അണ്‍ലോക്ക് മൂന്നാം ഘട്ടവും വന്ദേഭാരത് നാലാം ഘട്ടവും രാജ്യത്ത് ഇന്ന് ആരംഭിക്കുന്നു

പ്രതീകാത്മകചിത്രം

ദില്ലി: അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന് ഇന്ന് രാജ്യത്ത് തുടക്കം. വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടവും ഇന്ന് തുടങ്ങുന്നു. 22 രാജ്യങ്ങളില്‍ നിന്നായി 835 വിമാനങ്ങളാണ് ഈ ഘട്ടത്തില്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. കൂടുതല്‍ സര്‍വ്വീസുകളും യുഎഇയില്‍ നിന്നാണ്. 341 സര്‍വ്വീസുകളാണ് യുഎഇയില്‍ നിന്നുള്ളത്. ഇത്തവണ 219 വിമാനങ്ങളാണ് കൂടുതല്‍ സര്‍വ്വീസുകളുമായി കേരളത്തിലേക്ക് മാത്രമായി ഉള്ളത്. 168 വിമാനങ്ങളാണ് കഴിഞ്ഞ ഘട്ടത്തില്‍ ഉണ്ടായിരുന്നത്. ഇതുവരെ 2.50 ലക്ഷം ഇന്ത്യാക്കാരെ വന്ദേ ഭാരത് ദൗത്യത്തിലൂടെ രാജ്യത്തേക്ക് എത്തിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.

രാത്രി കര്‍ഫ്യു ഇന്ന് മുതല്‍ ഉണ്ടാകില്ല. ഓഗസ്റ്റ് അഞ്ച് മുതല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. കേന്ദ്ര സര്‍ക്കാറിന്റെ ഇളവുകള്‍ ഇത്തരത്തിലാണെങ്കിലും പല നഗരങ്ങളിലും, കണ്ടെയ്ന്‍മെന്റ് സോണുകളിലും ലോക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടാന്‍ മിക്ക സംസ്ഥാനങ്ങളും തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്ത് ജിംനേഷ്യം, യോഗ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ഈ മാസം 5 മുതല്‍ പ്രവര്‍ത്തിക്കാം. കടകള്‍, ഭക്ഷണശാലകള്‍ എന്നിവക്ക് രാത്രിയും തുറന്നിരിക്കാം. അണ്‍ലോക്ക് മൂന്നാം ഘട്ടത്തിലും അടച്ചുതന്നെ ഇടേണ്ടവയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെട്രോ, സ്റ്റേഡിയങ്ങള്‍, തിയേറ്റര്‍, ബാര്‍, ഓഡിറ്റോറിയം, നീന്തല്‍ക്കുളം, പാര്‍ക്ക്, സമ്മേളന ഹാള്‍ തുടങ്ങിയവ പെടുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസ് വന്ദേ ഭാരത് ദൗത്യം വഴി മാത്രമേ സാധ്യമാകൂ. നിയന്ത്രിത മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ സാമൂഹിക അകലവും മറ്റും പാലിച്ച് അനുവദിക്കും.

Also Read: “ഏത് കുളത്തിന്റെ ഏതുവശത്തുകൂടി പോയാലും ചാണകക്കുഴിയില്‍ വീഴില്ല”, സന്ദീപ് വാര്യര്‍ക്ക് എം സ്വരാജിന്റെ മറുപടി

DONT MISS
Top