമാര്‍ന്ന വിജയം കൈപ്പിടിയിലൊതുക്കിയത്. പ്രദീപ് സിംഗ് ഹരിയാനയില്‍ നിന്നും കിഷോര്‍ ദില്ലി സ്വദേശിയും, പ്രതിഭ വര്‍മ്മ ഉത്തര്‍പ്രദേശില്‍ നിന്നുമാണ്.

ഇത്തവണത്തെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ ഒന്നാം സ്ഥാനത്തെത്തിയ പ്രദീപ് സിംഗ് ഐആര്‍എസ് ഉദ്യോഗസ്ഥനായിരിക്കെയാണ് ആഗ്രഹിച്ച വിജയം നേടിയെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ യുപിഎസ്‌സി പരീക്ഷയില്‍ 260ാം റാങ്കിലാണ് സിംഗ് ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ പരിശീലനത്തിനായ് തിരഞ്ഞെടുക്കപ്പെട്ടത്. ജോലിയുടെ ആവശ്യങ്ങളും മത്സരപരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകളുമൊക്കെയായി താന്‍ പാടുപെടുകയാണെന്ന് തോന്നിയപ്പോഴെല്ലാം പിതാവാണ് ശ്രമങ്ങള്‍ തുടരാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രദീപ് സിംഗ് പറയുന്നു. സോണിപട്ട് എന്ന കൊച്ചുഗ്രാമത്തിലെ കര്‍ഷകന്റെ മകനായ 29 കാരന്‍ നാലാമത്തെ ശ്രമത്തിലാണ് ഒന്നാം സ്ഥാനം നേടുന്നത്.

Also Read: രാമക്ഷേത്രത്തിന് ശിലയിട്ടു; ചടങ്ങുകള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിച്ച് 135 മതനേതാക്കള്‍

ഇന്ത്യന്‍ എക്കണോമിക് സര്‍വീസിന്റെ 2018 ബാച്ച് ഉദ്യോഗസ്ഥനാണ് രണ്ടാം റാങ്കുകാരനായ കിഷോര്‍. അദ്ദേഹം ഇപ്പോള്‍ ഗ്രാമവികസന മന്ത്രാലയത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്നു. സര്‍ക്കാര്‍ സ്‌ക്കൂളിലെ അധ്യാപകദമ്പതികളുടെ നാലു മക്കളില്‍ ഒരാളായ പ്രതിഭ വര്‍മ്മ ഐഐടി ബിരുദധാരിയാണ്. പഠനത്തിനു ശേഷം ഒരു ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനത്തില്‍ രണ്ടു വര്‍ഷത്തോളം ജോലി നോക്കിയ പ്രതിഭ, ഉന്നതഉദ്യോഗസ്ഥര്‍ക്ക് സമൂഹത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടു വരാനാകും എന്നതിന് ദൃക്‌സാക്ഷിയാണ്. ആ കാഴ്ച്ചകളാണ് പ്രതിഭയെ സിവില്‍ സര്‍വീസസ് പരീക്ഷയിലേക്ക് അടുപ്പിച്ചത്.

ജമ്മു കശ്മീരില്‍ നിന്നും 13 പേരാണ് ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടിയത്. യോഗ്യത നേടിയ സ്ഥാനാര്‍ത്ഥികളില്‍ 304 പേര്‍ ജനറല്‍വിഭാഗത്തില്‍ നിന്നുള്ളവരും 78 പേര്‍ പിന്നോക്കസാമ്പത്തിക വിഭാഗത്തില്‍ നിന്നും 251 പേര്‍ ഒബിസിയില്‍ നിന്നും 129 പേര്‍ പട്ടികജാതിക്കാരില്‍ നിന്നും 67 പേര്‍ പട്ടികവര്‍ഗക്കാരില്‍ നിന്നുമാണ്. 93ാം റാങ്ക് നേടി ഫെമിന മിസ്സ് ഇന്ത്യ ഫൈനലിസ്റ്റ് ഐശ്വര്യ ഷീരണും സിവില്‍ സര്‍വീസിലേക്ക് യോഗ്യത നേടിയിരിക്കുന്നു.

അഞ്ചാം റാങ്കുമായി സിഎസ് ജയദേവ്, 36-ാം റാങ്കില്‍ ആര്‍ ശരണ്യ, സഫ്ന നസറുദ്ദീന്‍ 45-ാം റാങ്ക്, ആര്‍ ഐശ്വര്യ 47-ാം റാങ്ക്, അരുണ്‍ എസ് നായര്‍ 55-ാം റാങ്ക്, എസ് പ്രിയങ്ക 68-ാം റാങ്ക്, ബി യശസ്വിനി 71-ാം റാങ്ക്, നിതിന്‍ കെ ബിജു 89-ാം റാങ്ക്, എവി ദേവി നന്ദന 92-ാം റാങ്ക്, പിപി അര്‍ച്ചന 99-ാം റാങ്ക് എന്നിങ്ങനെയാണ് കേരളത്തില്‍ നിന്നുള്ള റാങ്ക്നിലകള്‍.

Also Read: “ഭരണഘടനയുടെ യഥാര്‍ഥരേഖയില്‍ പോലും അയോധ്യ പരാമര്‍ശിക്കപ്പെടുന്നു”, അവകാശവാദവുമായി കേന്ദ്ര നിയമമന്ത്രി

DONT MISS
Top