‘കരിയറോ കുടുംബമോ?’ സ്ത്രീകള്‍ക്ക് മാത്രം നേരിടേണ്ടിവരുന്ന ചോദ്യം ചര്‍ച്ചചെയ്തും, അസാധാരണവ്യക്തിത്വത്തെ അനുഭവവേദ്യമാക്കിയും ‘ശകുന്തളാദേവി’

ഗണിതപ്രശ്‌നങ്ങളേക്കാള്‍ പ്രശ്‌നഭരിതമായ ജീവിത യാഥാര്‍ഥ്യങ്ങളെ അങ്ങേയറ്റം സത്യസന്ധതയോടെ അവതരിപ്പിക്കുന്ന ‘ശകുന്തളാദേവി’ എന്ന ചലച്ചിത്രത്തിന് ആമസോണ്‍ പ്രൈമില്‍ മികച്ച സ്വീകരണം. സ്ത്രീകള്‍ക്ക് കാലങ്ങളായി നേരിടേണ്ടി വരുന്ന ‘കരിയറോ കുടുംബമോ’ എന്ന ചോദ്യത്തിന്റെ അതിര്‍വരമ്പുകളെക്കൂടി ഭേദിക്കുന്ന, ഗണിതശാസ്ത്ര പ്രതിഭ ശകുന്തളാദേവിയുടെ ജീവിതകഥ പറയുന്ന ചിത്രം റിലീസായി ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. ശകുന്തളാദേവിയുടെ മകളുടെ കണ്ണിലൂടെ ശകുന്തള എന്ന അമ്മയിലേക്കും ഗണിതശാസ്ത്ര പ്രതിഭയിലേക്കും കരുത്തുള്ള സ്ത്രീയിലേക്കുമുള്ള നോട്ടമായ ചിത്രം സാധാരണ ബയോപിക്കുകളേക്കാള്‍ സമഗ്രമായി ജീവിതത്തെ അടയാളപ്പെടുത്തുന്നതായാണ് പ്രേക്ഷക പ്രതികരണം. ശകുന്തളാദേവിയുടെ ബൃഹത്തായ ജീവിതാവസ്ഥകള്‍ അസാമാന്യമായ കൈയ്യൊതുക്കത്തോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞ സംവിധായിക അനു മേനോന്റെ കരവിരുതിന് ‘ദി ഗാര്‍ഡിയന്‍’ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ നിന്നും അഭിനന്ദനങ്ങളെത്തുന്നുണ്ട്.

‘മനുഷ്യകമ്പ്യൂട്ടര്‍’ എന്ന്കൂടി വിളിപ്പേരുണ്ടായിരുന്ന ലോകപ്രശസ്തയായ ശകുന്തളദേവി പാഠപുസ്തകങ്ങളിലെ ഒരു ചെറുകോളം മാത്രമായി ഒതുങ്ങിപ്പോയ അവസ്ഥയാണ് പിന്നീട് ഇന്ത്യയിലുണ്ടായത്. ഇത്തരമൊരവസ്ഥയില്‍ ശകുന്തളാദേവി എന്ന അസാധാരണവ്യക്തിത്വത്തെ അര്‍ഹമായ പരിഗണനയോടെ അനുഭവിച്ചറിയാനുള്ള ഒരു അവസരം കൂടിയാണ് ചിത്രം ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. യന്ത്രത്തേക്കാള്‍ ചടുലതയോടെ ചിന്തിക്കുമായിരുന്ന ശകുന്തളാദേവിയുടെ അത്യന്തം മനുഷ്യസഹജമായ വികാരങ്ങളിലേക്കും പ്രതിസന്ധികളിലേക്കും കൂടി ചിത്രം സഞ്ചരിക്കുന്നുണ്ട്. സങ്കീര്‍ണ്ണമായ ഗണിതപ്രശ്‌നങ്ങളേക്കാള്‍ ബുദ്ധിമുട്ടേറിയ ജീവിതപ്രശ്‌നങ്ങളെ ശകുന്തള തന്റെ സഹജമായ ഹ്യൂമര്‍ സെന്‍സുകൊണ്ട് നേരിടുന്നത് സിനിമ രസകരമായി കാഴ്ച്ചപ്പെടുത്തുന്നുണ്ട്.

