ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍: മികച്ച നടന്‍ നിവിന്‍ പോളി, ചിത്രം മൂത്തോന്‍

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം നിവിന്‍ പോളിയ്ക്ക്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനിലെ പ്രകടനത്തിനാണ് പുരസ്‌ക്കാരം. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതും മൂത്തോനാണ്. മികച്ച ബാലതാരത്തിനുള്ള പുരസ്‌ക്കാരവും ചിത്രത്തിലെ സഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദീപുവിന് നല്‍കി. മികച്ച സിനിമ, മികച്ച നടന്‍, മികച്ച സംവിധായകന്‍, മികച്ച ബാലനടന്‍ എന്നീ നാല് വിഭാഗങ്ങളിലേക്കും ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഇവയില്‍ മൂന്നെണ്ണം മൂത്തോന്‍ കരസ്ഥമാക്കി.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ എഡിഷനായാണ് ഇരുപതാമത് എന്‍വൈഐഎഫ്എഫ് ചലചിത്രമേള നടന്നത്.  അസമീസ്, ബംഗാളി, ഹരിയാന്‍വി, ഹിന്ദി, ഇംഗ്ലീഷ്, ലഡാക്കി, മൈഥിലി, മലയാളം, മറാത്തി, നേപ്പാളി, തമിഴ് തുടങ്ങി വിവിധ ഇന്ത്യന്‍ ഭാഷകളിലെ ഫീച്ചര്‍, നോണ്‍-ഫീച്ചര്‍ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും മേളയുടെ ഭാഗമായി. ജൂലൈ 24ന് ആരംഭിച്ച ഓണ്‍ലൈന്‍ ചലച്ചിത്രമേള ഇന്നലെയാണ് സമാപിച്ചത്.

Also Read: “എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ല”, അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ വിശദമാക്കി മന്ത്രി കെകെ ശൈലജ

ഗീത ജെ സംവിധാനം ചെയ്ത ‘റണ്‍ കല്ല്യാണി’ എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് ഗാര്‍ഗി അനന്തന് മികച്ച നടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചു. മൈഥിലി ഭാഷയിലുള്ള ‘ഗമാക് ഘര്‍’ എന്ന ചിത്രം ഒരുക്കിയ അചല്‍ മിശ്രയാണ് മികച്ച സംവിധായകന്‍. സൗരവ് വിഷ്ണു സംവിധാനം ചെയ്ത ‘ടൈലിംഗ് പോണ്ട്’ ആണ് മികച്ച ഡോക്യുമെന്ററി ആയി തെരഞ്ഞെടുക്കപ്പെട്ടത്. എല്ലാ വര്‍ഷവും ഏപ്രില്‍-മെയ് മാസങ്ങളില്‍ മാന്‍ഹട്ടനില്‍ നടക്കുന്ന ചലചിത്രമേള കൊവ്ഡ് 19 കാരണം മാറ്റിവെയ്ക്കുകയായിരുന്നു.

2019 സെപ്റ്റംബറില്‍ ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ അന്തര്‍ദേശീയ പ്രീമിയറിനുശേഷം തിയ്യറ്റര്‍ റിലീസ് നടന്ന മൂത്തോന്‍ വലിയ നിരൂപകശ്രദ്ധ നേടിയിരുന്നു. ലയേഴ്‌സ് ഡയസിനു ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് മൂത്തോന്‍. ലക്ഷദ്വീപും മുംബൈയും പശ്ചാത്തലമാക്കി ഒരുങ്ങിയ ചിത്രത്തില്‍ നിവിന്‍ പോളിയ്ക്കും ദീപുവിനുമൊപ്പം ഷഷാങ്ക് അറോങ്ക, റോഷന്‍ മാത്യു, ശോഭിത ധൂലിപാല, തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Also Read: കോലഞ്ചേരിക്കടുത്ത് പാങ്കോട്ടില്‍ എഴുപത്തിയഞ്ചു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

DONT MISS
Top