‘മൊയ്തീനേ, ആ ചെറീയ സ്പാനറിങ്ങെടുത്തേ’; വെള്ളാനകളുടെ നാട് സിനിമയിലെ റോഡ് റോളര്‍ ലേലത്തില്‍ വിറ്റത് 1.99 ലക്ഷത്തിന്

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘വെള്ളാനകളുടെ നാട്’ എന്ന് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസില്‍ ആദ്യം തെളിയുക ഒരു റോഡ് റോളറില്‍ ഇരിക്കുന്ന കുതിരവട്ടം പപ്പുവിന്റെ ചിത്രമായിരിക്കും. ‘ഇത് ചെര്‍ദ്’ എന്ന് സുലൈമാന്‍ എന്ന പപ്പു വിശേഷിപ്പിച്ച റോഡ് റോളര്‍ ഒരു കാലഘട്ടത്തെ സിനിമാകാഴ്ച്ചകളെക്കുറിച്ചുള്ള മലയാളിയുടെ വലിയ ഗൃഹാതുരതയുടെ തന്നെ ഭാഗമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം പപ്പുവിന്റെ റോഡ് റോളര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കോഴിക്കോട് പിഡബ്ല്യുഡി ഉടമസ്ഥതയിലായിരുന്ന റോഡ് റോളര്‍ ലേലത്തിലൂടെ വില്‍പ്പന നടന്നതാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

1.99 ലക്ഷം രൂപയ്ക്ക് എന്‍എം സലിഹ് എന്ന പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ ആണ് മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ലാത്ത കോമഡി രംഗത്തിലെ ഒരു കഥാപാത്രം കൂടിയായി മാറുന്ന റോഡ്‌റോളര്‍ സ്വന്തമാക്കിയത്. ലേലമവസാനിച്ചശേഷമാണ് താന്‍ സ്വന്തമാക്കിയത് പപ്പുവിലൂടെ പ്രശസ്തമായ റോഡ്‌റോളറാണെന്ന് മനസിലാക്കിയതെന്നും ഇത് അപ്രതീക്ഷിതമായി കൈവന്ന ഭാഗ്യമാണെന്നും സലിഹ് പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെസോപ്പ് ആന്‍ഡ് കമ്പനിയാണ് ഈ റോഡ്‌റോളറിന്റെ നിര്‍മ്മാതാക്കള്‍. 1983 മോഡലിലുള്ള ഈ റോഡ്‌റോളര്‍ മറ്റ് പല പുതിയ മോഡലുകളേയും അപേക്ഷിച്ച് മികച്ചതാണെന്നാണ് സലിഹിന്റെ വിലയിരുത്തല്‍. സാധാരണവിലയേക്കാള്‍ 19,000 രൂപ അധികം കൊടുത്താണ് ഇദ്ദേഹം ഈ വാഹനം സ്വന്തമാക്കുന്നത്. കഴിഞ്ഞ നാല്‌ ദശാബ്ദകാലമായി നൂറകണക്കിന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്.

ഈ റോഡ് റോളര്‍ കേട് വന്നാല്‍ റിപ്പയര്‍ ചെയ്യാന്‍ ‘പണി’യാകുമെന്നാണ് സാലിഹ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോട് സൂചിപ്പിക്കുന്നത്. എന്തായി ശരിയാക്കിയോ എന്ന് ചോദിച്ചാല്‍ “ഇപ്പോ ശരിയാക്കിത്തരാം മൊയ്തീനെ ആ എട്ടിന്റെ സ്പാനര്‍ ഇങ്ങെടുത്തേ” എന്നായിരിക്കും മെക്കാനിക്കിന്റെ പ്രതികരണമെന്ന് സാലിഹ് പറയുന്നു. പിഡബ്ല്യുഡി കോണ്‍ട്രാക്ടറായി മോഹന്‍ലാലും മെക്കാനിക്കായി പപ്പുവും തകര്‍ത്തഭിനയിച്ച ചിത്രത്തിലെ ഈ സീനിന് പകരംവെയ്ക്കാന്‍ മലയാളത്തില്‍ മറ്റ് രംഗങ്ങള്‍ ഒന്നുമില്ലെന്ന് ഏത് സിനിമാപ്രേമിയും സമ്മതിക്കും. ചിത്രത്തിലെ ‘താമരശേരി ചുരം’ എന്ന ഡയലോഗും മലയാളികള്‍ നെഞ്ചേറ്റിയതാണ്. ഈ റോഡ്‌റോളറിന് “ഇത്തിരി കൂടി സ്പീഡ് ഉണ്ടായിരുന്നെങ്കില്‍ ആ രണ്ട് വീട് കൂടി അങ്ങ് തകര്‍ക്കാമായിരുന്നു” എന്ന പപ്പുവിന്റെ ഡയലോഗും കേരളത്തിലെ പല തലമുറകളിലേക്ക് ചിരി പടര്‍ത്തിയിരുന്നു.

Also Read:- നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു

DONT MISS
Top