ആരുടെ കണ്ണിലൂടെയാണ് ശകുന്തളാദേവിയുടെ ജീവിതം ചുരുളഴിയുന്നത് എന്ന് കൃത്യമായി വെളിപ്പെടുത്തിക്കൊണ്ടാണ് സിനിമ മുന്നേറുന്നത്. ശകുന്തളാദേവിയുടെ മകള്‍ അനുപമാ ബാനര്‍ജിയുമായി സംവിധായിക അനുമേനോന്‍ നടത്തിയ ദീര്‍ഘമായ സംഭാഷണങ്ങളാണ് ചിത്രത്തിന് ആധാരം. ‘ഒരു മകളുടെ കണ്ണിലൂടെ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ചത്’ എന്ന് സിനിമ തന്നെ പ്രേക്ഷകനെ അറിയിക്കുന്നുമുണ്ട്. അങ്ങേയറ്റം പ്രശ്‌നഭരിതമായ അമ്മ-മകള്‍ ബന്ധത്തിലുണ്ടാകുന്ന വിടവുകളിലൂടെ ശകുന്തളാദേവിയെ നോക്കിക്കാണാനുള്ള ശ്രമം ചിത്രം സത്യസന്ധമായി നിര്‍വഹിക്കുന്നുണ്ട്.

Also Read:- കലാഭവന്‍ സോബിയുടെ ‘മരണമൊഴി’ പുറത്ത്; അപകടത്തിന് മുന്‍പ് ബാലഭാസ്‌ക്കര്‍ കൊല്ലപ്പെട്ടു

ലിംഗപദവിയുമായി ബന്ധപ്പെട്ട എല്ലാത്തരം വാര്‍പ്പുമാതൃകകളോടും തന്റെ സ്വതസിദ്ധമായ ശൈലികളിലൂടെയും ജീവിത രീതിയിലൂടെയും എതിരിട്ടിരുന്ന ശകുന്തളയെ പൂര്‍ണ്ണമായും ചിത്രത്തില്‍ കാണാം. ഇന്ത്യയില്‍ തന്നെ ആദ്യമായി ഇവിടുത്തെ ക്വീര്‍ വിഭാഗങ്ങളെക്കുറിച്ച് അന്വേഷണങ്ങള്‍ നടന്നത് ശകുന്തളാദേവി എന്ന വ്യക്തിയിലൂടെയാണെന്നതും അധികമാരുമറിയാത്ത മറ്റൊരു ചരിത്രമാണ്. ചെല്ലുന്നിടങ്ങളിലെല്ലാം ശ്രദ്ധയുടെ പ്രഭവകേന്ദ്രമായി മാറിയിരുന്ന അനിതരസാധാരണക്കാരിയായ ഈ സ്ത്രീയുടെ ജീവിതത്തോട് ചിത്രം നീതിപുലര്‍ത്തുന്നത് തന്നെയാണ് പ്രേക്ഷകര്‍ സിനിമ ഇത്രയധികം ഏറ്റെടുക്കാന്‍ കാരണം.

വിദ്യാബാലന്റെ ശകുന്തളാദേവിയായുള്ള പകര്‍ന്നാട്ടമാണ് ചിത്രത്തിന്റെ ഏറ്റവും ശക്തമായ ഘടകം. ശകുന്തളാദേവിയെന്ന വ്യക്തിയുടെ ഭാവങ്ങളും ചലനങ്ങളും വിദ്യ അതേപടി പകര്‍ത്തിയെന്ന് ശകുന്തളാദേവിയോട് അടുപ്പമുള്ളവര്‍ പോലും പറയുന്ന തരത്തിലായിരുന്നു വിദ്യയുടെ പ്രകടനം. കേവലം രൂപസാദൃശ്യം മാത്രമല്ലാതെ ശകുന്തളാദേവിയുടെ ജീവിത്തോടുള്ള ആഭിമുഖ്യം സ്വാഭാവികമായി വിദ്യയിലൂടെ ഒഴുകി വന്നത് അന്താരാഷ്ട്ര മാധ്യമങ്ങളുള്‍പ്പെടെ രേഖപ്പെടുത്തുന്നു. ശകുന്തള ജീവിച്ച സ്ഥലകാലങ്ങളെ വളരെ മികവോടെ ചിത്രീകരിക്കുന്നതിലും സിനിമ വിജയിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

Also Read:- ചൈനയുടെ സഹകരണത്തോടെ യുഎഇ കൊവിഡ് വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍; ഡോസ് സ്വീകരിച്ചവരില്‍ മലയാളിയും

DONT MISS
Top