‘കൊന്നപ്പൂക്കളും മാമ്പഴവും’; മലയാളത്തില്‍ വീണ്ടുമൊരു ഒടിടി റിലീസ്

മലയാള സിനിമയില്‍ വീണ്ടും ഒരു ഒടിടി റിലീസ്. ജയസൂര്യ നായകനായ സൂഫിയും സുജാതയും ഒടിടി റിലീസ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുമുന്‍പേ അഭിലാഷ് എസ് സംവിധാനം ചെയ്ത കൊന്നപ്പൂക്കളും മാമ്പഴവും എന്ന സിനിമ ഓഗസ്റ്റ് 8 ന് മെയിന്‍ സ്ട്രീം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുന്നു. വിപിന്‍ ആറ്റ്‌ലിയുടെ മ്യൂസിക്കല്‍ ചെയര്‍ ആണ് മെയിന്‍ സ്ട്രീം റിലീസ് ചെയ്ത മുന്‍ ചിത്രം. വില്ലജ് ടാക്കീസിന്റെ ബാനറില്‍ നീന ബി നിര്‍മ്മിച്ച ഈ സിനിമ 2019ഇല്‍ തിരുവനന്തപുരത്ത് നടന്ന കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

ടോപ് സിങ്ങര്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ മാസ്റ്റര്‍ ജെയ്ഡന്‍ ഫിലിപ്പാണ് ഇതില്‍ നായകന്‍. ഈ സിനിമയുടെ ഗാനങ്ങളും ട്രൈലെറും ശ്രദ്ധിക്കപ്പെട്ടു. അഭിലാഷ് എസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഈ സിനിമയുടെ ക്യാമറ മാന്‍ ആദര്‍ശ് കുര്യനാണ്. സിനിമകളുടെ ഒടിടി റിലീസ് തടഞ്ഞുകൊണ്ട് ഫിലിം ചേംബറും വിതരണക്കാരും കര്‍ശന നിലപാട് എടുക്കുമ്പോള്‍ പ്രദര്‍ശനം പ്രതിസന്ധി യില്‍ ആയ സിനിമകള്‍ക്ക് ഒടിടി റിലീസ് വലിയ സാധ്യതയാണ്.

കൊന്നപ്പൂക്കളും മാമ്പഴവും ഒടിടി റിലീസ് ചെയ്യുന്നതോടെ ഇനിയും പുതിയ ഒടിടി റിലീസുകള്‍ ഉണ്ടാവുമെന്നത് ഉറപ്പാണ് ഇത് മലയാള സിനിമയില്‍ പുതിയ വിവാദങ്ങള്‍ക്കു വഴി വെക്കും. ഹോട്ട് സ്റ്റാര്‍, ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ് പോലുള്ള ഒടിടി വമ്പന്‍മാര്‍ മലയാള സിനിമക്ക് പ്രാധാന്യം നല്‍കാതെപോകുമ്പോള്‍ പ്രാദേശികമായ വിപണന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ബദല്‍ സൃഷ്ടിക്കുന്നതിലൂടെ വീണ്ടും മലയാള ചലച്ചിത്രവ്യവസായവുംസജീവമാകും.

Also Read: ‘രാജ്യസ്‌നേഹി’കളുടെ തെറിവിളി: ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിവോ പിന്‍വാങ്ങിയേക്കും

DONT MISS
Top