സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കായി സമൂഹമാധ്യമനയം രൂപീകരിക്കുന്നു; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് വിലക്ക്

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്(സിഐഎസ്എഫ്) ഉദ്യോഗസ്ഥരുടെ വ്യക്തിഗത സമൂഹമാധ്യമ അക്കൗണ്ടുകളെ സൂക്ഷമായി നിരീക്ഷണത്തിന് വിധേയമാക്കാന്‍ സമൂഹമാധ്യമനയം നിലവില്‍ വരുന്നു. ഇതിന്റെ ഭാഗമായി ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം മുതലായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വ്യക്തിഗത ഐഡി രേഖപ്പെടുത്തി നല്‍കാന്‍ ഉദ്യോഗസ്ഥരോട് മേലുദ്യോഗസ്ഥരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. നയം നിലവില്‍ വരുന്നതോടെ സമൂഹമാധ്യമപ്ലാറ്റ്‌ഫോമുകളില്‍ ഇവര്‍ നടത്തുന്ന ഇടപെടലുകള്‍ സൂക്ഷമായി നിരീക്ഷിക്കപ്പെടും.

പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ചില രഹസ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍കൂടി പരക്കുന്നുവെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന. എന്നാല്‍ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന പോസ്‌റ്റുകളും ഒഴിവാക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന നിര്‍ദേശം.

ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച സോഷ്യല്‍മീഡിയ ഐഡികള്‍ കൂടാതെ വ്യാജഐഡികളിലൂടെ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നത് കണ്ടുപിടിച്ചാലും നടപടിയുണ്ടാകും. പഴയ ഐഡി ഉപേക്ഷിച്ച് പുതിയ ഐഡികള്‍ നിര്‍മ്മിച്ചാല്‍ യഥാസമയം ബന്ധപ്പെട്ടവരെ അറിയിക്കാനുമാണ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം.

സമൂഹമാധ്യമനയത്തിനെതിരെ വിവിധ ഇടങ്ങളില്‍ നിന്നും പ്രതിഷേധമുയരുന്നുണ്ട്. കഠിനമായ ജോലി സമയത്തിന്‌ശേഷം ഉല്ലാസത്തിനായാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതെന്നും അത് സെന്‍സര്‍ ചെയ്യുന്നത് നീതിയുക്തമായ തീരുമാനമല്ലെന്നും പ്രതിഷേധമുയരുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത നിയമനടപടികളോ അച്ചടക്ക നടപടികളോ നേരിടേണ്ടി വരും. ഇതിലും നല്ലത് ഞങ്ങളോട് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കരുതെന്ന് പറയുന്നതായിരുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ ഈ വിധം നിയന്തണം ഏര്‍പ്പെടുത്തിയാല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള താല്‍പ്പര്യംപോലും നശിക്കുമെന്നും ചില ഉദ്യോഗസ്ഥര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു.

Also Read:- ബാലഭാസ്‌കറിന്റെ മരണം: സിബിഐക്ക് മുന്നിലുള്ള 25 സംശയങ്ങള്‍

DONT MISS
Top