നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു

ജിതേഷ് കക്കിടിപ്പുറം

നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു. കരള്‍ സംബന്ധിയായ രോഗത്തിന് ദീര്‍ഘകാലമായി ചികിത്സ നടത്തിവന്നിരുന്ന ഇദ്ദേഹത്തിനെ ഇന്ന് പുലര്‍ച്ചെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വാമൊഴിയായി നാട്ടിന്‍പുറത്ത് പ്രചരിച്ചിരുന്ന പാട്ടുകളുടെ മാതൃകയില്‍ സ്വന്തമായി എഴുതിയുണ്ടാക്കിയ ഗാനങ്ങളിലൂടെ മലയാളനാടന്‍പാട്ട് ശാഖയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയ കലാകാരനായിരുന്നു ജിതേഷ് കക്കടിപ്പുറം.

ജിതേഷ് വരികളെഴുതി ഈണമിട്ട ‘കൈതോലപായ വിരിച്ച്’ എന്ന ഗാനം മലയാളികള്‍ നെഞ്ചേറ്റിയിരുന്നെങ്കിലും ഗാനം ചിട്ടപ്പെടുത്തി 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാട്ടിന്റെ സൃഷ്ടാവായ ജിതേഷിനെ ലോകമറിയുന്നത്. 1992 ല്‍ ജിതേഷ് സഹോദരന്റെ മകളുടെ കാതുകുത്ത് ചടങ്ങുമായി ബന്ധപ്പെട്ട് എഴുതിയ ഈ പാട്ട് പിന്നീട് പലരും പലവിധത്തില്‍ രൂപമാറ്റം വരുത്തി നിരവധി വേദികളില്‍ ആലപിച്ചിരുന്നു. ഈ ഗാനം കൂടാതെ ചില ടെലിവിഷന്‍ ഷോകളിലൂടെ ജിതേഷിന്റെ ‘പാലോം പാലോം’ എന്ന ഗാനവും പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. കലാഭവന്‍ മണിയ്ക്ക് ശേഷം വീണ്ടും മലയാള നാടന്‍പാട്ട് ശാഖ പരിപോഷിപ്പിക്കപ്പെട്ടത് ജിതേഷിന്റെ 600ല്‍പ്പരം നാടന്‍പാട്ടുകളിലൂടെയാണ്.

പൊന്നാനി കോഴിപ്പറമ്പില്‍ വീട്ടില്‍ താമിയുടേയും മാളുക്കുട്ടിയമ്മയുടേയും മകനായാണ് ജിതേഷിന്റെ ജനനം. നാടന്‍പാട്ടുകള്‍ കൂടാതെ ലളിത ഗാനങ്ങള്‍, ഉടുക്കകൊട്ടപാട്ട്, നാടകഗാനങ്ങല്‍ എന്നിവയും ജിതേഷ് എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നെടുമുടി വേണുവും സുധീര്‍ കരമനയും അഭിനയിച്ച പന്ത് എന്ന ചിത്രത്തില്‍ ജിതേഷ് പാടി അഭിനയിച്ചിട്ടുണ്ട്. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ വെച്ചുള്ള ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ജിതഷിന്റെ മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് കൂടി വിധേയമാക്കുമെന്നാണ് സൂചന.

Also Read:- സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

DONT MISS
Top