കൊവിഡ് ഡ്യൂട്ടിക്കിടെ ഫയര്‍മാനെതേടിയെത്തിയത് സിവില്‍ സര്‍വീസ് ഫലം

കൊവിഡ് ഡ്യൂട്ടിക്കിടെ ഫയര്‍മാനെ സിവില്‍ സര്‍വ്വീസ് ഫലം തേടിയെത്തി. ഫയര്‍മാന്‍ ആശിഷ് ഇനി മുതല്‍ ഐപിഎസ് റാങ്കില്‍ തിളങ്ങും. എട്ട് വര്‍ഷമായി സംസ്ഥാന അഗ്‌നിശമന സേനാ വിഭാഗത്തില്‍ ഫയര്‍ മാനാണ് ആശിഷ് ദാസ്. കൊല്ലം മുഖത്തല സ്വദേശിയായ ആശിഷിന്റെ സ്വപ്നമായിരുന്നു സിവില്‍ സര്‍വ്വീസ്. 2012 ല്‍ അഗ്‌നിശമന സേനയില്‍ ഫയര്‍മാനായി ജോലി കിട്ടിയെങ്കിലും ആശിഷ് മോഹം കൈവിട്ടില്ല. അഗ്‌നിശമന സേനയിലെ തിരക്കുകള്‍ക്കിടയില്‍ അതിനുവേണ്ടി സമയം കണ്ടെത്തി. ആ പരിശ്രമത്തിനാണ് ഇന്ന് മിന്നും തിളക്കമുണ്ടായത്.

ആശിഷ് 291 ആം റാങ്കോടെയാണ് സിവില്‍ സര്‍വ്വീസ് പാസ്സായത്. കൊവിഡിന്റെ അണുനശീകരണ ജോലികള്‍ക്കിടയിലാണ് ആശിഷിനെ തേടി വിജയ വിവരം എത്തിയത് ഫയര്‍ സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥര്‍ ആഹ്ലാദം പങ്കുവെച്ചു. കേരളത്തിലെ കൊവിഡ് പോരാളികള്‍ക്കായി വിജയം സമര്‍പ്പിക്കുന്നുവെന്ന് ആശിഷ് പറഞ്ഞു.

ഇത് പറയാന്‍ ആശിഷിന് മറ്റാരു കാരണം കൂടിയുണ്ട്. പ്രിയതമ സൂര്യയും കൊവിഡ് പോരാളിയാണ്. വിദേശത്ത് നഴ്‌സായ സൂര്യ അവിടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. സിവില്‍ സര്‍വ്വീസ് നേടിയെങ്കിലും അതിന്റെ നടപടികള്‍ ഉണ്ടാകുന്നതുവരെ ഫയര്‍മാനായി തുടരുമെന്നാണ് ആശിഷ് പറയുന്നത്.

Also Read: “എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ല”, അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ വിശദമാക്കി മന്ത്രി കെകെ ശൈലജ

DONT MISS
Top