കുഞ്ഞ് മരിച്ച സംഭവത്തില്‍ മദ്യലഹരിയില്‍ കിടന്നുറങ്ങിയ അമ്മ കുറ്റക്കാരിയല്ലെന്ന് കോടതി

പ്രതീകാത്മക ചിത്രം

മദ്യലഹരിയില്‍ കുഞ്ഞിനൊപ്പം കിടന്നുറങ്ങുകയും തുടര്‍ന്ന് കുഞ്ഞ് ശ്വാസംമുട്ടി മരിക്കുകയും ചെയ്ത സംഭവത്തില്‍ അമ്മ കുറ്റകാരിയല്ലെന്ന് മെരിലാന്‍ഡ് ഹൈക്കോടതി. ബോള്‍ട്ടിമോറിലെ മ്യൂരിയല്‍ മോറിസണ്‍ എന്ന യുവതിയെയാണ് കോടതി കുറ്റവിമുക്തമാക്കിയത്.

ബിയര്‍ കഴിച്ച് മദ്യലഹരിയിലെത്തിയ മോറിസണ്‍ തന്റെ നാലു വയസുകാരിയായ മകള്‍ക്കും നവജാതശിശുവിനുമൊപ്പം കിടന്നുറങ്ങി. രാത്രി കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റി, മുലപ്പാല്‍ കൊടുത്താണ് മോറിസണ്‍ കിടന്നത്. എന്നാല്‍ പുലര്‍ച്ചെ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കുഞ്ഞിന്റെ ചുണ്ടുകള്‍ നീലിച്ചിരുന്നു. അമ്മയുടെ അരികില്‍ ഉറങ്ങുമ്പോള്‍ ശ്വാസംമുട്ടലുണ്ടായ കുഞ്ഞിനെ ശ്രദ്ധിച്ചില്ലെന്ന് കാണിച്ച് 2013 സെപ്റ്റംബറില്‍ മോറിസണിനെ കോടതി ശിക്ഷിച്ചിരുന്നു. 20 വര്‍ഷത്തെ തടവ് ശിക്ഷയായിരുന്നു കോടതി മോറിസണെതിരെ വിധിച്ചത്.

എന്നാല്‍ അമ്മയുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് സമര്‍ഥിക്കാന്‍ ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടികാണിച്ചാണ് മോറിസണിനെ കോടതി വെറുതെ വിട്ടത്. ബിയര്‍ കഴിച്ച് നാലുമാസം പ്രായമുള്ള കുട്ടിയ്‌ക്കൊപ്പം ഒരുമിച്ച് ഉറങ്ങുന്നത് മരണത്തിനോ ഗുരുതരമായ ശാരീരിക ഉപദ്രവത്തിനോ കാരണമാകില്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടിക്ക് അപ്രതീക്ഷിതമായി പരിക്കേറ്റതിന് മാതാപിതാക്കളെ പ്രോസിക്യൂട്ട് ചെയ്യുന്നത് മറ്റ് മാതാപിതാക്കളിലും ആശങ്കയുണ്ടാക്കുമെന്ന് കോടതി വ്യക്തമാക്കി.

Also Read: അതിഥി തൊഴിലാളികളുടെ കുട്ടികളെ തെരുവുനായ ആക്രമിച്ചു

2016ല്‍ നടന്ന മൂന്നുദിവസത്തെ വിചാരണയ്ക്കിടെ 12 ഔണ്‍സ് ബിയറും 40 ഔണ്‍സ് ബോട്ടിലിന്റെ പകുതിയോളം മദ്യവും കഴിച്ചിരുന്നതായി മോറിസണ്‍ പറഞ്ഞിരുന്നു. രാത്രിയില്‍ കിടന്നുറങ്ങമ്പോള്‍ അമ്മ തന്റെ സഹോദരിക്കുമുകളിലൂടെ ഉരുണ്ടിരുന്നുവെന്നും ഇവരുടെ നാലുവയസ്സുകാരിയായ മകള്‍ മൊഴി നല്‍കിയിരുന്നു. കുഞ്ഞുങ്ങള്‍ക്കൊപ്പം കിടന്നുറങ്ങുന്നത് തന്റെ കുടുംബത്തിന്റെ പതിവാണെന്ന് മോറിസണ്‍ കോടതിയില്‍ പറഞ്ഞു.

യുഎസില്‍ പ്രതിവര്‍ഷം കുഞ്ഞുങ്ങള്‍ ഉറക്കത്തല്‍ മരിക്കുന്നതായി ബന്ധപ്പെട്ട് ഏകദേശം 3,500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. മാതാപിതാക്കള്‍ കുഞ്ഞിനൊപ്പം മുറി പങ്കിടണമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. സിഡിസി സര്‍വേ പ്രകാരം യുഎസില്‍ 61.4 ശതമാനം അമ്മമാരും കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നവരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Also Read: ഇന്ന് സംസ്ഥാനത്ത് 1,310 പേര്‍ക്ക് കൊവിഡ്; പുറത്തുവന്നത് ഒന്നര ദിവസത്തെ കണക്ക്

DONT MISS
Top