സ്ത്രീ ജീവനക്കാരുടെ ശുചിമുറി വൃത്തികേടെന്ന് പരാതി; സ്വയം ജോലി ഏറ്റെടുത്ത് മധ്യപ്രദേശ് മന്ത്രി

ഭോപ്പാല്‍: സര്‍ക്കാര്‍ നിയന്ത്രണത്തിന് കീഴിലുള്ള ഒരു സ്ഥാപനത്തില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് വന്ന മധ്യപ്രദേശ് ഊര്‍ജ്ജ മന്ത്രി പ്രദ്യുമന്‍ സിംഗ് തൊമാര്‍ സ്ത്രീകളുടെ ശുചിമുറി വൃത്തിയാക്കി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഡിവിഷണല്‍ കമ്മീഷണറെ കണ്ടുസംസാരിക്കുക എന്ന ഔദ്യോഗിക ആവശ്യത്തിനായാണ് മന്ത്രി മോത്തി മഹലില്‍ എത്തുന്നത്. സംഭാഷണം പൂര്‍ത്തിയാക്കി ഇറങ്ങുമ്പോഴാണ് ചില സ്ത്രീ ജീവനക്കാര്‍ അദ്ദേഹത്തെ വന്ന്‌ കാണുന്നതും തങ്ങളുടെ ശുചിമുറിയുടെ വൃത്തിയില്ലായ്മയും അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പരാതി ഉന്നയിക്കുന്നതും. പരാതി കേട്ടയുടന്‍ തൊമാര്‍ ശുചിമുറികള്‍ പരിശോധിക്കുകയും വൃത്തികേടായ നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

ഇതിന് പിന്നാലെ ടോയ്‌ലെറ്റ് ക്ലീനറും, ബ്രഷുമെടുത്ത് അദ്ദേഹം തന്നെ ശുചിമുറി വൃത്തിയാക്കാന്‍ തുടങ്ങി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ശുചിമുറികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശുചിമുറികള്‍ ശുദ്ധിയോടെയും വൃത്തിയോടെയും പാലിക്കപ്പെടുന്നുണ്ട് എന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.

Also Read: സംസ്ഥാനത്ത് ഇന്ന് 1,129 പേര്‍ക്ക് കൊവിഡ്‌; 259 പേര്‍ തിരുവനന്തപുരം ജില്ലയിൽ

ഓഫീസുകളില്‍ സ്ത്രീകള്‍ക്കായുള്ള പൊതുസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതു കൂടാതെ ശുചിമുറികള്‍ വൃത്തികേടാക്കിയിടുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ കൈക്കൊള്ളണമെന്നും റെവന്യു വകുപ്പിന്റെ ജോയിന്റ് കമ്മീഷണറോട് തൊമാര്‍ ആവശ്യപ്പെട്ടു.

പൊതുസ്ഥലങ്ങള്‍ എങ്ങനെ വൃത്തിയായും ശുദ്ധിയായും സൂക്ഷിക്കാമെന്ന് തെളിയിക്കാനാണോ, ഉത്തരവാദിത്വപ്പെട്ടവരെ പരിഹസിക്കാനാണോ അദ്ദേഹം ഈ പ്രവൃത്തിക്ക് തുനിഞ്ഞിറങ്ങിയതെന്ന് ഉറപ്പിക്കാറായിട്ടില്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ തനിക്ക് പുത്തരിയല്ലെന്ന് തൊമാര്‍ മുന്‍പും തെളിയിച്ചിട്ടുണ്ട്.

Also Read: ഇന്ത്യക്കൊപ്പം യുഎസിലും ടിക് ടോക് നിരോധിക്കാന്‍ നീക്കം; കടുത്ത തീരുമാനമെടുക്കാനൊരുങ്ങി ട്രംപ്

DONT MISS
Top