“കുതിരക്കച്ചവടത്തില്‍ ഇപ്പോള്‍ എംഎല്‍എമാരുടെ റേറ്റ് ഉയര്‍ന്നിട്ടുണ്ട്”; മോദിക്കെതിരെ പരിഹാസവുമായി അശോക് ഗെഹ്‌ലോട്ട്


രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധി കൂടുതല്‍ കടുക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത ആക്ഷേപവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബിജെപി നേതൃത്വം എംഎല്‍എമാരെ പണം കൊടുത്ത് വാങ്ങുകയാണെന്ന കോണ്‍ഗ്രസിന്റെ മുഖ്യആരോപണം മോദിയെ ലക്ഷ്യംവെച്ച് ഗെഹ്‌ലോട്ട് പരസ്യമായി ആവര്‍ത്തിക്കുകയായിരുന്നു. തന്റെ സംസ്ഥാനത്ത് ഇപ്പോള്‍ കുതിരക്കച്ചവടത്തില്‍ എംഎല്‍എമാര്‍ക്ക് റേറ്റ് കൂടിയതായാണ് താന്‍ മനസിലാക്കുന്നതെന്നും ഈ ‘ഷോ’ ബിജെപി അവസാനിപ്പിക്കണമെന്നുമായിരുന്നു ഗെഹ്‌ലോട്ടിന്റെ മുന്നറിയിപ്പ്.

മുന്‍പ് ഒരു എംഎല്‍എയ്ക്ക് 25 കോടി ആയിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ മുന്‍നിശ്ചയിച്ച ഒരു റേറ്റ് പോലുമില്ലെന്നും ചോദിക്കുന്ന പണം നല്‍കിയാണ് കുതിരക്കച്ചവടമെന്നും ഗെഹ്‌ലോട്ട് ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച സൂചിപ്പിച്ചതിന് തൊട്ട്പിന്നാലെയാണ് മോദിയ്ക്ക് നേരെ വീണ്ടും ഗെഹ്‌ലോട്ടിന്റെ ആക്രമണം. ഈ മാസം 14ന് നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്തുമെന്ന് പരോക്ഷമായി സൂചന നല്‍കിക്കൊണ്ടാണ് രാഷ്ട്രീയപ്രതിസന്ധിക്ക് കാരണം ബിജെപിയാണെന്ന് അദ്ദേഹം ആരോപിച്ചത്. സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാരുടെ പിന്മാറ്റത്തോടെയാണ് രാജസ്ഥാനില്‍ രാഷ്ടീയ പ്രതിസന്ധി രൂപപ്പെടുന്നത്.

അശോക് ഗെഹ്ലോട്ടും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നൂറോളം എംഎല്‍എമാരും ജെയ്‌സല്‍മെര്‍ ക്യാംപിലാണ് നിലവില്‍ കഴിഞ്ഞുവരുന്നത്. രാജസ്ഥാനെ പിന്തുണയ്ക്കില്ലെന്ന് ബിഎസ്പി കൂടി വ്യക്തമാക്കിയതോടെ മന്ത്രിസഭ കൂടുതല്‍ പ്രതിരോധത്തിലാകുകയാണ്.

തങ്ങളുടെ എംഎല്‍എമാരെ ബിജെപി പണംകൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പുകള്‍ക്ക് ലഭിച്ചതായി ഗെഹ്‌ലോട്ട് ക്യാംപിലുള്ളവര്‍ വെളിപ്പെടുത്തിയിരുന്നു. ഗെഹ്‌ലോട്ട് മന്ത്രിസഭയെ താഴെയിറക്കാനായുള്ള ചില ഗൂഢാലോചനകളുടെ ഓഡിയോ ക്ലിപ്പുകള്‍ ലഭിച്ചതായും കോണ്‍ഗ്രസ് അവകാശപ്പെടുന്നു. അതേസമയം സച്ചിന്‍ പൈലറ്റും 19 വിമത എംഎല്‍എമാരും നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

Also Read:- ‘നിങ്ങള്‍ക്ക് ഞങ്ങളെ തടയാനാകില്ല’ കൊവിഡിനൊപ്പം നൈക്കിയുടെ പരസ്യം വൈറല്‍

DONT MISS
Top