ഭീകരാക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം; അയോദ്ധ്യ ഭൂമി പൂജയുമായി ബന്ധപ്പെട്ട് ജാഗ്രതാനിര്‍ദ്ദേശം നല്‍കി

അയോദ്ധ്യയിലെ ഭൂമിപൂജയോട് അനുബന്ധിച്ച് ഭീകരാക്രമണമുണ്ടാകുമെന്ന് ദേശീയ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെതുടര്‍ന്ന് അയോദ്ധ്യയില്‍ കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പാക്കിസ്ഥാന്റെ പിന്തുണയുള്ള ചില തീവ്രവാദഗ്രൂപ്പുകള്‍ ആഗസ്റ്റ് അഞ്ചിന് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് ദേശീയ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ചുകൊണ്ട് ദി ട്രിബ്യൂണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ മുതലായ ഭീകരസംഘടനകള്‍ നേതൃത്വം നല്‍കുന്ന ഒരു സംയുക്തആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യവിവരം. ആഗസ്റ്റ് ആദ്യവാരം ജനസാന്ദ്രതയുള്ള ചില പ്രദേശങ്ങളില്‍ മിന്നലാക്രമണങ്ങള്‍ മുന്‍കൂട്ടി കാണണമെന്ന് രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നല്‍കി.

അയോദ്ധ്യയിലെ ഭൂമിപൂജ ചടങ്ങില്‍ സുരക്ഷാവിന്യാസം ശക്തമാക്കാന്‍ പൊലീസിന് അറിയിപ്പ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ക്കുള്ള 370 അനുച്ഛേദം എടുത്തുകളഞ്ഞതിന്റെ ഒരു വര്‍ഷം തികയുന്ന വേളയില്‍ നടത്തപ്പെടുന്ന ഭൂമിപൂജ പല വിഘടനവാദ ഗ്രൂപ്പുകള്‍ ഒരു അവസരമായി കാണാനിയടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 വരെ ഭീകരാക്രമണ സാധ്യത മുന്നില്‍ കാണണമെന്നും മുന്നറിയിപ്പുണ്ട്.

നരേന്ദ്രമോദിയെക്കൂടാതെ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി മുതലായ ബിജെപിയുടേയും ആര്‍എസ്എസിലേയും ഉന്നതര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭൂമിപൂജയുമായി ബന്ധപ്പെട്ട് സേനാവിന്യസം ശക്തമാക്കാനും പ്രവേശനത്തിന് പാസ് ഏര്‍പ്പെടുത്താനും പൊലീസ് ആലോചിച്ചുവരികയാണ്. സമീപപ്രദേശത്തെ ഗസ്റ്റ് ഹൗസുകള്‍, ലോഡ്ജുകള്‍ എന്നിവ ശക്തമായ നിരീക്ഷണത്തിന് വിധേയമാക്കും. കൂടാതെ ഭൂമിപൂജയുമായി ബന്ധപ്പെട്ട് ഡ്രോണ്‍ ക്യാമറകള്‍ വിന്യസിച്ചുകൊണ്ട് നിരീക്ഷണം ശക്തമാക്കാനും പൊലീസ് പദ്ധതിയിടുന്നതായി ഐഎഎന്‍എസ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉത്തര്‍പ്രദേശ്, ദില്ലി, ജമ്മുകശ്മീര്‍ മുതലായ ഇടങ്ങളിലെ പൊലീസ്‌നേതൃത്വത്തിന് കേന്ദ്ര ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

Also Read:- കൃഷ്ണപിള്ള സ്മാരകം പൊളിച്ച കേസിലെ പ്രതികളെ വെറുതെവിട്ടു

DONT MISS
Top